അവാര്‍ഡുകള്‍ മടക്കി നല്‍കുന്നത് മോദിക്കെതിരെ സൃഷ്ടിച്ചെടുത്ത കടലാസ് വിപ്ലവം: ജെയ്റ്റ്‌ലി

Thursday 15 October 2015 7:02 pm IST

ന്യൂദല്‍ഹി: ദാദ്രി സംഭവത്തിന്റെ മറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുകയും അവാര്‍ഡുകള്‍ മടക്കി നല്‍കി വിവാദമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് ചുട്ട മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അവരുടെ പ്രതിഷേധം യഥാര്‍ഥമല്ല, മോദിക്കെതിരെ സൃഷ്ടിച്ചെടുത്ത കടലാസ് വിപ്ലവമാണ്. ഇത് ആദര്‍ശപരമായ അസഹിഷ്ണുത കൂടിയാണ്. ജെയ്റ്റ്‌ലി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത സൃഷ്ടിച്ചെടുത്ത വിപഌവം, രാഷ്ട്രീയം തന്നെ എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ തുറന്നടിക്കുന്നു. ദാദ്രിയില്‍ ഒരാളെ തല്ലിക്കൊന്ന സംഭവത്തിന്റെ പേരില്‍ നിരവധി സാഹിത്യകാരന്മാര്‍ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ മടക്കി നല്‍കുകയാണ്. സൃഷ്ടിച്ചെടുത്ത ഒരു പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാരിനെതിരെ സൃഷ്ടിച്ചെടുത്ത ഒരു കടലാസ് വിപ്ലവമാണിത്. ജെയ്റ്റ്‌ലി എഴുതുന്നു. കോണ്‍ഗ്രസ് മടങ്ങിവരവിന്റെ യാതൊരു സൂചനയും കാണിക്കുന്നില്ല, തികച്ചും അപ്രസക്തമായ ഇടതുപക്ഷത്തിന് നിയമനിര്‍മ്മാണസഭകളിലും ഒരു പ്രാധാന്യവുമില്ലാതായി. അതിനാല്‍ മുന്‍പ് ഇവരുടെ സഹായങ്ങള്‍ അനുഭവിച്ചുവന്നവര്‍ മറ്റുവഴികളിലുള്ള രാഷ്ട്രീയം പയറ്റുകയാണിപ്പോള്‍. എഴുത്തുകാരുടെ നിര്‍മ്മിച്ചെടുത്ത പ്രതിഷേധം ഇത്തരമൊന്നാണ്. ദാദ്രിയില്‍ ഒരു ന്യൂനപക്ഷസമുദായാംഗത്തെ തല്ലിക്കൊന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. ശരിയായി ചിന്തിക്കുന്ന ഒരാള്‍ക്കും ഈ സംഭവത്തെ ന്യായീകരിക്കാന്‍ കഴിയുകയുമില്ല. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കും. ഈ സംഭവത്തെത്തുടര്‍ന്ന് നിരവധി എഴുത്തുകാര്‍ സാഹിത്യ അക്കാദമി നല്‍കിയ അവാര്‍ഡുകള്‍ മടക്കി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാറിനു കീഴില്‍ രാജ്യത്ത് അസഹിഷ്ണുതയുടെ അന്തരീക്ഷം വളരുകയാണെന്ന് വരുത്താനാണ് എഴുത്തുകാരുടെ നീക്കമെന്നുവേണം കരുതാന്‍. ഈ പ്രതിഷേധം യഥാര്‍ഥമാണോ? ഇത് ആദര്‍ശപരമായ അസഹിഷ്ണുതയല്ലേ? മുന്‍കാലത്ത് സര്‍ക്കാര്‍ അംഗീകരിച്ച ധാരാളം ഇടതുപക്ഷ, നെഹ്‌റൂവിയന്‍ ചായ്‌വുള്ള എഴുത്തുകാര്‍ ഉണ്ട്. അവരുടെ വിദ്യാഭ്യാസ (അക്കാദമിക്) യോഗ്യതയെയോ രാഷ്ട്രീയപരമായ പക്ഷപാതം പുലര്‍ത്താനുള്ള അവരുടെ അവകാശത്തെയോ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഇന്നത്തെ പ്രധാനമന്ത്രി മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും ഇവരില്‍ പലരും അദ്ദേഹത്തിന് എതിരെ പറഞ്ഞിരുന്നു. ജെയ്റ്റ്‌ലി തുടര്‍ന്നു. മുന്‍സര്‍ക്കാരുകളുടെ ഉപകാരങ്ങള്‍ ആസ്വദിച്ചിരുന്ന ഇവര്‍ 2014 മെയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, വളരെയേറെ അസ്വസ്ഥരായിരുന്നു. ഭാരതത്തിലെ മറ്റൊരു രാഷ്ട്രീയ യാഥാര്‍ഥ്യം ഇവരുടെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിച്ചു. സമ്പത്തും ഭാഗ്യവും കുറഞ്ഞുവരുന്ന കോണ്‍ഗ്രസ് മടങ്ങിവരവിന്റെ ഒരു സൂചനയും നല്‍കുന്നില്ല. ഇടതുപക്ഷം ഒരറ്റത്തേക്ക് അതിവേഗം തള്ളിമാറ്റപ്പെടുകയുമാണ്. പുതിയ മോദി വിരുദ്ധ, ബിജെപി വിരുദ്ധ തന്ത്രം മെനയുന്ന ഇവര്‍ മറുവഴികളിലുള്ള രാഷ്ട്രീയമാണ് അവലംബിക്കുന്നത്. ഒരു പ്രതിസന്ധി സൃഷ്ടിച്ചെടുക്കുകയും ഇതിന്റെ പേരില്‍ സര്‍ക്കാരിന് എതിരെ കടലാസ് വിപഌവം ഉണ്ടാക്കുകയുമാണ് എളുപ്പവഴി. ഈ സര്‍ക്കാര്‍ അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പള്ളിയാക്രമണങ്ങള്‍ അടക്കം ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുകയാണെന്നായിരുന്നു മാധ്യമറിപ്പോര്‍ട്ടുകള്‍. പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. രാജ്യത്തെ ന്യൂനപക്ഷം അരക്ഷിതരാണെന്നും പ്രചരിപ്പിച്ചു. ഓരോ ആക്രമണവും അന്വേഷിച്ചു. മിക്കവയും മോഷണം, കുപ്പിെയറിഞ്ഞ് ജനാല പൊട്ടിക്കല്‍ എന്നിവ പോലുള്ള ചെറിയ കുറ്റകൃത്യങ്ങളാണെന്നും കണ്ടെത്തി. ദല്‍ഹിയിലും സമീപപ്രദേശങ്ങളിലും നടന്ന ആക്രമണങ്ങളില്‍ ഒന്നുപോലും രാഷ്ട്രീയപരമോ മതപരമോ ആയിരുന്നില്ല. കുറ്റാരോപിതരെ അറസ്റ്റു ചെയ്തു. അവര്‍ നിയമനടപടി നേരിടുകയാണ്. പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ബംഗ്ലാദേശിയാണ്. അന്ന് നടന്ന പ്രതിഷേധങ്ങളില്‍ രണ്ട് കാര്യങ്ങളാണ് ഉന്നയിച്ചിരുന്നത്. ഒന്ന്: ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളാണ് ഇവ. രണ്ട:് പ്രധാനമന്ത്രി ഇതേപ്പറ്റി ഒന്നും പ്രതികരിക്കുന്നില്ല. ഇവയിലെ സത്യം പുറത്തുവന്നതോടെ പ്രചാരണവും പ്രചാരണക്കാരും അപ്രത്യക്ഷമായി. ജെയ്റ്റ്‌ലി തുടര്‍ന്നു. മോദി സര്‍ക്കാരിന് എതിരെ പ്രതിഷേധിക്കാന്‍ എഴുത്തുകാര്‍ ഒരു കാരണം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ്. യുക്തിവാദി എം.