ബിജെപി സ്ഥാനാര്‍ത്ഥിക്ക് വീടുനല്‍കി എന്ന വ്യാജ പോസ്റ്റര്‍ വിവാദമാകുന്നു

Thursday 15 October 2015 11:36 pm IST

മലയിന്‍കീഴ്: ബിജെപി വലിയറത്തല വാര്‍ഡ് സ്ഥാനാര്‍ത്ഥി ഇന്ദുവിന് വീടുനല്‍കിയെന്നു കാണിച്ച് പോസ്റ്റര്‍ പതിച്ചത് വിവാദമായി. വീടു നല്‍കുകയോ നടപടികള്‍ യാതൊന്നും സ്വീകരിക്കുകയോ ചെയ്യാതെയാണ് വ്യാജപോസ്റ്റര്‍ പതിച്ചത്. മുന്‍ പഞ്ചായത്ത് അംഗം ഗോപന്റെ നേതൃത്വത്തിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് നരുവാംമൂട് പോലീസ് എത്തി പോസ്റ്ററുകള്‍ വാങ്ങിക്കൊണ്ടുപോവുകയും ബാക്കിയുള്ളവ നശിപ്പിക്കുകയും ചെയ്തു. ഇടിഞ്ഞ് നിലംപൊത്താറായ വീട്ടില്‍ അടുത്തിടെയാണ് ഇന്ദുവിന്റെ അമ്മ മരിച്ചത്. മരണത്തിനെത്തിയവരുള്‍പ്പെടെ വീടിന്റെ ശോചനീയാവസ്ഥ വാര്‍ഡ് മെമ്പറെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കൃഷ്ണപുരം ജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കുമെന്നും അറിയിച്ചു.