കൂടുതല്‍ സേവനങ്ങള്‍ക്ക് ആധാര്‍ ബാധകമാക്കി സുപ്രീംകോടതി

Thursday 15 October 2015 10:56 pm IST

ന്യൂദല്‍ഹി: കൂടുതല്‍ സര്‍ക്കാര്‍ സേവന പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് ബാധകമാക്കി സുപ്രീംകോടതി ഉത്തരവ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വിവിധ ക്ഷേമ പെന്‍ഷനുകള്‍, പ്രൊവിഡന്റ് ഫണ്ട്, പ്രധാനമന്ത്രി ജനധനയോജന എന്നിവയ്ക്കാണ് ആധാര്‍ ബാധകമാക്കിയത്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ എട്ടോളം സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ബാധകമാകും. പാചകവാതക സബ്‌സിഡി കാര്യത്തിലെന്നപോലെ തന്നെ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ ആവശ്യമെങ്കില്‍ മാത്രം തെരഞ്ഞെടുത്താല്‍ മതിയെന്നും നിര്‍ബന്ധമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. റേഷന്‍ വിതരണത്തിനും എല്‍പിജി സബ്ഡിസിക്കും മാത്രമേ ആധാര്‍ രേഖയായി പരിഗണിക്കാവൂ എന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ സേവനങ്ങളെ ആധാറിന് കീഴിലാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍, റിസര്‍വ് ബാങ്ക്, ട്രായ്, സെബി എന്നിവയെല്ലാം ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികള്‍ പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. വിധവ പെന്‍ഷന്‍, വാര്‍ദ്ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നീ പെന്‍ഷന്‍ പദ്ധതികളാണ് ആധാറിന് കീഴിലാക്കിയത്. ഇരുപത് കിലോമീറ്റര്‍ യാത്ര ചെയ്ത് പെന്‍ഷന്‍ വാങ്ങാന്‍ പോകുന്ന പാവപ്പെട്ട വിധവയ്ക്ക് ആധാര്‍ കാര്‍ഡുണ്ടെങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ പെന്‍ഷന്‍ തുക വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതി നിലവിലുണ്ടെന്നും ഈ പദ്ധതി ആവശ്യമാണെങ്കില്‍ അവര്‍ ആധാര്‍ എടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. ഇതംഗീകരിച്ചാണ് പെന്‍ഷനുകള്‍ക്ക് ആധാര്‍ ബാധകമാക്കാന്‍ അനുമതി നല്‍കിയത്. ആധാര്‍ കാര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ അന്തിമ വിധി വരുന്നതു വരെ ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ ഹര്‍ജി മറ്റൊരു ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടുണ്ട്. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണോയെന്നതടക്കമുള്ള കാര്യങ്ങളാണ് ബെഞ്ച് പരിശോധിക്കുക. ആധാര്‍ കാര്‍ഡ് ഇനി പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 92 കോടി ആളുകളാണ് ആധാര്‍ കാര്‍ഡ് എടുത്തതെന്നും അതിനാല്‍ തന്നെ ഇനിയതു പിന്‍വലിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി കോടതിയെ ബോധിപ്പിച്ചിരുന്നു. ഒരു സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.