മീരാജാസ്മിനെതിരെ സംവിധായകന്‍ മനോജ് ആലുങ്കല്‍

Thursday 15 October 2015 1:37 pm IST

കൊച്ചി: നടി മീരാജാസ്മിന്‍ തന്റെ സിനിമയെ കബളിപ്പിച്ചുവെന്നും മീരയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും 'ഇതിനുമപ്പുറം' സിനിമയുടെ സംവിധായകന്‍ മനോജ് ആലുങ്കല്‍. ചിത്രീകരണ സമയത്ത് പതിവായി വൈകിയെത്തിയിരുന്ന മീര ഷൂട്ടിങ്ങിന് സഹകരിക്കുന്നതില്‍ വിമുഖത കാട്ടിയതോടെ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചാണ് താന്‍ സിനിമ പൂര്‍ത്തിയാക്കിയതെന്നും മനോജ് പറഞ്ഞു. പിടിവാശിയും ഈഗോയുമാണ് മീരാജാസ്മിന്. സിനിമയുടെ ക്ലൈമാക്‌സ് അവര്‍ പറയുന്ന രീതിയില്‍ മാറ്റി എടുക്കേണ്ടി വന്നു. ക്ലൈമാക്‌സിലെ മഴ ഒഴിവാക്കണമെന്ന് മീര നിര്‍ബന്ധം പിടിച്ചു. 25 ലക്ഷമായിരുന്നു മീരയുടെ പ്രതിഫലം. സിനിമയുടെ ആദ്യ ഷെഡ്യൂളിന് മുന്‍പ് തന്നെ 15 ലക്ഷം അവര്‍ പറയുന്നിടത്ത് എത്തിച്ചു നല്‍കി. രണ്ടാം ഷെഡ്യൂളില്‍ പ്രതിഫലത്തിന്റെ ബാക്കി 10 ലക്ഷം ദുബൈയില്‍ എത്തിക്കണമെന്ന് വാശി പിടിച്ചു. ഒടുവില്‍ ദുബൈയില്‍ പണം എത്തിച്ച ശേഷമാണ് മീരാജാസ്മിന്‍ അഭിനയിക്കാന്‍ കേരളത്തിലെത്തിയത്. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും പരിപാടികള്‍ക്ക് എത്താനോ സിനിമയ്ക്ക് ഗുണകരമാവുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിക്കാനോ മീര തയ്യാറായിട്ടില്ല. പലതവണ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതുവരെ അവരെ കിട്ടിയില്ല. ഇത് സിനിമയ്ക്ക് വലിയ കോട്ടമുണ്ടാക്കിയെന്നും മനോജ് ആലുങ്കല്‍ പറഞ്ഞു. സംവിധായകന്‍ കമല്‍ മീരയെ കുറിച്ച് പറഞ്ഞതെല്ലാം ശരിയാണെന്ന് ബോധ്യമായി. ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടാണ് തന്റെ ആദ്യ സംവിധാന ചിത്രം 'ഇതിനുമപ്പുറം' ഒരുക്കിയത്. മീരാജാസ്മിനെ മനസില്‍ കണ്ടായിരുന്നു നായിക പ്രാധാന്യമുള്ള ചിത്രമൊരുക്കിയതെന്നും മനോജ് പറഞ്ഞു. 1979-80 കാലഘട്ടങ്ങളിലെ കുട്ടനാടന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. അടുത്തിടെ ഒരു വാരികയിലെഴുതിയ ആത്മകഥയിലൂടെയാണ് സംവിധായകന്‍ കമല്‍ മീരാജാസ്മിനെതിരെ സമാനമായ ആരോപണം ഉന്നയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.