മൂന്നാറിലെ പെണ്‍വിജയം

Thursday 15 October 2015 9:57 pm IST

വിജയാഹ്ലാദം… ഒന്‍പതു ദിവസത്തെ സമരം വിജയം കണ്ടപ്പോള്‍
മതിമറന്ന് ആഘോഷിക്കുന്ന മൂന്നാറിലെ തോട്ടം തൊഴിലാളികള്‍

‘പെമ്പിളൈ ഒരുമൈ’ മൂന്നാറില്‍ സമരം നടത്തി നേടിയ വിജയം കേരള സമരചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ നികുതി കഴിഞ്ഞുള്ള ലാഭം മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞു എന്ന കാരണം പറഞ്ഞാണ് തൊഴിലാളികളുടെ ദിവസവേതനവും ബോണസും വെട്ടിക്കുറച്ചത്. തേയില-കാപ്പി തൊഴിലാളികള്‍ക്ക് 232 രൂപയും ഏലം തൊഴിലാളികള്‍ക്ക് 267 രൂപയും റബര്‍ തൊഴിലാളിക്ക് 377 രൂപയുമാണ് കൊടുത്തിരുന്നത്. മുഖ്യമന്ത്രിയും പ്ലാന്റേഷന്‍ ലേബര്‍ യൂണിയനുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 8.33 ശതമാനം ബോണസും 11.67 ശതമാനം ആശ്വാസധനവും കൊടുക്കാമെന്ന ധാരണയിലെത്തിയത്.

ദിവസ വേതനം പിന്നീട് നിശ്ചയിക്കും. 500 രൂപയാക്കണമെന്നായിരുന്നു ആവശ്യം. കണ്ണന്‍ ദേവന്‍ തോട്ടത്തില്‍ 13,000 തൊഴിലാളികളുണ്ട്. അവരുടെ ബോണസ് 20 ശതമാനത്തില്‍നിന്നും 10 ശതമാനമായി കുറച്ചപ്പോഴാണ് ‘പെമ്പിളൈ ഒരുമൈ’ ട്രേഡ് യൂണിയനുകളുടെ നേതൃത്വവും സഹായവുമില്ലാതെ സമരത്തിനിറങ്ങി വിജയം നേടിയത്. നൂറുവര്‍ഷം പഴക്കമുള്ള ‘ലയം’ എന്നറിയപ്പെടുന്ന ഒറ്റമുറിയിലാണ് തൊഴിലാളി കുടുംബസമേതം താമസിക്കുന്നത്. ശുചിത്വസൗകര്യമില്ലാത്ത ഇടുങ്ങിയ ലയങ്ങളില്‍ സ്ത്രീകള്‍ പീഡനത്തിനും ഇരയാകുന്നു. ഒന്‍പതു ദിവസമാണ് ഈ സാധാരണ തൊഴിലാളി സ്ത്രീകള്‍ ഒരു തുള്ളി ചോരപോലും ചിന്താതെ, തികച്ചും സംയമനത്തോടെ തെരുവിലിറങ്ങി സമരം ചെയ്ത് ലക്ഷ്യം നേടിയത്.

