തുറന്ന കോടതിയില്‍ പട്ടികജാതിക്കാരെ അവഹേളിച്ച് ഉപലോകായുക്ത

Thursday 15 October 2015 10:10 pm IST

തിരുവനന്തപുരം: ഓപ്പണ്‍ കോര്‍ട്ടില്‍ പട്ടികജാതിക്കാരെ അവഹേളിച്ചു ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍. ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്ക് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സംഭവം. കേസിന്റെ രേഖകളും മൊഴിപ്പകര്‍പ്പുകളും അടങ്ങിയ ഫയല്‍ ലഭിക്കാത്തതാണു ബാലചന്ദ്രനെ പ്രകോപിപ്പിച്ചത്. ലോകായുക്ത പയസ് എം. കുര്യാക്കോസിന്റെ സാനിധ്യത്തിലായിരുന്നു ബാലചന്ദ്രന്റെ വിവാദ പരാമര്‍ശം. ഡിവിഷന്‍ ബെഞ്ച് ചേര്‍ന്നപ്പോള്‍ കോടതി ജീവനക്കാര്‍ പയസ് എം. കുര്യാക്കോസിനു നല്‍കിയ ഫയലില്‍ കേസുമായി ബന്ധപ്പെട്ടു വിവിധ കക്ഷികള്‍ ലോകായുക്തയില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പുകള്‍, അമ്പിളിയുടെ മൊഴിപ്പകര്‍ക്ക്, അന്വേഷണ റിപ്പോര്‍ട്ട് എന്നിവ ഉണ്ടായിരുന്നു. എന്നാല്‍ ഉപലോകായുക്തയ്ക്കു ഈ രേഖകള്‍ ലഭിച്ചില്ല. തുടര്‍ന്നായിരുന്നു കെ.പി. ബാലചന്ദ്രന്റെ രോഷപ്രകടനം. 'ഞാന്‍ എസ്‌സി ആയതുകൊണ്ടാണോ ഫയല്‍ നല്‍കാത്തത്' എന്നായിരുന്നു ഉപലോകായുക്തയുടെ ചോദ്യം. രേഖകള്‍ ലഭിക്കാത്തതിനാല്‍ ഹര്‍ജിയില്‍ അഭിപ്രായം പറയാന്‍ തയാറല്ലെന്നും ബാലചന്ദ്രന്‍ പറഞ്ഞു. അമ്പിളിക്കു സമന്‍സ് അയക്കുന്ന കാര്യത്തിലും ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നതയുണ്ടായി. ഇക്കാര്യത്തിലുള്ള തന്റെ എതിരഭിപ്രായം പരസ്യമായിത്തന്നെ ഉപലോകായുക്ത വ്യക്തമാക്കി. അമ്പിളിക്കു സമന്‍സ് അയക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പയസ് എം.കുര്യാക്കോസ് ഇതിനെ എതിര്‍ത്തു. പ്രാഥമിക അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ അമ്പിളിയെ വിസ്തരിക്കേണ്ടത് അനിവാര്യമാണ്. ബിജു രമേശിനെ മൊഴിയെടുക്കാന്‍ വിളിച്ചെങ്കിലും അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതിനാല്‍ അമ്പിളിയുടെ മൊഴി എടുത്തേ പറ്റൂവെന്ന നിലപാടില്‍ ലോകായുക്ത ഉറച്ചുനിന്നു. ഇതോടെ ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ വാദിക്കുവേണ്ടി ഹാജരായ അഡ്വ. അജിത് ജോയി അമ്പിളിക്കു സമന്‍സ് അയക്കണമെന്നു ആവര്‍ത്തിച്ചു. സമന്‍സ് അയക്കണമെന്നു ആവശ്യപ്പെടാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുള്ളതുപോലെ അയക്കേണ്ടെന്നു പറയാന്‍ തനിക്കും സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു ഉപലോകായുക്തയുടെ മറുപടി. ഡിവിഷന്‍ ബെഞ്ചിന്റെ വിയോജിപ്പ് രേഖപ്പെടുത്തേണ്ടെന്നു ലോകായുക്ത ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി. ഒടുവില്‍ ലോകായുക്തയും ഉപ ലോകായുക്തയും സമവായത്തിലെത്തുകയും സമന്‍സ് അയക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. പട്ടികജാതിക്കാരെ അവഹേളിച്ച ഉപലോകായുക്തയ്‌ക്കെതിരേ കേസ് എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.