പൂനെയ്ക്ക് ആദ്യ തോല്‍വി

Thursday 15 October 2015 12:29 am IST

പൂനെ: പൂനെ സിറ്റി എഫ്‌സിക്ക് സീസണിലെ ആദ്യ തോല്‍വി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്നലെ ദല്‍ഹി ഡൈനാമോസിനെതിരെ തട്ടകത്തില്‍ പന്തു തട്ടിയ പൂനെ 2-1ന് തോറ്റു. 23-ാം മിനിറ്റില്‍ റോബിന്‍ സിങ്, 90-ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്‌സെയും ദല്‍ഹിക്കായി ഗോള്‍ നേടിയപ്പോള്‍, ഇഞ്ചുറി സമയത്ത് കാലു ഉച്ചെ പൂനെയ്ക്ക് ആശ്വാസം സമ്മാനിച്ചു. സീസണില്‍ ദല്‍ഹിക്കിത് രണ്ടാം ജയം. ആദ്യപകുതിയില്‍ ഡൈനാമോസ് മുന്‍തൂക്കം നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ മേധാവിത്വം പൂനെയ്ക്ക്.  മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ഡൈനാമോസ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ആറ് മാറ്റങ്ങളുമായാണ് ഡേവിഡ് ബ്ലാറ്റ് പൂനെയെ കളത്തിലിറക്കിയത്. റോജര്‍ ജോണ്‍സണ്‍, ഇസ്രയേല്‍ ഗുരുങ്,  ഫനായി ലാല്‍റെംപ്യുയ, ദിദിയര്‍ സകോറ, യെന്‍ഡ്രിക് റ്യുയിസ്, അഡ്രിയാന്‍ മുട്ടു എന്നിവര്‍ക്കു പകരം ഡീഗോ കൊളാട്ടോ, ഗുര്‍മാംഗി സിങ്, ജെയിംസ് ബെയ്‌ലി, ജാക്കിചന്ദ് സിങ്, വെസ്ലി വെര്‍ഹോക്ക്, കാലു ഉച്ചെ എന്നിവര്‍ കളത്തിലിറങ്ങി. ദല്‍ഹി കോച്ച് റോബര്‍ട്ടോ കാര്‍ലോസ് രണ്ട് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. ഗാഡ്‌സെ, പരിക്കിന്റെ പിടിയിലായ സന്‍ജിബന്‍ ഘോഷ് എന്നിവര്‍ക്ക് പകരം റോബിന്‍ സിങ്ങും, ഡൊബ്‌ലാസും കളത്തിലിറങ്ങി. തുടക്കത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറ്റങ്ങള്‍ നടത്തി. കോര്‍ണറിലൂടെയാണ് ദല്‍ഹി ലീഡ് നേടിയത്. മലൂദ എടുത്ത കിക്ക് ബോക്‌സില്‍ നില്‍ക്കുകയായിരുന്ന റോബിന്‍ സിങ് ശക്തമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. ഇതോടെ കളിയില്‍ അവര്‍ ആധിപത്യം നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ വെസ്ലി വെര്‍ഹോക്കിനെ പിന്‍വലിച്ച് തുര്‍ക്കി സ്‌ട്രൈക്കര്‍ ടുണ്‍കെ സാന്‍ലിയെ പൂനെ കളത്തിലിറക്കി. ഇതോടെ അവരുടെ മുന്നേറ്റങ്ങള്‍ മൂര്‍ച്ചയേറിയതോടെ ദല്‍ഹി പ്രതിരോധത്തിന് പിടിപ്പതു പണിയുമായി. 66-ാം ഡൈനാമോസ് മാമയെ പിന്‍വലിച്ച് സ്‌നേഹജിനെയും 72-ാം മിനിറ്റില്‍ പൂനെ ജാക്കിചന്ദിന് പകരം ലിങ്‌ദോയെയും കളത്തിലിറക്കി. ഒരു ഗോള്‍ ജയമെന്നുറപ്പിച്ചിരിക്കെ അവസാന മിനിറ്റിലും ഇഞ്ചുറി സമയത്തും ഓരോ ഗോള്‍ പിറന്നു. വിനിഷ്യസ് ഫെരേരയുടെ പാസില്‍ നിന്ന് റിച്ചാര്‍ഡ് ഗാഡ്‌സെ ദല്‍ഹിയുടെ ലീഡുയര്‍ത്തി. തൊട്ടടുത്ത മിനിറ്റില്‍ ലിങ്‌ദോ നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ കാലു ഉച്ചെ വലയിലെത്തിച്ചതോടെ ഒരു ഗോള്‍ മടക്കിയെന്ന ആശ്വാസത്തില്‍ പൂനെയ്ക്ക് മടക്കം. ഞായറാഴ്ച കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ദല്‍ഹിയുടെ എതിരാളികള്‍.