തെരഞ്ഞെടുപ്പിന് ശുചിത്വശോഭയേകാന്‍ ഹരിത പെരുമാറ്റച്ചട്ടം

Thursday 15 October 2015 9:40 pm IST

കണ്ണൂര്‍: നവംബര്‍ 2 ന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അറിയിച്ചു. കണ്ണൂരില്‍ നടന്ന ദേശീയ ഗെയിംസിലും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും ഹരിത പെരുമാറ്റച്ചട്ടം വിജയകരമായി നടപ്പാക്കിയത്. ജില്ലയില്‍ 2434 ബൂത്തുകളും 19 തെരഞ്ഞെടുപ്പ് സാമഗ്ര വിതരണകേന്ദ്രങ്ങളുമാണ് ഉള്ളത്. ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കാന്‍ ഓരോ ബൂത്തിലും രണ്ടുവീതം ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ നിയോഗിക്കും. ദേശീയ സമ്പാദ്യപദ്ധതിയിലെ 10 വീതം ഏജന്റുമാര്‍ക്കാണ് വിതരണകേന്ദ്രങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും ചുമതല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 12000 ഉദ്യോഗസ്ഥര്‍ക്ക് ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നുണ്ട്. മണ്ണ്, ജലം, വായു എന്നിവ സ്വന്തം മുഖം പോലെ ശുദ്ധമായി കാത്തുസൂക്ഷിക്കുക, പൊതുസമ്മേളനങ്ങള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയ കൂട്ടായ്മകളില്‍ ഡിസ്‌പോസിബിള്‍ സാമഗ്രികള്‍ ഉപയോഗിക്കാതിരിക്കുക, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍, ഫ്‌ളക്‌സുകള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍, പേപ്പര്‍ ഇലകള്‍ തുടങ്ങിയവ ഒഴിവാക്കി പ്രകൃതിസൗഹൃദ സാധനങ്ങള്‍ മാത്രം ഉപയോഗിക്കുക, മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കുക എന്നിവയാണ് ഹരിത പെരുമാറ്റച്ചട്ടത്തിലെ പ്രത്യേക നിര്‍ദേശങ്ങള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ അതാത് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ പ്രചാരണ സാമഗ്രികള്‍ മാറ്റേണ്ടതും ശാസ്ത്രീയമായി സംസ്‌കരണം നടത്തേണ്ടതുമാണ്. ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിന് സ്ഥാനാര്‍ത്ഥികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും സര്‍വാത്മനാ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.