എം. കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്നത് കര്‍ണ്ണാടകത്തിലാണ്. അവിടെ കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ഭരണം. കോണ്‍ഗ്രസും എന്‍സിപിയും ഭരിക്കുന്ന കാലത്ത് 2013 ആഗസ്റ്റ് 20നാണ് മഹാരാഷ്ട്രയില്‍ യുക്താവാദിയായ എന്‍. ധാബോള്‍ക്കര്‍ വെടിയേറ്റു മരിച്ചത്. ഇരുസംഭവങ്ങളും ശക്തമായ ഭാഷയില്‍ അപലപിക്കേണ്ടതു തന്നെ. ക്രമസമാധാന പാലനവും എളുപ്പത്തില്‍ ആക്രമിക്കപ്പെടാന്‍ കഴിയുന്നവരുടെ സംരക്ഷണവും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. സമാജ്‌വാദി പാര്‍ട്ടി ഭരിക്കുന്ന യുപിയിലാണ് ദാദ്രി സംഭവം ഉണ്ടായത്. ജെയ്റ്റ്‌ലി തുടര്‍ന്നു. മറുവഴികളില്‍ രാഷ്ട്രീയം തേടുന്നവര്‍ ഇപ്പോള്‍ ബദല്‍ തന്ത്രം പയറ്റുകയാണ്. ഈ മൂന്നു കുറ്റകൃത്യങ്ങളും സംയോജിപ്പിച്ചാണ് അവരുടെ നീക്കം. സത്യം മറച്ചുവയ്ക്കുക. അവയെല്ലാം ഒന്നിച്ച് ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ പെട്ടിയിലേക്ക് എറിയുക. ഈ കുറ്റകൃത്യങ്ങളില്‍ ഒന്നിലും കേന്ദ്രം അനാസ്ഥ കാണിച്ചതായി ആരും ആരോപിച്ചിട്ടില്ല. പക്ഷെ വിപഌവം നിര്‍മ്മിച്ചെടുക്കാന്‍, സത്യം മറയ്‌ക്കേണ്ടതും കുറ്റകൃത്യങ്ങള്‍ നടന്നതും കോണ്‍ഗ്രസ്, സമാജ്‌വാദ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആണെങ്കിലും അവയ്ക്ക് മോദി സര്‍ക്കാര്‍ ആണ് ഉത്തരവാദിയെന്ന് വരുത്തിത്തീര്‍ക്കേണ്ടതും അത്യാവശ്യമാണ്. ജെയ്റ്റ്‌ലി പറഞ്ഞു. 2015ല്‍ പദ്മശ്രീ പുരസ്‌കാരം മടക്കി നല്‍കി പ്രതിഷേധിച്ച ഒരെഴുത്തുകാരി ഇതിനുള്ള കാരണമായി പറയുന്നത് 1984ലെ സിഖ്‌വിരുദ്ധ കലാപമാണ്. 84ലെ കൂട്ടക്കൊലയില്‍ മനസാക്ഷി ഉണരാന്‍ ഈ എഴുത്തുകാരിയുടെ മനസാക്ഷി 31 വര്‍ഷത്തിലേറെ എടുത്തു. രാജ്യത്ത് അസഹിഷ്ണുതയുടെ അന്തരീക്ഷം എങ്ങുമില്ല. ഈ സൃഷ്ടിച്ചെടുത്ത വിപഌവം ബിജെപിയോടുള്ള ആദര്‍ശപരമായ അസഹിഷ്ണുതയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിന് എതിരെ ഇവരില്‍ എത്രപേര്‍ പ്രതിഷേധിച്ചു, എത്രപേര്‍ അറസ്റ്റു വരിച്ചു, എത്രപേര്‍ ശബ്ദമുയര്‍ത്തി. 84ലെ സിഖ് വിരുദ്ധകലാപത്തിനോ 89ലെ ഭഗല്‍പ്പൂര്‍ കലാപത്തിനോ എതിരെ ഈ എഴുത്തുകാര്‍ സംസാരിച്ചോ? 2004നും 2014നും ഇടയ്ക്ക് നടന്ന ലക്ഷംകോടികളുടെ അഴിമതികളില്‍ ഇവരുടെ മനസാക്ഷി കുലുങ്ങിയില്ലേ. ജെയ്റ്റ്‌ലി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.