ഓര്‍മ്മകളില്‍ വിതുമ്പി, ആട് ആന്റണിയെ ശപിച്ച് ജോയി

Thursday 15 October 2015 6:56 pm IST

ആട് ആന്റണിയെ പോലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോള്‍

ചാത്തന്നൂര്‍: ആട് ആന്റണിയെ പിടികൂടി എന്നറിഞ്ഞതോടെ എസ്‌ഐ ജോയിക്ക് ആശ്വാസമായി. തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായ കോണ്‍സ്റ്റബിള്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന് തന്നെയും കുത്തിയിട്ട് കടന്നു കളഞ്ഞവനാണ് ആട് ആന്റണി.

ബുധനാഴ്ച പാരിപ്പള്ളിയില്‍ തെളിവെടുപ്പിന് എത്തിച്ച ആന്റണിയെ തിരിച്ചറിഞ്ഞ ജോയ് തന്റെ കൂട്ടുകാരന്റെ ഓര്‍മകളില്‍ വിതുമ്പി. 2012 ജൂണ്‍ 25ന് രാത്രി പാരിപ്പള്ളി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കൈതറ പൊയ്കയില്‍ മണിയന്‍ പിള്ളയെ കുത്തിക്കൊല്ലുമ്പോള്‍ ഏക ദൃക്‌സാക്ഷിയാണ് അന്ന് എഎസ്‌ഐയും ഇന്ന് എസ്‌ഐ യുമായ ജോയി. വിരമിക്കാന്‍ ഇനി ഏഴുമാസം മാത്രമേയുള്ളൂ.

വേളമാനൂര്‍ മേഖലയിലെ മോഷണങ്ങളെക്കുറിച്ചുള്ള പരാതിയെ തുടര്‍ന്ന് രാത്രി പട്രോളിങ് ഡ്യൂട്ടി നടത്തുന്നതിനിടെയാണ് പാരിപ്പള്ളി കുളമടയ്ക്ക് സമീപം വച്ച് ആട് ആന്റണിയെയും മാരുതി ഒമ്‌നി വാനുമായി പിടിയിലാവുന്നത്. ആട് ആന്റണിയാണെന്ന് അറിയാതെ ചോദ്യം ചെയ്യുകയും പിടിച്ച് പോലീസ് ജീപ്പില്‍ കയറ്റുകയും ചെയ്തു. പോലീസ് ജീപ്പിന്റെ പിന്‍സീറ്റിലായിരുന്ന ആട് ആന്റണി ഷൂസില്‍ ഒളിപ്പിച്ചിരുന്ന കത്തികൊണ്ട് വിമുക്തഭടന്‍ കൂടിയായ മണിയന്‍പിള്ളയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു.

പിന്നീട് ജോയിയെയും കുത്തി. വയറില്‍ ഇടതുഭാഗത്താണ് ജോയിക്ക് ആഴത്തിലുള്ള മുറിവേറ്റത്. തുടര്‍ന്ന് ഒമ്‌നി വാനുമായി രക്ഷപ്പെടുകയും ചെയ്തു. ദീര്‍ഘകാലം ജോയി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുത്തേറ്റ ജോയിയാണ് വയര്‍ലസ്സിലൂടെയും ഫോണിലൂടെയും സന്ദേശം കണ്‍ട്രോള്‍ റൂമില്‍ നല്‍കിയത്. പാരിപ്പള്ളിയില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് രണ്ട് പോലീസുകാര്‍ സ്ഥലത്തെത്തി ഇവരെ ഓട്ടോക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചത്.

മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയത് ആട് ആന്റണിയാണെന്ന് പോലീസിന് ഒരു വിവരവുമില്ലായിരുന്നു. പിന്നീട് വര്‍ക്കലക്ക് സമീപം ഉപേക്ഷിക്കപ്പെട്ട ഒമ്‌നി വാനിലെ വിരലടയാളങ്ങള്‍ പരിശോധിച്ചശേഷമാണ് കൊലപാതകി ആട് ആന്റണിയാണെന്ന് കണ്ടെത്തിയത്. മൂന്നുവര്‍ഷം കഴിഞ്ഞെങ്കിലും സര്‍വീസില്‍ നിന്നും വിരമിക്കുന്നതിനു മുന്‍പ് ആട് ആന്റണി പിടിയിലായതില്‍ അതീവ സന്തോഷമുണ്ടെന്ന് അദ്ദേഹം ‘ജന്മഭൂമി’യോടു പറഞ്ഞു. ആന്റണിക്ക് തമിഴ്‌നാട്ടിലെ ധാരാപുരത്ത് സ്വന്തമായി വീടുണ്ടെന്ന് പോലീസ് പറഞ്ഞു.

500ലേറെ കവര്‍ച്ചകള്‍ നടത്തിയതായി പോലീസിനോട് ആട് ആന്റണി സമ്മതിച്ചു. സേലത്ത് നിന്ന് ഏഴു ലക്ഷം രൂപ മോഷ്ടിച്ചു. കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്നതിന് ശേഷമാണ് ആന്റണി തിരുപ്പൂരില്‍ ഒളിവില്‍ കഴിഞ്ഞത്. ഗോപാലപുരത്ത് ആട് ആന്റണി താമസിച്ച വീട്ടില്‍ കൊല്ലത്ത് നിന്ന് എത്തിയ പോലീസ് പരിശോധന നടത്തി. സാങ്കേതിക വിദഗ്ധരടക്കമുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇലക്‌ട്രോണിക് ഉപകരണങ്ങളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെടുത്തു. ഇവിടെ നിന്നും പിടിച്ചെടുത്ത വസ്തുക്കള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പാരിപ്പള്ളി എസ്‌ഐ ജയകൃഷ്ണന്‍ പറഞ്ഞു.
ആട്ആന്റണിയെ കാണാന്‍ ഇന്നലെയും പാരിപ്പള്ളിയില്‍ എത്തിയത് വന്‍ജനക്കൂട്ടമാണ്. അവര്‍ ശാപവാക്കുകളുമായാണ് ഇയാളെ വരവേറ്റത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.