പൊന്‍കുന്നം ടൗണിലെ ഓട പുനര്‍നിര്‍മ്മാണം നിലച്ചു

Thursday 15 October 2015 10:26 pm IST

പൊന്‍കുന്നം: തിരക്കേറിയ പൊന്‍കുന്നം ടൗണിലെ ഓട പുനര്‍നിര്‍മ്മാണം നിലച്ചു. ഒരു മാസം മുമ്പ് ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായത്. നിര്‍മ്മാണം മുടങ്ങിയത് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി. ബസ്സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്ന ഭാഗത്തെ ഓട തുറന്നു കിടക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. ശക്തമായ മഴയില്‍ ഒഴുകിയെത്തുന്ന മഴവെള്ളവും മാലിന്യവും കെട്ടിനിന്ന് ടൗണില്‍ ദുര്‍ഗന്ധം പരത്തുന്നത് പകര്‍ച്ചവ്യാധി ഭീഷണിക്ക് കാരണമായിട്ടുണ്ട്. ഓടയുടെ പുനര്‍ നിര്‍മ്മാണത്തിന് സ്ലാബ് നീക്കം ചെയ്ത കുഴികളില്‍ യാത്രക്കാര്‍ വീഴുന്നതും വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യസംഭവമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് അപകടത്തില്‍പെടുന്നവരില്‍ ഏറെയും. മിക്ക വ്യാപാര സ്ഥാപനങ്ങളുടെയും മുമ്പിലുള്ള സ്ലാബുകള്‍ ഇളക്കി നീക്കിയത് കച്ചവടത്തെ ബാധിച്ചു. ഓടയുടെ പുനര്‍നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നു.