എതിര്‍പ്പുകളെ എങ്ങനെ നേരിടണം

Thursday 15 October 2015 8:27 pm IST

മൂടല്‍ മഞ്ഞിലൂടെ ഓളങ്ങളെ കീറിമുറിച്ചു കൊണ്ടു നീങ്ങുന്ന ഒരു കപ്പല്‍. വളരെ ദൂരെ ഒരു വെളിച്ചം കപ്പിത്താന്‍ കണ്ടു ആ വെളിച്ചം തങ്ങളുടെ നേര്‍ക്കാണ് വരുന്നത്. അദ്ദേഹം ഉടന്‍ അവര്‍ക്ക് സന്ദേശമയച്ചു. 'വേഗം നിങ്ങളുടെ കപ്പലിന്റെ ഗതി വഴി മാറുക. ഞങ്ങളുടെ കപ്പല്‍ നിങ്ങളുടെ നേര്‍ക്കാണ് വരുന്നത്. കൂട്ടിയിടി ഒഴിവാക്കുക.' ഉടന്‍ സന്ദേശം തിരികെ ലഭിച്ചു. 'നിങ്ങള്‍ ഗതി മാറുന്നതാണ് നല്ലത്…'കപ്പിത്താന്‍ ക്രുദ്ധനായി. ഒരു സന്ദേശം കൂടി അയച്ചു. ഇതൊരു യുദ്ധക്കപ്പലാണ് നിങ്ങളുടെ ഗതി മാറ്റിയില്ലെങ്കില്‍ വന്‍ ദുരന്തത്തിന് ഇരയാകും.' മറുപടി ഉടന്‍ ലഭിച്ചു, 'സുഹൃത്തേ ഞങ്ങള്‍ക്ക് ഗതിമാറാന്‍ സാധ്യമല്ല…ഇത് കപ്പലല്ല, ലൈറ്റ് ഹൗസാണ്. നിങ്ങള്‍ ഗതിമാറ്റി സ്വയം രക്ഷപ്പെടൂ' അപ്പോഴാണ് കപ്പിത്താന്‍ തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കിയത്. അയാള്‍ ഉടന്‍ ഗതി മാറ്റി, തലമുടി നാരിഴയ്ക്ക് കപ്പല്‍ രക്ഷപ്പെടുത്തി. ഈ കപ്പിത്താന് പിണഞ്ഞ അബദ്ധമല്ലേ നമുക്കും ജീവിതമാകുന്ന കപ്പല്‍ ഓടിക്കുമ്പോള്‍ പറ്റാറുള്ളത്. മറ്റുള്ളവര്‍ ഗതിമാറി നമുക്കനുകൂലാമാകണമെന്ന് മിക്കപ്പോഴും നാം ആഗ്രഹിക്കുന്നു. മിക്കപ്പോഴും അത് അസാധ്യവുമാണ്. പക്ഷേ നാം ഗതിമാറി ഒഴുകിയാല്‍ പ്രശ്‌നങ്ങള്‍ എത്ര സുന്ദരമായി പരിഹരിക്കാന്‍ സാധിക്കും.