സീക്കോ പട വിജയവഴിയില്‍

Thursday 15 October 2015 9:45 pm IST

ഗുവാഹത്തി: തുടര്‍ച്ചയായ മൂന്നാം കളിയിലും സെസാര്‍ ഫാരിയാസിന്റെ തന്ത്രങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ രക്ഷക്കെത്തിയില്ല. ഇന്നലെ സ്വന്തം മൈതാനത്ത് എഫ്‌സി ഗോവയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെട്ടു. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമായിരുന്നു മൂന്നെണ്ണം തിരിച്ചുവാങ്ങി തോല്‍വി നേരിട്ടത്. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചതു നോര്‍ത്ത് ഈസ്റ്റാണെങ്കിലും കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ഗോവ കാണിച്ച മിടുക്കാണ് മികച്ച വിജയം സമ്മാനിച്ചത്. 12-ാം മിനിറ്റില്‍ ഡാഡ്‌സെയിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. എന്നാല്‍ 28-ാം മിനിറ്റില്‍ ജോനാഥന്‍ ലൂക്ക, 30-ാം മിനിറ്റില്‍ റെയ്‌നാള്‍ഡോ, 70-ാം മിനിറ്റില്‍ മന്ദാര്‍ ദേശായി എന്നിവര്‍ നേടിയ ഗോളുകളിലൂടെയാണ് ഗോവ വിജയം സ്വന്തമാക്കിയത്. നാല് മത്സരങ്ങള്‍ കളിച്ച ഗോവയുടെ രണ്ടാം വിജയമാണിത്. നോര്‍ത്ത് ഈസ്റ്റ് 4-4-2 ശൈലിയിലും എഫ്‌സി ഗോവ 4-2-3-1 ശൈലിയിലുമാണ് ഇന്നലെ മൈതാനത്തിറങ്ങിയത്. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ അണിനിരത്തിയ ടീമില്‍ നിരവധി മാറ്റങ്ങളുമായാണ് സീക്കോ ഗോവന്‍ ടീമിനെ ഇന്നലെ കളത്തിലിറക്കിയത്. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ പ്രതിരോധനിരയിലെ കരുത്തന്‍ ലൂസിയോക്ക് പകരം ലൂസിയാനോ സംബ്രോസ കളത്തിലെത്തി. കഴിഞ്ഞ മത്സരങ്ങളില്‍ ഗോള്‍വലയം കാത്തി ആന്‍ഡ്രെയ്ഡിന് പകരം ലക്ഷ്മികാന്ത് കാട്ടിമാണിയും മന്ദര്‍ ദേശായി, റോമിയോ ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പകരം ബിക്രംജിത്ത് സിങും ജോനാഥന്‍ ലൂക്കയും ഡെന്‍സണ്‍ ദേവദാസിന് പകരം സി.എസ്. സബീത്തും കളത്തിലിറങ്ങി. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ അതേ ഇലവനെയാണ് നോര്‍ത്ത് ഈസ്റ്റ് കോച്ച് സെസാര്‍ ഫാരിയസ് ഇന്നും കളത്തിലറിക്കിയത്. കളിയുടെ നാലാം മിനിറ്റില്‍ തന്നെ ഗോവക്ക് കോര്‍ണര്‍ ലഭിച്ചു. വലതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ സബീത്തിന്റെ മുന്നേറ്റമാണ് കോര്‍ണറില്‍ കലാശിച്ചത്. ആറാം മിനിറ്റില്‍ ഗോവയുടെ റെയ്‌നാള്‍ഡോ ഒരു ലോങ് ഷോട്ട് പായിച്ചെങ്കിലും പന്ത് നേരെ നോര്‍ത്ത് ഈസ്റ്റ് ഗോളി ബ്രാസിഗ്ലിയാനോയുടെ കൈകളിലേക്കായിരുന്നു. 12-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ലീഡ് നേടി. സഞ്ജു പ്രധാന്‍ ഗോവന്‍ പ്രതിരോധനിരതാരത്തെ കബളിപ്പിച്ചശേഷം നല്‍കിയ അളന്നുമുറിച്ച ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ഘാന രാജ്യാന്തരതാരം ഫ്രാന്‍സിസ് ഡാഡ്‌സെ എഫ്‌സി ഗോവ വല കുലുക്കി. കഴിഞ്ഞ കളിയില്‍ ചെന്നൈയിന്‍ എഫ്‌സിയോടേറ്റ നാല് ഗോള്‍ പരാജയത്തിന്റെ ഞെട്ടലില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഗോവയുടെ കളിക്കളത്തിലെ പ്രകടനം. ഇതോടെ നോര്‍ത്ത് ഈസ്റ്റിന്റെ ആധിപത്യമായിരുന്നു മധ്യനിരയിലും മുന്നേറ്റനിരയിലും കണ്ടത്. നിരവധി അവസരങ്ങള്‍ അവര്‍ സൃഷ്ടിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സാവധാനത്തില്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഗോവ ജോഫ്രെയുടെയും ലീയോ മൗറയുടെയും സബീത്തിന്റെയും നേതൃത്വത്തില്‍ പ്രത്യാക്രമണങ്ങള്‍ നടത്തിത്തുടങ്ങി. 