മൂന്നാര്‍ സമരത്തിനാധാരമായ പ്രശ്‌നങ്ങളെ സംബന്ധിച്ച് സര്‍ക്കാരിനറിവില്ലായിരുന്നു എന്ന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുറ്റസമ്മതം സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് അടിവരയിടുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് 8.31 ശതമാനം ബോണസും 11.67 ശതമാനം ആശ്വാസധനവും കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുമ്പോഴും അവരുടെ പ്രധാന ആവശ്യമായ ദിവസവേതന വര്‍ധനവിനെപ്പറ്റി അധികൃതര്‍ നിശ്ശബ്ദത പാലിക്കുകയാണ്. സ്ത്രീകള്‍ക്ക് കിട്ടുന്ന തുച്ഛമായ വേതനംകൊണ്ട് കുട്ടികളെ കേരളത്തില്‍ പഠിപ്പിക്കാന്‍ സാധിക്കാതെ തമിഴ്‌നാട്ടിലയച്ചാണവര്‍ പഠിപ്പിക്കുന്നത്. ഒരു സ്ത്രീ തൊഴിലാളി 21 കിലോ തേയില പ്രതിദിനം നുള്ളണം. ഇവരുടെ പശുക്കള്‍ തോട്ടത്തില്‍ മേയുന്നതിന് പോലും ഉടമ 100 രൂപ ഈടാക്കുന്നു. പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റിയുമായി ഒരു യോഗം നടത്തി ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം. അതോടൊപ്പം സര്‍ക്കാര്‍ പ്ലാന്റേഷന്‍ ലേബര്‍ ആക്ടും നടപ്പിലാക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ആറായിരം സ്ത്രീകളാണ് സമരത്തിനിറങ്ങിയത്. അവരുടെ ഒരു പ്രധാന ആരോപണം ട്രേഡ് യൂണിയനുകളും മാനേജുമെന്റുമായി ഒത്തുകളിച്ച് തൊഴിലാളികള്‍ക്ക് ന്യായമായി ലഭിക്കേണ്ട തുക പോലും സ്വന്തം പോക്കറ്റിലാക്കുന്നു എന്നാണ്. നേതാവ് ചമഞ്ഞ് അസംബ്ലിയില്‍ വരെ എത്തിയ ട്രേഡ് യൂണിയന്‍ നേതാവുണ്ട്. തൊഴിലാളികള്‍ക്ക് ഇതുകൊണ്ട് എന്തു പ്രയോജനം എന്നവര്‍ ചോദിക്കുന്നു. കൂടാതെ മാനേജ്‌മെന്റിനെ പ്രീണിപ്പിച്ച് ബംഗ്ലാവുകള്‍ വരെ സ്വന്തമാക്കിയ നേതാക്കളുമുണ്ട്. ചൂഷണം ഇനി നടപ്പില്ല എന്നാണ് ‘പെമ്പിളൈ ഒരുമൈ’ പ്രഖ്യാപിക്കുന്നത്. ഒരു സ്ത്രീതൊഴിലാളിക്ക് 12 മണിക്കൂര്‍ ജോലി ചെയ്താല്‍ 170 രൂപ മുതല്‍ 230 രൂപ വരെയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിദിനം 500 രൂപ കൂലിയും 20 ശതമാനം ബോണസുമെന്നത് ന്യായമായ ആവശ്യമാണ്.

ശമ്പളം നിശ്ചയിക്കുന്നത് പിന്നീടാണെന്നാണ് മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചത്. മാനേജ്‌മെന്റ് 20 ശതമാനം ബോണസ് കുറച്ചത് ലാഭത്തില്‍ കുറവുവന്നു എന്ന ന്യായീകരണത്തിലാണ്. ലാഭം 68 ശതമാനം കുറഞ്ഞുവത്രെ. ഇത് ശുദ്ധനുണയാണെന്നാണ് തൊഴിലാളികളുടെ വാദം. തൊഴിലാളികളുടെ അടിസ്ഥാന വേതനം 80-85 രൂപവരെയാണ്. 21 കിലോ തേയില നുള്ളണം. ട്രേഡ് യൂണിയന്‍ നേതാക്കള്‍ തൊഴിലാളികളുടെയും അവരുടെ ലയങ്ങളിലെയും ശോച്യാവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പോലും പരാജയപ്പെട്ടു. ഒടുവില്‍ സമരം ഭാഗികമായി വിജയിച്ചപ്പോള്‍ തൊഴിലാളികള്‍ പോലീസിനെ തോളിലേറ്റി ആഘോഷിച്ചതും ചരിത്രം കുറിച്ചു.

പോലീസ് ഇവിടെ ശത്രുസ്ഥാനത്തായിരുന്നില്ല. പതിനഞ്ചുകോടി രൂപ പ്രതിഫലം പറ്റുന്ന ഒരു സിനിമ നടനെക്കൊണ്ട് തേയില പരസ്യ ചിത്രം നിര്‍മിക്കാം. പക്ഷേ തൊഴിലാളികള്‍ക്ക് വേതനം കൊടുക്കാന്‍ നഷ്ടം അനുവദിക്കുന്നില്ലത്രെ. പെമ്പിളൈ ഒരുമൈ ഒരു സംഘശക്തിയുടെ, സ്ത്രീശക്തിയുടെ മുന്നേറ്റമാണ്. ഇത് ഒരു ആക്രമാസക്തമായ മുന്നേറ്റമാകാതെ ശ്രദ്ധിക്കേണ്ടതും അവരുടെ ന്യായമായ ആവശ്യങ്ങള്‍ അനുവദിച്ചുക്കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.