കോന്നി ആനക്കൂടിന് കൗതുകമേകി പുതിയ അന്തേവാസി

Thursday 15 October 2015 1:32 pm IST

പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കൗതുകമേകി പുതിയൊരു അന്തേവാസി കൂടി. രണ്ടുമാസം പ്രായമുള്ള പിടിയാനക്കുട്ടിയാണ് ഇനി സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണം. ഇന്നലെ പുലര്‍ച്ചെയാണ് നിലമ്പൂര്‍ കരുളായി വനത്തിലെ പാണപ്പുഴയിലെ പാറക്കെട്ടില്‍ നിന്ന് വനവാസികള്‍ രക്ഷപ്പെടുത്തിയ ആനക്കുട്ടിയെ കോന്നി ആനക്കൂട്ടില്‍ എത്തിച്ചത്. ഇതോടെ മൂന്ന് കുട്ടിയാനകളുള്‍പ്പടെകോന്നി ആനക്കൂട്ടില്‍ ആനകളുടെ എണ്ണം എട്ടായി. നാലര വയസ്സുള്ള കൃഷ്ണയും നാലു വയസ്സുള്ള ലക്ഷ്മിയുമാണ് മറ്റു കുട്ടിയാനകള്‍. വനവാസികള്‍ പാറക്കെട്ടില്‍ നിന്ന് രക്ഷിച്ച കുട്ടിയാനയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കോന്നിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് ആനക്കുട്ടിയെ കോന്നി ആനക്കൂട്ടിലെത്തിച്ചത്. യാത്രക്ഷീണമൊഴിച്ചാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും തല്‍ക്കാലം സന്ദര്‍ശകരെ അനുവദിക്കില്ലെന്നും ഡോ.പി.ജയകുമാര്‍ പറഞ്ഞു. മനുഷ്യരുമായി കൂടുതല്‍ ഇടപഴകിയാല്‍ രോഗ സാധ്യത കൂടുതലാണന്ന കാരണത്താലാണ് സന്ദര്‍കരെ ഒഴിവാക്കുന്നത്. ആനക്കുട്ടിലല്ല അടച്ചിട്ട മുറിയിലാണ് ഇപ്പോള്‍ ആനക്കുട്ടിയെ സുക്ഷിച്ചിരിക്കുന്നത്. കരിക്കിന്‍ വെള്ളം, ഗ്ലൂക്കോസ്, ഒആര്‍എസ്, വിറ്റാമിന്‍ ഗുളികള്‍ തുടങ്ങിയവയാണ് ഭക്ഷണം. അജീഷ്, ഹനീഫ എന്നീ പാപ്പാന്‍മാര്‍ക്കാണ് കുട്ടിയാനയുടെ പരിചരണ ചുമതല. നാലു മാസം കൂടി കഴിഞ്ഞാല്‍ കൂട്ടിലേക്ക് മാറ്റി ചട്ടം പഠിപ്പിക്കാന്‍ ആരംഭിക്കും. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കൃഷ്ണയെയും ലക്ഷ്മിയെയും കൂട്ടില്‍ നിന്നും മാറ്റിയത്. സോമന്‍, സുരേന്ദ്രന്‍, പ്രിയദര്‍ശിനി, മീന, ഈവ എന്നിവരാണ് ആനത്താവളത്തിലെ മറ്റ് ആനകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.