28-ാം മിനിറ്റില്‍ അവര്‍ സമനിലയും പിടിച്ചു. ജോനാഥന്‍ ലൂക്ക തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് സബീത്തിന്. സബീത്ത് തിരിച്ച് ബാക്ക് പാസിലൂടെ ജോഫ്രെക്ക്. ജോഫ്രെ തൊട്ടുപിന്നില്‍ നിന്ന ജോനാഥന്‍ ലൂക്കക്ക്. പന്ത് കിട്ടിയ ലൂക്ക പായിച്ച വലംകാലന്‍ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളിയെ നിഷ്പ്രഭമാക്കി വലയില്‍. തൊട്ടുപിന്നാലെ വീണ്ടും ലീഡ് നേടാന്‍ നോര്‍ത്ത് ഈസ്റ്റ് അവസരം ലഭിച്ചെങ്കിലും കഴിഞ്ഞില്ല. ഒരു മിനിറ്റിനുശേഷം ഗോവ ലീഡ് നേടി. ജോനാഥന്‍ ലൂക്ക നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ജോഫ്രെക്ക്. പന്ത് കിട്ടിയ ജോഫ്രെ ഷോട്ട് ഉതിര്‍ത്തെങ്കിലും നോര്‍ത്ത് ഈസ്റ്റ് കളിക്കാരന്റെ കാലില്‍ത്തട്ടിത്തെറിച്ചു. എന്നാല്‍ കാത്തുനിന്ന റെയ്‌നാള്‍ഡോ പായിച്ച ബുള്ളറ്റ് ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളിയെ പരാജയപ്പെടുത്തി വലയില്‍ കയറി. തുടര്‍ന്ന് ഇരുടീമുകളും ഭേദപ്പെട്ട ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ഗോവക്കോ സമനില പാലിക്കാന്‍ നോര്‍ത്ത് ഈസ്റ്റിനോ കഴിഞ്ഞില്ല. ഇതോടെ ആദ്യപകുതിയില്‍ 2-1ന്റെ ലീഡ് എഫ്‌സി ഗോവ നേടി. ആദ്യപകുതിയില്‍ പന്ത് കൂടുതല്‍ നിയന്ത്രിച്ചുനിര്‍ത്തിയത് ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് താരങ്ങളായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് എഫ്‌സി ഗോവന്‍ താരങ്ങളാണ്. രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോവന്‍ പകുതിയിലായിരുന്നു കളി. 50-ാം മിനിറ്റില്‍ യുമ്‌നം രാജു ഗോവന്‍ ബോക്‌സിലേക്ക് നല്ലൊരു ക്രോസ് നല്‍കിയെങ്കിലും ഡാഡ്‌സെക്ക് കണക്ട് ചെയ്യാന്‍ കഴിയുന്നതിന് മുന്നേ അര്‍നോലിന്‍ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ലഭിച്ച ഫ്രീകിക്കും മുതലാക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞില്ല. 55-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള സുവര്‍ണാവസരം ഗോവയുടെ സബീത്ത് നഷ്ടപ്പെടുത്തി. ജോഫ്രെ തള്ളിക്കൊടുത്ത പന്തുമായി ഇടതുവിംഗിലൂടെ കുതിച്ച റെയ്‌നാള്‍ഡോ പോസ്റ്റിന് മുന്നിലേക്ക് നല്‍കിയ ത്രൂപാസ് കണക്ട് ചെയ്യുന്നതില്‍ സബീത്തിന് പിഴച്ചു. 58-ാം മിനിറ്റില്‍ വെലസിന്റെ ഷോട്ടും 60-ാം മിനിറ്റില്‍ റീഗന്‍ നല്‍കിയ ക്രോസ് ഹെങ്ബര്‍ട്ട് ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടതും ഗോവ ഗോളി കാട്ടിമാണിയുടെ കൈകളില്‍ വിശ്രമിച്ചു. 63-ാം മിനിറ്റില്‍ ഗോവയുടെ റെയ്‌നാള്‍ഡോയുടെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ബ്രസിഗ്ലിയാനോ കയ്യിലൊതുക്കി. 67-ാം മിനിറ്റില്‍ ഗോവ ജോഫ്രെയെ പിന്‍വലിച്ച് മന്ദാര്‍ ദേശായിയെ കളത്തിലിറക്കി. 70-ാം മിനിറ്റില്‍ ഗോവ മൂന്നാം ഗോളും നേടി. ലിയനാര്‍ഡോ മൗറ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിരക്കാരുടെ ഇടയിലൂടെ തള്ളിക്കൊടുത്ത പന്ത് ബോക്‌സില്‍ നിന്ന് പിടിച്ചെടുത്ത ശേഷം മന്ദാര്‍ ദേശായി ബ്രസിഗ്ലിയാനോയുടെ കാലുകള്‍ക്കിടയിലൂടെ വലയില്‍ലെത്തിച്ചു. തൊട്ടുപിന്നാലെ മറ്റൊരു അവസരം കൂടി ദേശായിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 73-ാം മിനിറ്റില്‍ ഡാഡ്‌സെക്ക് പകരം ബ്രൂണോ എരിയാസിനെയും യുമ്‌നം രാജുവിന് പകരം റോബിന്‍ ഗുരുങിനെയും നോര്‍ത്ത് ഈസ്റ്റ് കളത്തിലിറക്കി. 78-ാം മിനിറ്റില്‍ സീക്കോ സബീത്തിനെ തിരിച്ചുവിളിച്ച് ഡാരില്‍ ഡഫിയെ കളത്തിലിറക്കി. തുടര്‍ന്നും മികച്ച ചില മുന്നേറ്റങ്ങള്‍ ഇരുടീമുകളും നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.