ഷംസുദ്ദീനില്‍ ഇനി വിജേഷിന്റെ ഹൃദയത്തുടിപ്പ്

Friday 16 October 2015 11:02 pm IST

കോഴിക്കോട്: അവിശ്വസനീയമായ വേഗത്തില്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ നിന്നും ആംബുലന്‍സുകള്‍ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലേക്ക് കുതിച്ചെത്തിയത് ഷംസുദ്ദീനിന്റെ ഹൃദയത്തുടിപ്പായി മാറി. മട്ടന്നൂര്‍ പുളിയങ്ങോട്ടെ ലക്ഷം വീട് കോളനിയില്‍ വിജയന്റെ മകനായ വിജേഷ് കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ തലയ്ക്ക് വെടിയേറ്റ് മരണത്തിന് കീഴടങ്ങുകയായിരുന്നു. വിജേഷിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതമേകിയതോടെയാണ് മെട്രോ ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള മഞ്ചേരി മുള്ളമ്പാറ സ്വദേശി ഷംസുദ്ദീന് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് അവസരമൊരുങ്ങിയത്. മറ്റ് അവയവങ്ങള്‍ കൂടി ദാനം ചെയ്യാന്‍ ധാരണയായതോടെ ഉത്തരമേഖലാ എഡിജിപി എന്‍.ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പോലീസ് സേനയും ദേശീയ പാതയില്‍ കാവല്‍ നിന്നു. ഒന്നര മണിക്കൂര്‍ തികയുന്നതിന് മുമ്പ്, കണ്ണൂരില്‍ നിന്ന് പുറപ്പെട്ട മെഡിക്കല്‍ സംഘം കോഴിക്കോട്ട് എത്തിയതോടെ മെട്രോ കാര്‍ഡിയാക് ആശുപത്രി, മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍, മിംസ് ഹോസ്പിറ്റല്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവ അവയവമാറ്റ ശസ്ത്രക്രിയക്ക് സജ്ജമായി. ഷംസുദ്ദീനെന്ന 54 കാരന്റെ ശരീരത്തില്‍ വിജേഷിന്റെ ഹൃദയം തുന്നിച്ചേര്‍ത്തു. ഇതോടെ മലബാറിലെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി. കരള്‍ മിംസ് ആശുപത്രിയിലുള്ള ഒറ്റപ്പാലം സ്വദേശിയായ 52 കാരനും, വൃക്കകളില്‍ ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള കണ്ണൂര്‍ സ്വദേശിയായ 24 കാരനും ഒരു വൃക്ക ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ രോഗിക്കുമാണ് നല്‍കിയത്. കണ്ണുകള്‍ നേരത്തെ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമാണെന്നും ഷംസുദ്ദീന്‍ ആരോഗ്യവാനാണെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. അവയവദാനത്തിന് കളമൊരുങ്ങിയതോടെ ചീഫ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വ്യാഴാഴ്ച രാത്രി കണ്ണൂരിലെ എകെജി ആശുപത്രിയിലെത്തുകയും 9.45 ഓടെ ശസ്ത്രക്രിയ നടത്തി ഹൃദയം വിജേഷിന്റെ ശരീരത്തില്‍ നിന്നും പുറത്തെടുക്കുകയുമായിരുന്നു. പിന്നീടാണ് ഹൃദയവുമായി മെഡിക്കല്‍ സംഘം അതിവേഗതയില്‍ കോഴിക്കോട്ടേയ്ക്ക് തിരിച്ചത്. സങ്കീര്‍ണമായ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ചീഫ് കാര്‍ഡിയാക് സര്‍ജന്‍ പ്രൊഫ. ഡോ. വി നന്ദകുമാര്‍, ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോ. പിപി മുഹമ്മദ് മുസ്തഫ, ഡോ. അശോക് ജയരാജ്, ഡോ. രോഹിക് മിഖ, ഡോ. ശിശിര്‍ ബാലകൃഷ്ണന്‍, ഡോ. ബിജു, ഡോ. പി.വി ഗിരീഷ്, ഡോ. അബ്ദുല്‍ റിയാസ്, ഡോ. സ്‌മേര കോറോത്ത്, ഡോ. ഷിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി. മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒറ്റപ്പാലം സ്വദേശിയായ 52 കാരന് വിജേഷിന്റെ കരള്‍ അനുയോജ്യമാണെന്ന് വ്യക്തമായതോടെ ഡോ.രോഹിത്ത്, ഡോ.മിഷാല്‍ എന്നിവര്‍ കണ്ണൂരിലെത്തി കരള്‍ ഏറ്റുവാങ്ങി. ഡോ. രാജേഷ് നമ്പ്യാര്‍, ഡോ.സജേഷ് സഹദേവന്‍, ഡോ. സീതാ ലക്ഷ്മി, ഡോ. കിഷോര്‍, ഡോ. പ്രീത എന്നിവരുടെ നേതൃത്വത്തിലാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കുക. കണ്ണൂര്‍ സ്വദേശിയായ 24കാരന് വേണ്ടി കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡിപിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജേഷിന്റെ വൃക്ക ഏറ്റുവാങ്ങിയത്. ഡോ. ശ്രീലത, യൂറോളജി വിഭാഗം മേധാവി ഡോ. ഫെലിക്‌സ് കാര്‍ഡോസ, ഡോ. അനൂപ്, അനസ്‌തേഷ്യ മേധാവി ഡോ. രാംദാസ്, ട്രാന്‍സ്പല്‍ന്റ് കോ- ഓര്‍ഡിനേറ്റര്‍ അനു ജിജി എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി. ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ള രോഗിക്ക് വേണ്ടി ഡോ. സന്തോഷ് രണ്ടാമത്തെ വൃക്ക ഏറ്റുവാങ്ങി. തോമസ് മാത്യു, ഡോ.സുനില്‍ ജോര്‍ജ്ജ്, യൂറോളജി മേധാവി ഡോ.റോയി ചാലി, പൗലോസ് ചാലി, അബ്ദുള്‍ അസീസ്, ഡോ. രാംദാസ് എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.