ഭാരത യുഎസ് നാവിക അഭ്യാസം തിങ്കളാഴ്ച വരെ

Thursday 15 October 2015 7:49 pm IST

ന്യൂദല്‍ഹി: ഭാരത അമേരിക്കന്‍ മലബാര്‍ സംയുക്ത നാവികാഭ്യാസം ബംഗാള്‍ ഉള്‍ക്കടലില്‍ ആരംഭിച്ചു. തിങ്കളാഴ്ചയാണ് സമാപനം. 92ല്‍ ആണ് സംയുക്ത നാവികാഭ്യാസം ആദ്യമായി തുടങ്ങിയത്. ഭാരത യുഎസ് നാവിക സേനകള്‍ മാത്രമാണ് മുന്‍പ് ഇതില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം ശാന്തസമുദ്രത്തില്‍ നടന്ന പരിശീലനത്തില്‍ ആദ്യമായി ജപ്പാനും പങ്കെടുത്തു. ബുധനാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ആരംഭിച്ച പത്തൊന്‍പതാമതു പരിശീലനത്തില്‍ ജപ്പാനും പങ്കെടുക്കുന്നുണ്ട്. ഭാരതം സ്വന്തമായി നിര്‍മ്മിച്ച ഐഎന്‍എസ് ശിവാലിക് എന്ന യുദ്ധക്കപ്പലും മിസൈല്‍ നശീകരണശേഷിയുള്ള ഐഎന്‍എസ് രണവിജയ്, ഐഎന്‍എസ് ബേട്‌വ, ഐഎന്‍എസ് ശക്തി, മുങ്ങിക്കപ്പലായ ഐഎന്‍എസ് സിന്ധുധ്വജ,് പട്രോളിംഗ് വിമാനം, പി81 ഹെലിക്കോപ്ടറുകള്‍ എന്നിവ പരിശീലന അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കയുടെ ഏഴാം കപ്പല്‍ പടയിലുള്ള കപ്പലുകള്‍ വിമാനവാഹിനി യുഎസ്എസ് തിയഡോര്‍ റൂസ്‌വെല്‍റ്റ്, യുഎസ്എസ് നോര്‍മണ്ഡി, ആണവമുങ്ങിക്കപ്പലായ സിറ്റി ഓഫ് കോര്‍പ്പസ് ക്രിസ്റ്റി, എഫ് 18 യുദ്ധവിമാനങ്ങള്‍, ജപ്പാന്റെ മിസൈല്‍ നശീകരണി ഫുയൂസുക്കി എന്നിവയാണ് പങ്കെടുക്കുന്നത്.