പത്രിക പിന്‍വലിപ്പിക്കാന്‍ അടവുകള്‍ പലത്

Thursday 15 October 2015 8:18 pm IST

ആലപ്പുഴ: നാമനിര്‍ദേശ പത്രികാ പിന്‍വലിക്കാനുള്ള കാലാവധി നാളെ അവശേഷിക്കും. വിമതരെ പിന്‍വലിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പതിനെട്ട് അടവും പയറ്റുന്നു. അനുനയത്തിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തന്നതായും പരാതികള്‍ ഉയരുന്നു. സാമുഹ്യമായി കുടുംബത്തെ ഒറ്റപ്പെടുത്തും, ഭര്‍ത്താവിനെയും മക്കളെയും കൈകാര്യം ചെയ്യും തുടങ്ങി പലവിധത്തിലാണ് ഭീഷണികള്‍. എങ്കിലും പലയിടത്തും മുന്നണികള്‍ക്കു സൗഹൃദ മല്‍സരം ഉറപ്പായി കഴിഞ്ഞു. ഇന്നും നാളെയുമായി എങ്ങിനെയും വിമതരെ ചാക്കിലാക്കാന്‍ മുന്നണികള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ പലസ്ഥലങ്ങളിലും വിഫലമായി. ജോലി മുതല്‍ മറ്റ് ആകര്‍ഷകമായ സ്ഥാനമാനങ്ങള്‍ വരെ വാഗ്ദാനം ചെയ്താണ് യുഡി എഫും എല്‍ഡിഎഫും പലരെയും പിന്മാറ്റാന്‍ ശ്രമിക്കുന്നത്. ജില്ലാപഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനില്‍ അഡ്വ. കരുമാടി ശശി സിപിഐ വിമതനായി പത്രിക നല്‍കിയിട്ടുണ്ട്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡിലും സിപിഐക്കെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. പത്മിനിയമ്മ പാര്‍ട്ടി വിമതയായി പത്രിക സമര്‍പ്പിച്ചു. രണ്ടാം വാര്‍ഡില്‍ സിപിഎമ്മിന്റെ അമ്പിളി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് സ്വതന്ത്രയായി രംഗത്തുണ്ട്. പുറക്കാട് ബ്‌ളോക്ക് പഞ്ചായത്ത് ഡിവിഷനില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിന്റെ എ.എസ്. സുദര്‍ശനനെതിരെ ഘടകകക്ഷിയായ എന്‍സിപി സ്ഥാനാര്‍ഥിയാണ് പത്രിക നല്‍കിയത്. അമ്പലപ്പുഴ തെക്ക് 13-ാം വാര്‍ഡില്‍ ആര്‍എസ്പിക്കെതിരെ നിലവില്‍ പഞ്ചായത്ത് പ്രസിഡന്റായ സതി എസ്. നാഥ് സ്വതന്ത്രയായി പത്രിക സമര്‍പ്പിച്ചു. അതിനിടെ പുന്നപ്ര ഡിവിഷന്‍ ലീഗിന് നല്‍കിയെങ്കിലും അവര്‍ക്ക് സ്ഥാനാര്‍ഥിയെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. അവസാനം ലീഗ് പിന്മാറി. പിന്നീട് കെഎസ്‌യു നേതാവിനെ മത്സരിപ്പിച്ച് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ കഴിഞ്ഞതവണ ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുത്തിയ സംഭവത്തില്‍ വിപ്പ് ലംഘിച്ചതിന് സീറ്റ് നിഷേധിക്കപ്പെട്ട രണ്ടുപേര്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ പത്രിക നല്‍കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം പടിഞ്ഞാറ് രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ ലീഗ് പത്രിക നല്‍കി. ആലപ്പുഴ നഗരസഭയില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജനതാദള്‍എസ് നാല് വാര്‍ഡിലാണ് പത്രിക നല്‍കിയത്. ജില്ലാകോടതി, സനാതനപുരം, തത്തംപള്ളി, അവലൂക്കുന്ന് വാര്‍ഡുകളിലാണ് പത്രിക നല്‍കിയത്. തുറവൂര്‍ ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മിന്റെ നിലപാടിനെതിരെ സിപിഐ രംഗത്തുണ്ട്. പഞ്ചായത്തിലെ 14 വാര്‍ഡിലും സിപിഐ പത്രിക നല്‍കി. ആര്യാട് ബ്‌ളോക്ക് പഞ്ചായത്തില്‍ സിപിഎം നേതാവ് ശശികല രാജുവാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്.ആര്യാട് പഞ്ചായത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബീന ദാസ് റിബലായി മത്‌സരിക്കും. ചേര്‍ത്തല നഗരസഭയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം യുഡിഎഫ് സ്ഥാനാര്‍ഥിയായി. എല്‍ഡിഎഫ് കൗണ്‍സിലര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്. ചെങ്ങന്നൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ മല്‍സരിക്കുന്ന വാര്‍ഡില്‍ യുഡിഎഫ് കൗണ്‍സിലറുടെ ഭര്‍ത്താവ് സ്വതന്ത്രനായി രംഗത്തുണ്ട്. എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗത്തിന്റെ ഭാര്യ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന ശശികല രജ്ഞിത്ത് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി. കായംകുളം നഗരസഭാ വൈസ് ചെയര്‍മാനെതിരെ ചെയര്‍പഴ്‌സന്‍ റിബലായി മത്‌സരിക്കുന്നു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി എസ്. നാഥ് കോണ്‍ഗ്രസ് വിമതയായി പത്രിക സമര്‍പ്പിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും വിമതയാണ്. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതര്‍ രംഗത്തെത്തി. തുറവൂരില്‍ എല്‍ഡിഎഫില്‍ സിപിഎം വിമതനായി മുന്‍ പഞ്ചായത്ത് അംഗം മല്‍സരിക്കുന്നു. സിപിഎം പഞ്ചായത്ത് അംഗം ഇത്തവണ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. കുത്തിയതോട് ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് വിമതനായി മല്‍സ്യ തൊഴിലാളി യൂണിയന്‍ (സിഐടിയു), ജില്ലാ കമ്മിറ്റി അംഗവും ഭാര്യയും പത്രിക നല്‍കിയിട്ടുണ്ട്.പല പഞ്ചായത്തുകളിലും ഔദ്യോഗിക സ്ഥാനാര്‍ഥിയെക്കാള്‍ കൂടുതല്‍ വിമത സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയിട്ടുള്ളത്. ഇവര്‍ എത്രപേര്‍ പിന്മാറുമെന്ന് നാളെത്തോടെ വ്യക്തമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.