കൃഷ്ണപിള്ള സ്മാരക കേസ് ഐജി ശ്രീജിത് അന്വേഷിക്കും

Thursday 15 October 2015 1:00 am IST

ആലപ്പുഴ: കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപകനേതാവ്  പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഗൂഢാലോചന ഉള്‍പ്പെടെ കേസ് പൂര്‍ണമായി ഈ സംഘം അന്വേഷണ വിധേയമാക്കും. മുന്‍ അന്വേഷണ സംഘത്തിന് അന്വേഷണത്തില്‍ ഏറെ സഹായകമായ മൊഴി നല്‍കിയ സിപിഎം മുതിര്‍ന്ന നേതാവ് ടി. കെ. പളനിയടക്കമുള്ളവരില്‍ നിന്ന് പുതിയ സംഘവും മൊഴിയെടുക്കും. നേരത്തെ നടത്തിയ അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ഡിജിപി മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്കു കൈമാറിയിരുന്നു. സ്മാരകം ആക്രമിച്ചത് സിപിഎം വിഭാഗീയതയുടെ ഭാഗമാണെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസന്വേഷണം ശരിയായ രീതിയില്‍ അല്ല നടത്തിയതെന്നും സിബിഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ടു കേസിലെ ഒന്നാം പ്രതിയും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവുമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍, രണ്ടാം പ്രതിയും സിപിഎം മുന്‍ കണ്ണര്‍കാട് ലോക്കല്‍കമ്മറ്റി സെക്രട്ടറിയുമായ പി. സാബു എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ആവശ്യമാണോ എന്നു തീരുമാനിക്കാന്‍ കോടതി ഡിജിപിക്കു നിര്‍ദേശം നല്‍കിയത്. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനായ കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.