വെള്ളാപ്പള്ളിയെ ഭീഷണിപ്പെടുത്തുന്ന പിണറായി കാന്തപുരത്തെ അനുകൂലിച്ച് രംഗത്ത്

Thursday 15 October 2015 1:32 pm IST

കാസര്‍കോട്: ഹിന്ദു ഐക്യം പറയുകയും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമമാരംഭിക്കുകയും ചെയ്ത എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നിരന്തരം ഭീഷണിപ്പെടുത്തുന്ന പിണറായി വിജയന്‍ കാന്തപുരത്തെ അനുകൂലിച്ച് രംഗത്തെത്തി. കാന്തപുരം രാഷ്ട്രീയ പാര്‍ട്ടിയല്ല രൂപീകരിക്കുന്നതെന്നും ബഹുജനസംഘടനയാണ് ഉണ്ടാക്കുന്നതെന്നും സംഘടനയെ ശക്തിപ്പെടുത്താന്‍ അത് അവര്‍ക്ക് ആവശ്യമാണെന്നുമാണ് ഇന്നലെ പത്രസമ്മേളനത്തില്‍ പിണറായി പറഞ്ഞത്. കാസര്‍കോട് ഉള്‍പ്പെടെ കാന്തപുരം വിഭാഗത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ സിപിഎം അവരുമായി രഹസ്യ സഖ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പിണറായിയുടെ ഇത്തരത്തിലുള്ള പ്രതികരണം. ആര്‍എസ്എസ് നീക്കങ്ങളെ സങ്കുചിതമായ താല്‍ക്കാലിക രാഷ്ട്രീയ നേട്ടം കണക്കാക്കിയാണ് ഉമ്മന്‍ചാണ്ടി സഹായിക്കുന്നത്. കേരളം മുഴുവന്‍ പിടിച്ചടക്കാമെന്ന വ്യാമോഹം ആര്‍എസ്എസിനില്ല. ഒരു അക്കൗണ്ട് തുറക്കാനാണ് അവര്‍ നോക്കുന്നത്. ഇതിനെ ചെറുക്കാനുള്ള ശ്രമം കോണ്‍ഗ്രസ് കാണിക്കുന്നില്ല. കണ്ണൂരില്‍ വെച്ച് ശാശ്വതീകാനന്ദയുടെ വിശ്വസ്ഥനായിരുന്ന ഒരു സ്വാമി തന്നെ ശാശ്വതീകാനന്ദയെ അപായപ്പെടുത്താന്‍ ചിലര്‍ ശ്രമം നടത്തുന്നതായി തന്നോട് പറഞ്ഞിരുന്നുവെന്ന് പിണറായി വെളിപ്പെടുത്തി. എന്നാല്‍ തന്നോട് ഈ വിവരം പറഞ്ഞ സ്വാമി ആരാണെന്ന് പിണറായി വെളിപ്പെടുത്തിയില്ല.പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.