കേന്ദ്ര സാഹിത്യ അക്കാദമിയിലെ രാജി; പ്രധാനമന്ത്രി ഇടപെടുന്നു

Thursday 15 October 2015 12:04 am IST

ന്യൂദല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമിയിലെ ചില അംഗങ്ങള്‍ രാജിവെച്ചതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. കാലങ്ങളായി കേന്ദ്രസാഹിത്യ അക്കാദമിയുടെ ചുമതല നിര്‍വഹിച്ചിരുന്നവരുടെയും അടുത്തിടെ രാജിവെച്ചവരുടെയും വിശദാംശങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച ഫയലുകള്‍ കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയത്തില്‍ നിന്നും പിഎംഒ ഏറ്റുവാങ്ങി. പതിറ്റാണ്ടുകളായി ഒരേവിഭാഗം ആളുകള്‍ തന്നെ മാറിമാറി സ്ഥാനമാനങ്ങള്‍ സ്വന്തമാക്കുകയായിരുന്നെന്ന പരാതിയും പരിശോധിക്കുന്നുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് ബോര്‍ഡ്, ഫൈനാന്‍സ് കമ്മറ്റി, ഉപദേശക സമിതി എന്നിവിടങ്ങളിലെ നിലവിലുള്ള അംഗങ്ങളുടെ വിശദാംശങ്ങളുള്‍പ്പെടെപ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കുകയാണ്. അക്കാദമിയുടെ ഈ പ്രധാന നാലു സമിതികളിലും കാലാകാലങ്ങളായി ഇരുന്നിരുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രസാഹിത്യ അക്കാദമി പുനസംഘടനയുമായി കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയം മുന്നോട്ടു പോകുന്നതിനിടെയാണ് കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗി വധക്കേസ് ഉയര്‍ത്തി ചില സാഹിത്യകാരന്മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വീണ്ടും സാഹിത്യഅക്കാദമി സ്ഥാനങ്ങള്‍ ലഭിക്കില്ലെന്ന് ഉറപ്പായവരാണ് സംഘടിത  പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് സൂചന. കാലാവധി കഴിയുന്ന കമ്മറ്റിയിലെ അംഗങ്ങളാണ് പുതിയ കമ്മറ്റിയുടെ അംഗങ്ങളെ ശുപാര്‍ശ ചെയ്യുന്നത്. ഒരേ വിഭാഗം ആളുകള്‍ മാത്രം സാഹിത്യഅക്കാദമിയുടെ പ്രധാന സ്ഥാനങ്ങള്‍ കൈവശപ്പെടുത്താന്‍ ഇതിടയാക്കിയെന്ന പരാതി കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയിലെ സാമ്പത്തിക കാര്യങ്ങളെപ്പറ്റിയും അവാര്‍ഡുകളും മറ്റു സ്ഥാനമാനങ്ങളും നല്‍കിയിരുന്ന വിധത്തെ പറ്റിയും വിശദമായ അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ടെന്ന് കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. ഫൈനാന്‍സ് കമ്മറ്റിയില്‍ നിന്നും രാജിവെച്ച മലയാളി സാഹിത്യകാരനുള്‍പ്പെടെ പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന അനാവശ്യ ഇടപെടലുകളും പരിശോധിക്കുന്നുണ്ട്. ഒക്‌ടോബര്‍ 23ന് നടക്കുന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ പൊതുയോഗം നിലവില്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിഷയത്തിലെല്ലാം വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് സാസംക്കാരിക മന്ത്രാലയം പിഎംഒയ്ക്ക് നല്‍കിയ വിശദീകരണം.