ആനകള്‍ക്കുള്ള പട്ടയില്‍ വിഷം തളിച്ചതായി സന്ദേശം

Thursday 15 October 2015 10:26 pm IST

ഗുരുവായൂര്‍: ആനത്താവളത്തിലെ ആനകള്‍ക്ക് നല്‍കാനുള്ള പട്ടയില്‍ മാരക വിഷം തളിച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി. ആനത്താവളത്തിലെ ലാന്റ് ഫോണിലേക്ക് വന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞദിവസം രാത്രി ആറിനും ഒമ്പതിനും ഇടയില്‍ മൂന്ന് തവണയാണ് കോള്‍ വന്നത്. രണ്ട് ലോഡ് പട്ടയാണ് ഇന്നലെ രാത്രി ആനത്താവളത്തിലേക്ക് കൊണ്ടുവന്നിരുന്നത്. ഈ പട്ടയില്‍ വിഷം തളിച്ചിട്ടുണ്ടെന്നായിരുന്നു കോള്‍. ഇതേത്തുടര്‍ന്ന് ഇന്നലെ കൊണ്ടു വന്ന 10 ടണ്‍ പട്ട ആനകള്‍ക്ക് നല്‍കാതെ മാറ്റിവെച്ചു. ഇന്നലെ രാവിലെ ഗുരുവായൂര്‍ സി.ഐ. സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തോടെ പട്ടയുടെ സാമ്പിള്‍ പരിശോധനക്കായി മണ്ണുത്തിയിലെ ലാബിലേക്കയച്ചു. താമരശ്ശേരി സ്വദേശിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് കോള്‍ വന്നിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ആനത്താവളത്തിലേക്ക് പട്ട എത്തിച്ചു നല്‍കുന്ന കരാറുകാര്‍ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.