വിമത ശബ്ദം മുന്നണികള്‍ ആശങ്കയില്‍; അവസാന അനുനയശ്രമങ്ങള്‍ തുടരുന്നു

Thursday 15 October 2015 8:52 pm IST

തിരുവല്ല: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ വിമതസാന്നിധ്യം മുന്നണികള്‍ക്ക് വെല്ലുവിളിയാകുന്നു.പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസാന അനുനയ ശ്രമങ്ങള്‍ക്കായി പരക്കം പായുകയാണ് മുന്നണികളിലെ നേതാക്കള്‍ . ഗ്രൂപ്പ് വഴക്കും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കീറാമുട്ടി ആയിരിക്കുന്ന സാഹചര്യത്തിലാണ് വിമത പ്രശ്‌നവും ഇരുമുന്നണികളെയും വലക്കുന്നത്. തിരുവല്ല നഗരസ'യിലും കടപ്ര ,ഇരവിപേരൂര്‍, കവിയൂര്‍ എന്നീ പഞ്ചായത്തുകളിലാണ് വിമത സാന്നിദ്ധ്യം മുന്നണികള്‍ക്ക് വെല്ലുവിളിയാകുന്നത്. തിരുവല്ല നഗരസഭയില്‍ രണ്ടിടത്താണ് വിമത സാന്നിദ്ധ്യം ഇടതുപക്ഷത്തെ വെട്ടിലാക്കിയിരിക്കുന്നത്. 39ാം വാര്‍ഡില്‍ ടൗണ്‍ മുന്‍ കൗണ്‍സിലറും വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ സുരേഷ് കുമാര്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥി ജനുമാത്യുവിനെതിരെ മത്സരിക്കുമ്പോള്‍ പാലിയക്കര വാര്‍ഡില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ബാബു പള്ളി വടക്കേതിലുമാണ് വിമത സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്.എം.പി.ഗോപാലകൃഷ്ണനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. നഗരസഭയില്‍ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ആശയകുഴപ്പം ഉണ്ടായിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നാണ് നേതാക്കളുടെ വാദം.എന്നാല്‍ പലയിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതായാണ് സൂചന. നഗരസഭക്ക് പുറമെ സമീപ പഞ്ചായത്തുകളിലും ഇരുമുന്നണികള്‍ക്കും വിമത സാന്നിധ്യം വെല്ലുവിളിയായിട്ടുണ്ട്. കവിയൂര്‍ 6ാം വാര്‍ഡില്‍ സിപിഎം മുന്‍മെമ്പര്‍ ശാന്തമ്മരാജു എല്‍ഡിഎഫിനെതിരെയും കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെ.ടി ശശി 7ാം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായും രംഗത്തുണ്ട്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെയാണ് യുഡിഎഫ് ഏഴാം വാര്‍ഡില്‍ സ്ഥാര്‍ത്ഥിയായി മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലും ഇരുമുന്നണികളും വിമത ശല്യം നേരിടുന്നു. പഞ്ചായത്തിലെ ഇടത്-വലത് രഹസ്യ ബാന്ധവത്തില്‍ സീറ്റ് നിഷേധിച്ചതിനെതുടര്‍ന്നാണ് വിമതസ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നത്.കുറ്റൂരിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. സിപിഐ -സിപിഎം തുറന്ന പോരിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. ഇരു പാര്‍ട്ടികളും സ്വന്തം നിലക്ക് ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇവിടെ നാലാംവാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎമ്മിലെ അജിയും , 11-ാം വാര്‍ഡില്‍ സിപിഎമ്മിനെതിരെ സിപിഐയിലെ സി.ടി. തോമസും രംഗത്തുണ്ട്. പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യൂത്ത്ഫ്രണ്ട് (എം)നിയോജകമണ്ഡലം പ്രസിഡന്റ് ബിനുകുരുവിളക്കെതിരെ പാര്‍ട്ടിഅംഗം ബിന്‍സി ആരാമമ്മൂട്ടില്‍ മത്സരരംഗത്തെത്തിയത് യുഡിഎഫിനും തലവേദനയായിട്ടുണ്ട് .കുറ്റൂര്‍ ബ്ലോക്ക് ഡിവിഷനില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഗോപി ദാസിനെതിരെ സിപിഐയിലെ രാജു,രാജേന്ദ്രന്‍ വെണ്‍പാല എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ 'ഭാഗമാണ് രണ്ടുപേരും സ്ഥാനാര്‍ത്ഥിയായി എത്തിയത്. കടപ്രയില്‍ അധികാര മോഹങ്ങളുമായി വീണ്ടുമെത്തുന്ന ഇടതിന് വിമതസാന്നിദ്ധ്യം ഇപ്പോള്‍ തന്നെ തലവേദനയായിട്ടുണ്ട്. പാര്‍ട്ടി കോട്ടയായിരുന്ന പരുമലയില്‍ നിലവിലെ ലോക്കല്‍ കമ്മറ്റി അംഗം പ്രഭാകരന്‍ നായര്‍ ഏഴാം വാര്‍ഡില്‍ വിമതസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.ഔദ്യോഗിക സ്ഥാനാര്‍ത്ഥി മണിയമ്മ കൊച്ചുകുട്ടനെതിരെയാണ് ഇദ്ദേഹം മത്സര രംഗത്തുള്ളത്.നാലാം വാര്‍ഡ് ജനതാദള്ളിന് കൊടുത്തിരുന്നെങ്കിലും ഔദ്യോഗിക സ്ഥാനാര്‍ത്ഥി സാലിതോമസിനെതിരെ സിപിഎം പ്രാദേശിക നേതാവിന്റെ 'ഭാര്യ രമണിയും മത്സരരംഗത്തുണ്ട്. പുളിക്കിഴ് ,ആനിക്കാട് ബ്ലോക്ക് ഡിവിഷനുകളിലും യൂഡിഎഫിനെതിരെ വിമത സാന്നിധ്യമുണ്ട്.പുളിക്കീഴ് ബ്ലോക്ക് കൊമ്പങ്കരി ഡിവിഷനില്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ ജോളി ഈപ്പനെതിരെ മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളി ജോര്‍ജ് വിമതയായി മത്സരിക്കുന്നത്. .നിരണം പഞ്ചായത്ത് 10ാം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മുന്‍ മെമ്പര്‍ അലക്‌സ് പുത്തൂപ്പള്ളിയും പത്രിക നല്‍കിയിട്ടുണ്ട്. .നാമനിര്‍ദ്ദേശ പത്രിക പിന്‍ വലിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കാനിരിക്കെ തിരക്കിട്ട ചര്‍ച്ചയിലാണ് മുന്നണി നേതാക്കള്‍. രാത്രി വൈകിയും പലകേന്ദ്രങ്ങളിലും ഇതുസബന്ധിച്ച ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നേതാക്കള്‍ നടത്തിയതായാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.