സ്പീക്കര്‍ എന്‍. ശക്തന്‍ ഡ്രൈവറെ കൊണ്ട് ചെരുപ്പഴിപ്പിച്ചു

Thursday 15 October 2015 11:16 am IST

തിരുവനന്തപുരം: സ്പീക്കര്‍ എന്‍ ശക്തന്‍ ഡ്രൈവറെ കൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവം വിവാദമാകുന്നു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികളും സാംസ്‌കാരിക പ്രവര്‍ത്തകരും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് നിയമസഭാ വളപ്പില്‍ സ്പീക്കറും കൃഷിമന്ത്രിയും പങ്കെടുത്ത ചടങ്ങിനിടെയാണ് സംഭവം. കരനെല്‍കൃഷി വിളപ്പെടുപ്പിന് ശേഷമാണ് ഡ്രൈവറെ കൊണ്ട് സ്പീക്കര്‍ ചെരുപ്പഴിപ്പിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം സ്പീക്കര്‍ എന്‍.ശക്തനും കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനനും ചേര്‍ന്നായിരുന്നു നിര്‍വഹിച്ചത്. നെല്‍കൊയ്ത ശേഷം കാലുകൊണ്ട് നെല്ല് ചവിട്ടിമെതിക്കുന്ന സമയത്താണ് സ്പീക്കര്‍ ചെരുപ്പ് ഡ്രൈവറെ കൊണ്ട് അഴിപ്പിച്ചത്. നിയമസഭ സെക്രട്ടറിയും നിയമസഭയിലെ ജീവനക്കാരും ഉള്‍പ്പെടെ കൊയ്ത്ത് വേളയില്‍ സന്നിഹിതരായിരുന്നു. നിയമസഭാ സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത് വളരെ ഗുരുതരമായ പ്രവര്‍ത്തിയാണെന്ന് ബിജെപി നേതാവ് അഡ്വ. വി.വി.രാജേഷ് പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ സംസ്‌കാരം ഇതാണോയെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ വ്യക്തമാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. സ്പീ‍ക്കറുടെ നടപടി പ്രാകൃതവും അധമവുമാണെന്ന് സാഹിത്യകാരി സാറാ ജോസഫ് പ്രതികരിച്ചു. സ്പീക്കര്‍ സ്ഥാനത്തിന്റെ ബഹുമാന്യത കെടുത്തിയ പ്രവര്‍ത്തിയാണ് ശക്തന്റെ ഭാഗത്ത് നിന്നുണ്ടായത്. ഫ്യൂഡല്‍ പ്രഭുക്കന്‍മാരുടെ പ്രവര്‍ത്തിയാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത്. നിയമസഭാ സാമാജികര്‍ക്ക് മാതൃകയാകേണ്ട വ്യക്തിയാണ് സ്പീക്കര്‍. അദ്ദേഹം രാജിവയ്ക്കണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു. സ്പീക്കര്‍ എന്‍.ശക്തന്റെ പേര് ശപ്പന്‍ എന്നാക്കി മാറ്റണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍ പ്രതികരിച്ചു. അധികാരത്തിന്റെ അഹങ്കാരമാണ് സ്പീക്കറുടെ നടപടി. അദ്ദേഹം രാജിവയ്ക്കുകയല്ല ചവിട്ടി പുറത്താക്കുകയാണ് ചെയ്യേണ്ടതെന്നും ജയശങ്കര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.