വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുവര്‍ഷത്തിനുശേഷം യുവാവ് പിടിയില്‍

Thursday 15 October 2015 11:04 am IST

മലപ്പുറം: വീട്ടില്‍ തനിച്ച് താമസിക്കുന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് രണ്ടു വര്‍ഷത്തിനു ശേഷം പിടിയില്‍. മലപ്പുറം ജില്ലയിലെ പുതുപ്പറമ്പ്, ചുടലപ്പാറ പാലപ്പുറ വീട്ടില്‍ പി. അബ്ദുള്‍സലാം എന്ന അന്‍വറാണ്(35) ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗവും മലപ്പുറം ക്രൈംസ്‌ക്വാഡും ചേര്‍ന്നു പിടികൂടിയത്. കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സീത (80) യെ കൊലപ്പെടുത്തിയ കേസിലാണു അബ്ദുള്‍സലാം അറസ്റ്റിലായത്. 2013 ഒക്ടടോബര്‍ 14 -നാണു കേസിനാസ്പദമായ സംഭവം. തനിച്ചു താമസിക്കുന്ന സീതയുടെ സ്വര്‍ണാഭരണങ്ങള്‍ ലക്ഷ്യമാക്കിയാണു അബ്ദുള്‍സലാം കൊലപാതകം നടത്തിയത്. രാത്രിയില്‍ സീതയുടെ വീടിന്റെ ജനലഴി അറുത്തു അബ്ദുള്‍സലാം ഉള്ളില്‍ കയറിയാണ് ഉറക്കത്തിലായിരുന്ന സീതയെ കൊലപ്പെടുത്തിയത്. ശബ്ദം കേട്ടുണര്‍ന്ന സീത സലാമിനെ തിരിച്ചറിഞ്ഞതൊടെ മുളകുപൊടി സീതയുടെ മുഖത്തെറിയുകയായിരുന്നു. തുടര്‍ന്നു കട്ടിലിലേക്കു വീണ സീതയുടെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ മുണ്ടു മുറക്കി അബ്ദുള്‍സലാം കൊലപ്പെടുത്തി. സീത ധരിച്ചിരുന്ന മുക്കുത്തിയും തോടയും കൈക്കലാക്കിയ ശേഷം സലാം അവിടെ നിന്നു പോയി. കോട്ടക്കല്‍ പോലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അബ്ദുള്‍ സലാമിനെ കുറിച്ച് പോലീസിനു സംശയമുണ്ടായിരുന്നു. കൊലപാതകത്തെ തുടര്‍ന്നു സീതയുടെ വീട്ടില്‍ നിന്നുംശേഖരിച്ച വിരലടയാളവും അബ്ദുള്‍സലാമിന്റെ വിരലടയാളവും പോലീസ് പരിശോധിച്ചു. എട്ടുമാസത്തെ അന്വേഷണത്തിനിടെ അബ്ദുള്‍സലാമിനെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ജൂണില്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എസ്.പി: കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഈറോഡില്‍ സലാമുണ്ടെന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റയ്ക്കു രഹസ്യ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ക്രൈംസ്‌ക്വാഡും ക്രൈംബ്രാഞ്ചും ഈറോഡ് റെയില്‍വേ സ്‌റ്റേഷനിലെത്തി അബ്ദുള്‍സലാമിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി എസ്.പി: വേണുഗോപാല്‍ പറഞ്ഞു. സീതയെ കൊലപ്പെടുത്തിയ ശേഷം മോഷ്ടിച്ച സ്വര്‍ണം വിറ്റതില്‍ 1800 രൂപ മാത്രമാണു ലഭിച്ചത്. ഈറോഡിലെ സ്വര്‍ണവ്യാപാരിക്കാണു വിറ്റതെന്നും ചോദ്യം ചെയ്യലില്‍ അബ്ദുള്‍സലാം വ്യക്തമാക്കി. പ്രതിയുടെ പേരില്‍ കൊയിലാണ്ടി, കരിപ്പൂര്‍, പരപ്പനങ്ങാടി എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. മലപ്പുറം ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ ജ്യോതികുമാര്‍, മഞ്ജിത്ത് ലാല്‍, എ.എസ്.ഐ സത്യനാരായണന്‍, സി.ബി.സി.ഐ.ഡി വയനാട് വിഭാഗം ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സുധാകരന്‍ നായര്‍, സുന്ദരന്‍, എ.എസ്.ഐ അനില്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ് ചന്ദ്രന്‍, രാജ്കുമാര്‍, വിനു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രത്യേക സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.