സിനിമയെ തഴഞ്ഞതില്‍ പ്രതിഷേധം;അക്കാദമി്‌ക്കെതിരെ സംവിധായകന്റെ ഫേസ് ബുക്ക് പോസ്റ്റ്

Saturday 17 October 2015 11:34 am IST

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്നും സംസ്‌കൃത സിനിമ പ്രിയമാനസത്തെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധം ശക്തം. പ്രദര്‍ശനം തടഞ്ഞതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്ന് സംസ്‌കൃതഭാരതി അഭിപ്രായപ്പെട്ടു. തന്റെ സിനിമ ഒഴിവാക്കാനുള്ള ജൂറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംവിധായകന്‍ വിനോദ് മങ്കര ഫേസ്ബുക്കിലിട്ട പോസ്റ്റിന് പിന്തുണയുമായി ഒട്ടേറെ പേരെത്തി. കേരളത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ മൂന്നാമത്തെ സംസ്‌കൃത ചലച്ചിത്രത്തെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നും തഴഞ്ഞത്.എന്നാല്‍ നിര്‍ണ്ണായകം, എന്നു നിന്റെ മൊയ്തീന്‍, കാറ്റും മഴയും എന്നീ കൊമേഴ്‌സ്യല്‍ പടങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിലൂടെ ചലച്ചിത്ര അക്കാദമി അതിന്റെ വങ്കത്തരവും പ്രൊഫഷണലിസമില്ലായ്മയും വീണ്ടും തെളിയിച്ചിരിക്കുന്നു. ബി.ബി.സി തുടങ്ങിയ വിദേശ മാധ്യമങ്ങളും പി.ടി.ഐ പോലുള്ള വാര്‍ത്താഏജന്‍സികളും വേണ്ട പ്രാധാന്യതോടെ 'പ്രിയമാനസം'എന്ന ഈ ചിത്രത്തെക്കുറിച്ച് മികച്ച റിപ്പോര്‍ട്ടുകള്‍ കൊടുക്കുമ്പോള്‍ ആണ് സ്വന്തം നാട്ടില്‍ ഇതിന് അവഗണന നേരിടേണ്ടിവരുന്നത്. അക്കാദമിയില്‍ കുറേക്കാലമായി നടന്നുവരുന്ന പ്രൊഫഷണലിസം ഇല്ലായ്മയാണ് ഇതിന് കാരണം. കലയുമായി പുലബന്ധം ഇല്ലാത്ത ഭാരവാഹികള്‍ ആണ് ജൂറിയെ തീരുമാനിച്ചിരിക്കുന്നത്. ഇതിന് താഴെ സിനിമയറിയാത്ത മന്ത്രിയുടെ ഒപ്പ് കൂടി ആവുമ്പോള്‍ കഥ ഗംഭീരം . ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ബെര്‍ലിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുന്നതിനിടയിലാണ് ഈ സംഭവം. അക്കാദമിയിലെ ചിലരുടെ കൈകടത്തലാണ് ഇതിന് പിന്നില്‍. ബീന പോള്‍ രാജിവച്ചതിനുശേഷം മികച്ച ഒരു ഫിലിം തിരഞ്ഞെടുപ്പ് അക്കാദമിയില്‍ ഇതുവരെ നടന്നിട്ടില്ല. രാഷ്ട്രപതി ഭവനില്‍ ചിത്രം കാണിക്കാന്‍ ഇരിക്കെയാണ് കേരളത്തില്‍ ചിത്രം തിരഞ്ഞെടുക്കപ്പെടാതെ പോയത്. അക്കാദമിയുടെ സ്വജനപക്ഷപാതവും നെറികേടും തിരിച്ചറിഞ്ഞ് ഇതിനെതിരേ കലാഹൃദയമുള്ളവര്‍ ശക്തമായി പ്രതികരിക്കണം എന്ന് അപേക്ഷിക്കുകയാണ്. ചലച്ചിത്ര അക്കാദമിയുടെ കുത്തഴിഞ്ഞ പ്രവര്‍ത്തനത്തിന് എതിരേ കലാകേരളം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'പ്രിയമാനസ'ത്തെ നിഷേധിക്കുന്നതോടെ സംസ്‌കൃത ഭാഷയെയും ഉണ്ണായിവാര്യര്‍ എന്ന കവിയെയുമാണ് അക്കാദമി അപമാനിച്ചത്. വിനോദ് മങ്കര ഫേസ്ബുക്കില്‍ കുറിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.