മലബാര്‍ ദേവസ്വം ഭൂമി: അനുമതിയോടെ മാത്രം വിനിയോഗം മതിയെന്ന് കോടതി

Thursday 15 October 2015 7:56 pm IST

കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രഭൂമിയില്‍ എന്തുചെയ്യുന്നതും സുപ്രീംകോടതിയുടെ അനുമതിയോടെയാവണമെന്ന് ഹൈക്കോടതി ഉത്തരവ്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് എന്തുനടപടി കൈക്കൊണ്ടുവെന്നു കോടതിയെ ധരിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന ദേവസ്വം മന്ത്രി 2014-ല്‍ നിയമസഭയില്‍ പ്രസ്താവിച്ചത് പ്രകാരം, മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ 9877.2 ഹെക്ടര്‍ ഭൂമി കൈയേറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്. ഈ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ 2014 സപ്തംബര്‍ 12-നും 2015 മെയ് 23-നും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പിലാക്കാന്‍ ബന്ധപെട്ട ഉദ്യോഗസ്ഥര്‍ ഒരു നടപടിയും എടുത്തില്ല. ഇക്കാര്യം ചുണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിനിര്‍ദ്ദേശം വന്നിരിക്കുന്നത്. സ്വാമി ഭാരതി മഹാരാജ്, സുരേഷ്, ബിജു, രാമനാഥന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. കോടതിയുടെ അനുമതിയില്ലാതെ ക്ഷേത്ര ഭൂമിയിലെ ക്രയ വിക്രിയങ്ങള്‍ നടത്താന്‍ പാടില്ലെന്നും കൈയേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ എന്തു നടപടിയെടുത്തുവെന്നും നവംബര്‍ നാലിനു മുമ്പ് അറിയിക്കാനാണ് നിര്‍ദ്ദേശം. കേസ് കൂടുതല്‍ വാദത്തിനായി നവംബര്‍ നാലിലേക്കു മാറ്റി. മലബാറിലെ ക്ഷേത്രങ്ങളില്‍ നടന്ന കൈയേറ്റങ്ങള്‍ സംബന്ധിച്ച വിവരം ജനങ്ങള്‍ക്ക് കത്തിലൂടെ ഹൈക്കോടതി രജിസ്ട്രാര്‍ വഴി ഈ കേസില്‍ വാദം കേള്‍ക്കുന്ന ദേവസ്വം ബഞ്ചിനെ അറിയിക്കാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.