പാലാ നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് രഹസ്യധാരണ

Thursday 15 October 2015 10:23 pm IST

പാലാ: നഗരസഭയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ യുഡിഎഫ്-എല്‍ഡിഎഫ് രഹസ്യ ധാരണ. ബിജെപി ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം വച്ചാണ് പരസ്പരം വൈരികളെന്ന് നടിക്കുന്ന ഇരു മുന്നണികളും തമ്മില്‍ നടത്തുന്ന രഹസ്യധാരണ. ഇതിന് എല്‍ഡിഎഫിന്റെ കൂറ് പ്രകടിപ്പിക്കുന്നതായിരുന്നു 20-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനഃപൂര്‍വ്വം കെട്ടിവയ്ക്കാനുള്ള തുകയടയ്ക്കാതെ നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണനാടകം നടത്തിയത്. ഇടതുപകഷ കോട്ടയായി കരുതിയിരുന്ന പാലാ തെക്കേക്കരയിലെ മൂന്ന് വാര്‍ഡുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും അവരില്‍ അഡ്വ. ബിനു പുളിക്കക്കണ്ടം (വാര്‍ഡ് 15), ലതാ മോഹനന്‍ (വാര്‍ഡ് 14) എന്നിവര്‍ പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. വരാന്‍ പോകുന്ന നഗരസഭാ തെരഞ്ഞെടപ്പില്‍ 13-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. ബിനു പുളിക്കക്കണ്ടം വീണ്ടും ജനവിധി തേടുന്നുണ്ട്. ഇവിടെ ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇവിടെ ബിജുവിനെ വിജയിപ്പിക്കുന്നതിനും മറ്റ് വാര്‍ഡുകളില്‍ ഇടത് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനുള്ള യുഡിഎഫ്, എല്‍ഡിഎഫ് രഹസ്യധാരണയുടെ വെടിയൊച്ചയാണ് 20-ാം വാര്‍ഡില്‍ കേട്ടത്. 7-ാം വാര്‍ഡിലും തെക്കേക്കരയിലെതന്നെ 18-ാം വാര്‍ഡിലും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച് ഇപ്പോഴത്തെ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ചന്ദ്രികാ ദേവിയുടെ പത്രികകള്‍ തള്ളിയതിനു പിന്നിലും ഈ ധാരണയാണെന്ന് നിരീക്ഷണവും ശക്തമാണ്. ഇവിടെ 19-ാം വാര്‍ഡില്‍ മത്സരിക്കുന്നത് ചന്ദ്രികാദേവിയുടെ ഭര്‍ത്താവും പാലാ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ പ്രൊഫ. സതീഷ് ചൊള്ളാനിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.