ഡ്രൈവറെക്കൊണ്ട് ചെരുപ്പ് അഴിപ്പിച്ച സ്പീക്കര്‍ വിവാദത്തില്‍

Thursday 15 October 2015 11:02 pm IST

തിരുവനന്തപുരം: തന്റെ ഡ്രൈവറെക്കൊണ്ട് ചെരുപ്പിന്റെ വാര്‍ അഴിപ്പിച്ച സ്പീക്കര്‍ എന്‍. ശക്തന്റെ നടപടി വന്‍വിവാദത്തിലായി. കഴിഞ്ഞ ദിവസം നിയമസഭാ വളപ്പിലെ കരനെല്‍കൃഷിയുടെ വിളവെടുപ്പിനിടെയായിരുന്നു സ്പീക്കറുടെ ചെരുപ്പ് ഡ്രൈവര്‍ ബിജു അഴിച്ചുകൊടുത്തത്. സംഭവം ദേശീയമാധ്യങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തതോടെ വന്‍ പ്രതിഷേധമുയരുകയും ചെയ്തു. എന്നാല്‍ കണ്ണിന് അപൂര്‍വമായ രോഗം ബാധിച്ചിരിക്കുന്നതിനാല്‍ കുനിയാന്‍ വയ്യാത്തതുകൊണ്ട് ഡ്രൈവര്‍ സഹായിച്ചതാണെന്ന വിശദീകരണവുമായി സ്പീക്കര്‍ രംഗത്തെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് പാടത്തിറങ്ങി നെല്ലു കൊയ്തശേഷം മെതിക്കാനായി വിരിച്ച പായയില്‍ കയറുന്നതിനാണ് സ്പീക്കര്‍ കാലിലെ ചെരുപ്പ് ഊരിയത്. വാറുള്ള ചെരുപ്പായതിനാല്‍ സ്പീക്കറുടെ ഡ്രൈവര്‍ ബിജു കുനിഞ്ഞ് സ്പീക്കറുടെ ചെരുപ്പിന്റെ വാര്‍ അഴിച്ചു കൊടുക്കുകയായിരുന്നു. കൃഷിമന്ത്രി കെ.പി. മോഹനന്‍, നിയമസഭാ ജീവനക്കാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതോടെ സ്പീക്കര്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു. എന്നാല്‍ തനിക്ക് 18 വര്‍ഷത്തോളമായി ഡയബറ്റിക് റെറ്റിനോപ്പതി എന്ന നേത്രരോഗമുണ്ടെന്നും അതിനാല്‍ ഒരുപാട് കുനിയാന്‍ സാധിക്കില്ലെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ വിശദീകരിച്ചു. കുനിയാന്‍ കഴിയാത്തതിനാലാണ് 17 വര്‍ഷമായി സന്തതസഹചാരിയായ ബന്ധുവും ഡ്രൈവറുമായ ബിജു വാറഴിച്ച് ചെരുപ്പ് ഊരാന്‍ സഹായിച്ചത്. താന്‍ ചെരുപ്പ് അഴിക്കാന്‍ ബിജുവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. തനിക്ക് ഈ രോഗം മൂലം അധികം കുനിയാനോ കൈകൊണ്ട് ഭാരമുള്ളവ എടുക്കാനോ കഴിയില്ല. ഡയബറ്റിസ് മൂലം റെറ്റിനയിലെ ഞരമ്പ് പൊട്ടി രക്തംവരികയാണ് സംഭവിക്കുക. കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടും. 45-ാമത്തെ വയസ്സിലാണ് തനിക്ക് ഈ രോഗം പിടിപെട്ടത്. മധുരയിലെ അരവിന്ദ് ആശുപത്രിയില്‍ ചികിത്സിച്ചാണ് ഭേദമാക്കിയത്. സാധാരണ ഇതുണ്ടായാല്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാറാണ് പതിവ്. എന്നാല്‍ തനിക്ക് ഭാഗ്യവും ദൈവാനുഗ്രഹവും മൂലം ചികിത്സയിലൂടെ കാഴ്ച തിരിച്ചു കിട്ടുകയാണുണ്ടായതെന്നും സ്പീക്കര്‍ പറഞ്ഞു. കണ്ണിന് മാത്രമേ ഈ കുഴപ്പമുള്ളൂ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. ചെരുപ്പ് ഊരി മാറ്റേണ്ട സ്ഥലങ്ങളില്‍ പോകുമ്പോള്‍ വാറില്ലാത്ത ചെരുപ്പാണ് ധരിക്കുക. എന്നാല്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് വാറുള്ള ചെരുപ്പ് ധരിച്ചത്. കറ്റ മെതിക്കാന്‍ പായില്‍ കയറേണ്ടിവന്നപ്പോള്‍ ചെരുപ്പ് ഊരുന്നതാണ് നല്ലതെന്ന് തോന്നി. ചെരുപ്പ് ധരിച്ച് കറ്റ മെതിക്കേണ്ട എന്നുവിചാരിച്ചാണ് ചെരുപ്പ് ഊരാന്‍ ശ്രമിച്ചത്. അതുകണ്ട ബിജു കണ്ണിന്റെ രോഗവിവരം അറിയുന്നതിനാല്‍ വാറഴിച്ച് സഹായിക്കുകയായിരുന്നു. അല്ലാതെ മനപ്പൂര്‍വം ചെരുപ്പ് അഴിപ്പിക്കുകയല്ലായിരുന്നു. തന്റെ രോഗവിവരം രാഷ്ട്രീയ എതിരാളികള്‍ക്കും ഭരണപ്രതിപക്ഷ എംഎല്‍എമാര്‍ക്കും നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും അറിയാം. താന്‍ തലക്കനം കാണിക്കാതെ, പദവി നോക്കാതെ എല്ലാവരുമായും നല്ലരീതിയില്‍ ഇടപെടുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. ഇത്തരമൊരു വിവാദം ഉണ്ടായതില്‍ വിഷമമുണ്ട്. ശാരീരിക ബുദ്ധിമുട്ടു മൂലമാണ് ഇത് സംഭവിച്ചതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തന്നോട് ചെരുപ്പിന്റെ കെട്ടഴിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വാദവുമായി ഡ്രൈവര്‍ ബിജുവും രംഗത്തെത്തി. താന്‍ ചെയ്ത സഹായം വിവാദമായി മാറിയതില്‍ ദുഃഖമുണ്ട്. ചെരുപ്പിന്റെ കെട്ടഴിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ ആദ്യം തടയുകയായിരുന്നെന്നും ബിജു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.