തദ്ദേശ തെരഞ്ഞെടുപ്പിനെ സിപിഎം കയ്യൂക്കുകൊണ്ട് നേരിടുന്നു: ബിജെപി

Thursday 15 October 2015 10:27 pm IST

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ സിപിഎം കയ്യൂക്കുകൊണ്ട് നേരിടുകയാണെന്ന് ബിജെപി വക്താവ് വി.വി രാജേഷ്. കണ്ണൂരില്‍ ജനാധിപത്യ ധ്വംസനം നടത്തികൊണ്ട് സിപിഎം അത് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ പഞ്ചായത്തില്‍ പത്ത് വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീമ്പിളക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി.കെ ശ്യാമള കൂടി ഉള്‍പ്പെടുന്ന സംഘമാണ് ആന്തൂരില്‍ ഏകപക്ഷീയ പത്രികാ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയത്. ബിജെപി സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതില്‍ നിന്ന് പിന്മാറ്റുകയായിരുന്നു. കണ്ണൂരില്‍ പോലീസില്‍ നിന്നുപോലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നീതി നിക്ഷേധിക്കപ്പെട്ടിരിക്കുന്നുവെന്നും രാജേഷ് പറഞ്ഞു. മലപ്പട്ടം പഞ്ചായത്തില്‍ പത്രിക നല്‍കാനെത്തിയ ബിജെപി സ്ഥാനാര്‍ഥികളെ സിപിഎം ഗുണ്ടാ സംഘം മാരകായുധങ്ങളുമായി നേരിട്ടു. അവിടെ നിന്നും രക്ഷപെട്ട് ശ്രീകണ്ഠപുരം തഹസില്‍ദാര്‍ക്ക് മുന്നില്‍ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ ശ്രമിച്ചെങ്കിലും ഹാലിളകിയ സിപിഎം പ്രവര്‍ത്തകര്‍ ഇവരെ വഴിയില്‍ തടഞ്ഞു. പോലീസ് ഇവിടെ നോക്കുകുത്തിയായി നിന്നതല്ലാതെ അക്രമികള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയില്ല. പരിയാരം പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥിയെ പിന്താങ്ങിയ പ്രവര്‍ത്തകനെ തട്ടികൊണ്ടുപോയി ശാരീരിക പീഡനം ഏല്‍പ്പിച്ചു. എരമം കുറ്റൂരില്‍ സ്ഥാനാര്‍ഥിയായ വനിതാ നേതാവിനെ ഫോണില്‍ വിളിച്ച് സ്‌കൂളില്‍ പോകുന്ന മക്കളെ കൊല്ലുമെന്ന് സിപിഎം ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി. കണ്ണൂര്‍ ജില്ലയില്‍ സിപിഎം അക്രമ രാഷ്ട്രീയത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓശാന പാടുകയാണെന്നും രാജേഷ് കുറ്റപ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നഗരസഭയെ മുസ്ലീംലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഭജിക്കുകയായിരുന്നു. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ആന്തൂര്‍ പഞ്ചായത്തിനൊപ്പം കൂട്ടിചേര്‍ത്തു. തളിപ്പറമ്പ് നഗരസഭ ലീഗിനും പതിച്ചു നല്‍കി. തളിപ്പറമ്പ് നഗരസഭ സൈ്വര്യവിഹാരം നടത്താന്‍ കിട്ടിയതോടെ സിപിഎം ഏകപക്ഷീയ പത്രികാസമര്‍പ്പണത്തിനെതിരെ ലീഗ് മൗനം പാലിക്കുകയായിരുന്നു. സിപിഎമ്മിന് പാര്‍ട്ടി ഗ്രാമങ്ങള്‍ പടുത്തുയര്‍ത്താന്‍ സര്‍ക്കാരും  വഴങ്ങികൊടുക്കുകയായിരുന്നെന്നും രാജേഷ് ആരോപിച്ചു. സമാധാനപരമായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ സിപിഎം അനുവദിക്കില്ലെന്ന ആശങ്കയിലാണ് ജനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമ പരമ്പര അഴിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ കലുഷിതമാക്കുകയാണ് സിപിഎം അജണ്ട. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ 400 വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയത്. എന്നാല്‍ ഇക്കുറി 1200 ല്‍പരം സീറ്റിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ബിജെപിയുടെ ഈ മുന്നേറ്റത്തെ ഭയക്കുന്നതിനാലാണ് സിപിഎം കയ്യൂക്കിന്റെ ഭാഷയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പോലും അനുവദിക്കില്ലെന്ന മാടമ്പി രാഷ്ട്രീയമാണ് സിപിഎം വച്ചുപുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.