ബാര്‍ കോഴ: ബാബുവിനെതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ രഹസ്യ പരിശോധന

Thursday 15 October 2015 8:23 pm IST

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിന് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്ത രഹസ്യപരിശോധന നടത്തും. ഇന്നലെ അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിജിലന്‍സ് ലോകായുക്തയില്‍ സമര്‍പ്പിച്ചു. സീല്‍വച്ച കവറിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് കൈമാറിയത്. ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്, വിജിലന്‍സ് എറണാകുളം യൂണിറ്റ് എസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് എന്നിവയാണ് വിജിലന്‍സ് ലോകായുക്തയ്ക്കു നല്‍കിയത്. ബാബുവിനെതിരേ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണു വിജിലന്‍സ് അറിയിച്ചതെന്ന് ലോകായുക്ത വ്യക്തമാക്കി. അതീവ രഹസ്യ സ്വഭാവത്തോടെ റിപ്പോര്‍ട്ട് സൂക്ഷിക്കണമെന്നും പകര്‍പ്പ് തിരിച്ചേല്‍പ്പിക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടതിനാലാണ് ഓപ്പണ്‍ കോര്‍ട്ടില്‍ റിപ്പോര്‍ട്ട് പരിശോധിക്കാത്തത്. പകരം ചേംബറില്‍ വച്ച് അതീവരഹസ്യ സ്വഭാവത്തോടെ റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ വിസ്തരിക്കാനും ലോകായുക്ത തീരുമാനിച്ചു. അമ്പിളിയെ വിസ്തരിക്കേണ്ടതു കേസിന്റെ മുന്നോട്ടുള്ള പോക്കിനു അവശ്യമാണെന്നാണ് വിലയിരുത്തല്‍. അടുത്തമാസം ഒമ്പതിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു അമ്പിളിക്ക് ഡിവിഷന്‍ ബെഞ്ച് സമന്‍സ് അയച്ചു. അമ്പിളിയെ വിളിച്ചുവരുത്തി മൊഴിയെടുക്കണം എന്നായിരുന്നു ഹര്‍ജിക്കാരനായ ഖാലിദ് മുണ്ടപ്പള്ളി ലോകായുക്തയില്‍ ആവശ്യപ്പെട്ടത്. ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കും കെ. ബാബുവിനും എതിരേയുള്ള പരാതികളാണ് ഇന്നലെ ലോകായുക്ത പരിഗണിച്ചത്. ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും പകര്‍പ്പു നല്‍കണമെന്നു വാദിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കില്ലെന്നും ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും ലോകായുക്ത മറുപടി നല്‍കി. കേസില്‍ പ്രാഥമിക അന്വേഷണത്തിനു പകരം പൂര്‍ണതോതിലുള്ള അന്വേഷണത്തിനു ഉത്തരവിടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഇക്കര്യം നവംബര്‍ ഒന്‍പതിന് പരിഗണിക്കാമെന്ന് ലോകായുക്ത പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.