നിലമ്പൂരില്‍ സിപിഎം-കോണ്‍ഗ്രസ്-ജമാഅത്ത് അവിശുദ്ധ കൂട്ടുകെട്ട്

Thursday 15 October 2015 10:59 am IST

നിലമ്പൂര്‍: സിപിഎമ്മിന് നിലവില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിമതശല്യമുള്ള സ്ഥലമാണ് നിലമ്പൂര്‍. ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം വിമതനും മത്സരിക്കുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിലമ്പൂര്‍ നഗരസഭയില്‍ കരപറ്റണമെങ്കില്‍ സിപിഎമ്മിന് ആരുടെയെങ്കിലും കൈതാങ്ങ് അത്യാവശ്യമാണ്. വിമതരെ ഒതുക്കാന്‍ സിപിഎം ഇപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നത് കോണ്‍ഗ്രസിനെയും ജമാഅത്തിനെയുമാണ്. ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കാത്തുകൊണ്ട് തന്നെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. പുതിയൊരു സംഖ്യം രൂപീകരിക്കാതെ സിപിഎമ്മിനും കോണ്‍ഗ്രസിനും നഗരസഭയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാരണം സിപിഎം വിമത വിഭാഗം അധികാരത്തിലേറാന്‍ സാധ്യത ഏറെയാണ്. നിലവിലെ നാല് കൗണ്‍സിലര്‍മാര്‍ വിമതരാണ്. അവരെ അധികാരത്തിലെത്തിക്കാതെ എങ്ങനെയെങ്കിലും തടയുകായെന്നാതാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രധാനലക്ഷ്യം. ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് പി.എം.ബഷീറാണ് വിമതരെ നയിക്കുന്നത്. സിപിഎമ്മിന്റെ ജില്ലാ-സംസ്ഥാന നേതാക്കള്‍ വരെ ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കൂടുതല്‍ രൂക്ഷമാകുകയും ചെയ്തു. 33 ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഔദ്യോഗിക പക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ് വിമതര്‍. കോണ്‍ഗ്രസിന്റെ സ്ഥിതി മോശമാണ്. വിമതരുടെ ഭീഷണി അവര്‍ക്കുമുണ്ട്. മറ്റാര്‍ക്കും അവസരം നല്‍കാത്ത ചില നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ച് നൂറോളം പേര്‍ കോണ്‍ഗ്രസുമായി പിണക്കത്തിലാണ്. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ചില പ്രദേശങ്ങളില്‍ അത്യാവശ്യം സ്വാധീനമുള്ള ജമാഅത്തിനെ കൂടി കൂട്ടുപിടിച്ച് സുരക്ഷിതരാകാനുള്ള ശ്രമത്തിലാണ് സിപിഎമ്മും കോണ്‍ഗ്രസും. അധികാരത്തിനായി എന്ത് നെറികെട്ട രാഷ്ട്രീയ നീക്കത്തിനും ഇവര്‍ തയ്യാറാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിലമ്പൂരിലേത്. വിമതരുടെ ശല്ല്യം കൂടാതെ ബിജെപി വന്‍ശക്തിയായി ഉയരുന്നത് മറ്റൊരു തലവേദനയായിരിക്കുകയാണ്. ഏകദേശം മുപ്പതോളം സീറ്റുകളില്‍ ബിജെപി വിജയിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ പുതിയ സംഖ്യം കൊണ്ട് ബിജെപിയുടെ വോട്ട് തടയുകയെന്നൊരു ലക്ഷ്യം കൂടിയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിരന്തരം അവഗണ ഏറ്റുവാങ്ങുന്ന ഈഴവ, വിശ്വകര്‍മ്മ, നായര്‍ സമുദായങ്ങള്‍ ഇത്തവണ ബിജെപിക്കൊപ്പം അണിനിരക്കാന്‍ തയ്യാറായി കഴിഞ്ഞു. ഇതും ഇരുമുന്നണികളെയും വിമതരെയും പ്രതിസന്ധിയിലാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.