കേസരി സദസ്സ് വീണ്ടും സജീവമാകുന്നു

Thursday 15 October 2015 11:16 pm IST

കേസരി സ്മാരക ട്രസ്റ്റ് കേസരി സ്മാരക ഹാളില്‍ സംഘടിപ്പിച്ച കേസരി സദസ്സ് പുതുശ്ശേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. കെയുഡബ്ല്യുഡെ ജില്ലാ പ്രസിഡന്റ് സി. റഹിം, സെക്രട്ടറി ബി.എസ്. പ്രസന്നന്‍ സമീപം

തിരുവനന്തപുരം: എഴുപത്തിയഞ്ചുവര്‍ഷം മുമ്പ് കേരളത്തിന്റെ സാഹിത്യ-സാംസ്‌കാരിക രംഗത്ത് നവോത്ഥാനത്തിന്റെ കാഹളമൂതിയ കേസരി സദസ്സ് വീണ്ടും സജീവമാകുന്നു. കേരളപത്രപ്രവര്‍ത്തകയൂണിയന്റെ ആസ്ഥാനമന്ദിരമായ കേസരിമന്ദിരത്തിലാണ് കേസരി ബാലകൃഷ്ണപിള്ളയുടെ സ്മരണകളുണര്‍ത്തി കേസരി സദസ്സ് നടന്നത്.
സ്വതന്ത്രചിന്തയുടെ വസന്തോദയത്തിന്റെ പ്രവാചകനായിരുന്നു കേസരിയെന്ന് സദസ്സ് ഉദ്ഘാടനംചെയ്ത പുതുശ്ശേരി രാമചന്ദ്രന്‍ പറഞ്ഞു. ഭാഷ പുതിയഭാവുകത്വം സൃഷ്ടിക്കാന്‍ തയ്യാറെടുക്കണമെന്നാണ് 75 വര്‍ഷം മുമ്പേ കേസരി ആഹ്വാനം ചെയ്തത്. സമസ്തമേഖലയിലും ആധുനികവത്കരണത്തിന്റെ പാതവെട്ടിത്തുറക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സാഹിത്യകാരന്മാര്‍ നാട്ടുകാരുടെ ഭാഷയില്‍ അവരോട് സംവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
മോപ്പസാങ്ങ്, ഇബ്‌സണ്‍, തുടങ്ങിയ ആധുനികകാലത്തെ എഴുത്തുകാരെയും ചിന്തകരെയും നാടകകൃത്തുക്കളെയും മലയാളിക്ക് പരിചപ്പെടുത്തിയത് കേസരി ബാലകൃഷ്ണപിള്ളയായിരുന്നു. തകഴിയും എന്‍. കൃഷ്ണപിള്ളയുമൊക്കെ കേസരിസദസ്സിന്റെ സൃഷ്ടികളാണ്. അക്കാലത്തെ പ്രമുഖരായ എല്ലാ എഴുത്തുകാരും കേസരിയുടെ അവതാരികക്കായി കാത്തുകെട്ടികിടന്നിരുന്നുവെന്നും അദ്ദേഹം ചണ്ടിക്കാട്ടി.
പത്രപ്രവര്‍ത്തകയൂണിയന്‍ ജില്ലാപ്രസിഡന്റ് സി.റഹിം, സെക്രട്ടറി ബി.എസ്.പ്രസന്നന്‍, ട്രഷറര്‍ പി.ശ്രികുമാര്‍, , സംസ്ഥാനസെക്രട്ടറി മുസാഫിര്‍, എഴുത്തുകാരായ ബി.മുരളി, എബ്രഹാം മാത്യു, സരിതവര്‍മ്മ, എല്‍.അതിജ്, തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. സുരേഷ് വെള്ളിമംഗലം പുതുശ്ശേരി രാമചന്ദ്രനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.