ജില്ലയുടെ വടക്കന്‍ മേഖലയില്‍ മുന്നണികളില്‍ വിള്ളല്‍

Thursday 15 October 2015 9:39 pm IST

പൂച്ചാക്കല്‍; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളില്‍ യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകരിലും പൊട്ടിത്തെറി. അരൂര്‍ നിയോജക മണ്ഡലത്തില്‍പ്പെടുന്ന ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പുനേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ പ്രകടമാണ്. ഗ്രൂപ്പുവഴക്കും ചേരിതിരിവും മുതലാക്കി ബിജെപിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് ഭരണം വരെ ലഭിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്. കോടംതുരുത്ത്്, തൈക്കാട്ടുശേരി, പെരുമ്പളം, പാണാവള്ളി, പള്ളിപ്പുറം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നുത്. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം രണ്ടുവാര്‍ഡുകള്‍ ബിജെപി വിജയിക്കുകയും ചിലവാര്‍ഡുകളില്‍ നേരിയ വോട്ടുകള്‍ക്കാണ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുകയും ചെയ്തത്. ബിജെപി സ്ഥാനാര്‍ഥികളെ ജയിപ്പിക്കുവാനുള്ള രാഷ്ടീയ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താനും ശ്രമമുണ്ട്. യുഡിഎഫിലും എല്‍ഡിഎഫിലും ഉടലെടുത്ത പ്രശ്‌നങ്ങള്‍ ബിജെപിക്ക് അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വാര്‍ഡുകളിലും മത്സരിക്കുമെന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ഭീഷണികള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ക്കുവരെ തലവേദന സൃഷ്ടിച്ചു. നേതാക്കളും പ്രവര്‍ത്തകരും പരസ്യമായ വെല്ലുവിളികള്‍വരെ നടത്തിയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. പല വാര്‍ഡുകളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം ഭയന്ന് നേതാക്കള്‍ ഗത്യന്തരമില്ലാത്തതെ ഭീഷണികള്‍ക്ക് വഴങ്ങേണ്ടിവന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരുകള്‍ നിലനില്‍ക്കെ സീറ്റിനെച്ചൊല്ലി മുസ്ലിംലീഗുമായും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. കോണ്‍ഗ്രസ് നല്‍കിയ സീറ്റുകള്‍ വേണ്ടെന്നു വെച്ചതിനുശേഷം മുസ്ലിംലീഗ് കോണ്‍ഗ്രസിനെതിരെയും മത്‌സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്ത് പൂച്ചാക്കല്‍ ഡിവിഷനില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവും മത്സരരംഗത്ത് വന്നിരുന്നു. പാണാവള്ളി, അരൂക്കുറ്റി, തുറവൂര്‍, പെരുമ്പളം, കുത്തിയതോട്, അരൂര്‍, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം കോടംതുരുത്ത് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. പാണാവള്ളി പഞ്ചായത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന ആരോപണം നിലനില്‍ക്കുന്നു. അരൂക്കുറ്റി ഗ്രാമപഞ്ചായത്തില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥി അരൂക്കുറ്റി ഗ്രാമപഞ്ചായത്തില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് 12 വാര്‍ഡില്‍ കോണ്‍ഗ്രസിനെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനും മുസ്ലിംലീഗ് ശ്രമം തുടങ്ങി. തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡിലും 14-ാംവാര്‍ഡിലും മുന്‍പഞ്ചായത്തംഗം ഉള്‍പ്പെടെ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരായി മത്സരരംഗത്തെത്തിയിട്ടുണ്ട്. കുത്തിയതോട് തീരദേശ പ്രദേശങ്ങളായ ഒന്നാം വാര്‍ഡിലും 16 -ാം വാര്‍ഡിലും സിപിഎം സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രമായി മല്‍സരരംഗത്തെത്തിയിട്ടുണ്ട്. പെരുമ്പളം ഗ്രാമപഞ്ചായത്തില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മില്‍ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളാണ നിലനില്‍ക്കുന്നത്. തൈക്കാട്ടുശേരിയില്‍ നിലവിലുള്ള അംഗങ്ങള്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നതാണ് നേതാക്കളെ കുഴക്കുന്നത്. പള്ളിപ്പുറത്തും പല കോണ്‍ഗ്രസ്, സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നല്‍കാത്തത്തില്‍ പരസ്യമായി പ്രതിഷേധമറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.