രഞ്ജി ട്രോഫി; കേരളം ഇന്ന് ഝാര്‍ഖണ്ഡിനെതിരെ

Thursday 15 October 2015 12:23 am IST

പെരിന്തല്‍മണ്ണ (മലപ്പുറം): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണില്‍ കേരളത്തിന്റെ ഹോം മത്സരങ്ങള്‍ക്ക് ഇന്ന് പെരിന്തല്‍മണ്ണയില്‍ തുടക്കം. നാലു മത്സരങ്ങള്‍ക്ക് വേദിയാകുന്ന പെരിന്തല്‍മണ്ണയിലെ ആദ്യ എതിരാളി ഝാര്‍ഖണ്ഡ്. സഞ്ജു സാംസണ്‍ നയിക്കുന്ന ടീം ആദ്യ രണ്ട് മത്സരങ്ങളില്‍ കരുത്തരായ ജമ്മു കശ്മീരിനെയും ഹൈദരാബാദിനെയും ഒന്നാമിന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ സമനില പിടിച്ചു. ആദ്യ ജയം പെരിന്തല്‍മണ്ണയില്‍ കുറിക്കാമെന്ന പ്രതീക്ഷയിലാണ് ടീം. ബാറ്റിങ്ങില്‍, സഞ്ജു, സച്ചിന്‍ ബേബി,  കഴിഞ്ഞ കളിയില്‍ ഇരട്ട ശതകം നേടിയ രോഹന്‍ പ്രേം, വി.എ. ജഗദീഷ്, റൈഫി വിന്‍സന്റ് ഗോമസ് എന്നിവര്‍ ഫോമിലാണ്. കഴിഞ്ഞ കളിയില്‍ പതിനൊന്ന് വിക്കറ്റെടുത്ത കെ.എസ്. മോനിഷ് ബൗളിങ്ങിലെ തുരുപ്പുചീട്ട്. ടീമിന്റെ മുഖ്യപരിശീലകന്‍ പി. ബാലചന്ദ്രന്‍. മുന്‍ ഇന്ത്യന്‍താരം ടിനു യോഹന്നാന്‍ ബൗളിങ് പരിശീലകന്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് രഞ്ജി മത്സരങ്ങള്‍ക്ക് പെരിന്തല്‍മണ്ണ വേദിയാകുന്നത്. ഇതിന് മുന്‍പ് ആറ് രഞ്ജി മത്സരങ്ങള്‍ ഇവിടെ നടന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ടി. മോഹനന്റെ നേതൃത്വത്തിലാണ് പിച്ച് ഒരുക്കിയിട്ടുള്ളത്. ഗ്രൗണ്ടിന് ചുറ്റും അഞ്ചടി ഉയരത്തില്‍ വേലിയും നിര്‍മിച്ചു. ഗ്യാലറിയും പൂര്‍ത്തിയായി. ഇരു ടീമുകളും ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ആദ്യ കളികള്‍ തോറ്റ ഝാര്‍ഖണ്ഡ് ഇവിടെ ജയം ലക്ഷ്യമിട്ടാണ് എത്തുന്നത്. സൗരഭ് തിവാരിയെ പോലുള്ള താരങ്ങളും സന്ദര്‍ശക നിരയിലുണ്ട്. മത്സരം നിയന്ത്രിക്കുന്നത് ബറോഡയില്‍ നിന്നുള്ള സഞ്ചയ് ഹസാരെയും മദ്ധ്യപ്രദേശുകാരന്‍ സഞ്ജീവ് ദുവായുമാണ്. മുന്‍ ഇന്ത്യന്‍താരം പങ്കജ് ധര്‍മ്മാനി മാച്ച് റഫറി. ഡിസംബര്‍ നാല് വരെയാണ് ഇവിടത്തെ മത്സരങ്ങള്‍ ത്രിപുര, സൗരാഷ്ട്ര, ഹിമാചല്‍പ്രദേശ് എന്നിവര്‍ മറ്റ് എതിരാളികള്‍. നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു രഞ്ജി മത്സരമെത്തിയതിന്റെ ആവേശത്തിലാണ് പെരിന്തല്‍മണ്ണയിലെ ക്രിക്കറ്റ് പ്രേമികള്‍. മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് സംഘാടകര്‍ അറിയിച്ചു, ഇന്നു രാവിലെ ഒന്‍പതിന് മന്ത്രി മഞ്ഞളാംകുഴി അലി മത്സരം ഉദ്ഘാടനം ചെയ്യുമെന്ന് കെസിഎ വൈസ് പ്രസിഡന്റ് എസ്. ഹരിദാസ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഷൗക്കത്ത് ഹുസൈന്‍, സെക്രട്ടറി സി. പ്രദീപ്കുമാര്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.