ശിവസേന മണ്ഡലം പ്രസിഡന്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Thursday 15 October 2015 11:37 pm IST

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയിലെ അതിയന്നൂര്‍ വാര്‍ഡില്‍ ശിവസേന മണ്ഡലം സെക്രട്ടറിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുനുള്ള നീക്കംമൂലം പാര്‍ട്ടിയില്‍ പൊട്ടിത്തെറി. പാര്‍ട്ടി സസ്‌പെന്റു ചെയ്ത നഗരസഭാ ചെയര്‍മാന്റ വാര്‍ഡിലാണ് ശിവസേന നേതാവിനെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചെര്‍മാനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റു ചെയ്തത്. ഇതേതുടര്‍ന്ന് പത്രസമ്മേളനം വിളിച്ച്് കെപിസിസി പ്രസിഡന്റിനെ ചെയര്‍മാന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതിയന്നൂര്‍ വാര്‍ഡില്‍ നഗരസഭ ചെയര്‍മാന്‍ തന്നെ മത്സരിക്കുമെന്ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. പിന്‍വലിക്കാനുള്ള തീയതിക്കുമുമ്പ് പാര്‍ട്ടിയില്‍ തിരികെ എടുത്ത് കൈപ്പത്തി ചിഹ്നം നല്‍കാനുള്ള നീക്കത്തിലായിരുന്നു. ഇതനുസരിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചെയര്‍മാന്‍ പത്രിക നല്കി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന നിമിഷം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം വാര്‍ഡിലെ ബൂത്ത് കമ്മറ്റി പ്രസിഡന്റ് സുനില്‍കുമാറും പത്രിക നല്‍കി. കൂടാതെ സുനില്‍കുമാറിന്റെ സഹോദരന്‍ ജിനുകുമാറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്കിയിരുന്നു. സൂക്ഷ്മപരിശോധനയില്‍ സുനില്‍കുമാറിന്റെ പത്രിക തള്ളി. ഇതോടെ പാര്‍ട്ടിക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലാതായി. കെപിസിസി പ്രസിഡന്റ് തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ ചെയര്‍മാനെ തിരികെ എടുക്കാനുള്ള നീക്കം ഫലം കണ്ടില്ല. ഇതോടെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് സുനില്‍കുമാര്‍ സഹോദരനെ ശിവസേനയില്‍ നിന്നു രാജിവയ്പ്പിച്ച് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിപ്പിക്കാന്‍ നേതൃത്വത്തിന്റെ അനുമതി വാങ്ങുകയായിരുന്നു. ചെയര്‍മാന്‍ കോണ്‍ഗ്രസ് റിബലായി ഇവിടെ മത്സരിക്കുന്നുണ്ട്. ശിവസേന പ്രവര്‍ത്തകനെ മത്സരിപ്പിക്കാനുള്ള നീക്കെത്തിനെതിരെ പാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു.കിളിമാനൂരില്‍ ശിവസേന മണ്ഡലം സെക്രട്ടറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നു. കിളിമാനൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പുതുമംഗലത്ത് മത്സരിക്കുന്ന എസ്. ഷാജി നിലവില്‍ ശിവസേന ഭാരവാഹികയാണ്. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷാജി അടുത്തിടെ ശിവസേനയുടെ യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായി. ഷാജിയെ കോണ്‍ഗ്രസ്സുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ചാണ് ഇദ്ദേഹം ശിവസേനയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ പിണക്കവും ശിവസേനയിലെ ഭാരവാഹിത്വവും മറന്ന് അദ്ദേഹം പഴയ ലാവണത്തിലേക്ക് മടങ്ങുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.