വിമതരെ അനുനയിപ്പിക്കാന്‍ മുന്നണികള്‍ നെട്ടോട്ടത്തില്‍

Friday 16 October 2015 12:59 pm IST

മലപ്പുറം: പത്രികാ സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും കഴിഞ്ഞു. ഇനി നാളെ വൈകുന്നേരം അഞ്ച് മണിവരെ പത്രിക പിന്‍വലിക്കാനുള്ള സമയമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ വിമതര്‍ ഉള്ളതും മലപ്പുറം ജില്ലയിലാണ്. സംസ്ഥാന രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന ''സൗഹൃദ മത്സരങ്ങള്‍'' ഏറ്റവും കൂടുതല്‍ നടക്കുന്നതും മലപ്പുറത്താണ്. ചിരവൈരികളായ കോണ്‍ഗ്രസും സിപിഎമ്മും തോളോടുതോള്‍ ചേര്‍ന്ന് മത്സരിക്കുന്ന കാഴ്ചയും ജില്ലയുടെ പ്രത്യേകതയാണ്. ബിജെപിയുടെ മുന്നേറ്റം ഏത് വിധേനയും തടയാന്‍''സര്‍വ്വ കക്ഷി സഖ്യങ്ങള്ള്‍'' തല പൊക്കിയിരിക്കുന്നു. എന്തായാലും വിമതരുടെ എണ്ണമാണ് മുന്നണികളെ അലട്ടുന്ന പ്രധാന പ്രശ്‌നം. പല സ്ഥാനാര്‍ത്ഥികളുടെയും ജയസാധ്യത ഇല്ലതാക്കുന്ന പ്രധാന ഘടകം വിമതര്‍ തന്നെയാണെന്ന് മിക്ക സ്ഥാനാര്‍ത്ഥികളും തുറന്ന് സമ്മതിക്കുന്നു. ഏറ്റവും കൂടുതല്‍ റിബലുകള്‍ മത്സരിക്കുന്നത് കോണ്‍ഗ്രസില്‍ നിന്നാണെന്നാണ് അനൗദ്യോഗിക കണക്ക്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ലീഗിന് അവകാശപ്പെട്ടതാണ്. യഥാര്‍ത്ഥത്തില്‍ പല വാര്‍ഡുകളിലും യുഡിഎഫ് വോട്ടുകള്‍ നാലായി പിരിയാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസ്, ലീഗ്, കേരള കോണ്‍ഗ്രസ് വിമതര്‍ ഇങ്ങനെ പോകുന്നു സൗഹൃദ മത്സരക്കാരുടെ വിവിധ രൂപങ്ങള്‍. സ്വന്തം സ്ഥാനാര്‍ത്ഥിയുടെ ജയത്തേക്കാള്‍ ചില വാര്‍ഡുകളില്‍ ചിലരുടെപക്ഷം പിടിക്കാന്‍ സിപിഎമ്മും ഒരുങ്ങി കഴിഞ്ഞു. എന്തായാലും ബിജെപി ക്യാമ്പില്‍ തികഞ്ഞ ആശ്വാസവും ആത്മവിശ്വാസവുമാണ്. കാരണം, ഒരു വിമത സ്ഥാനാര്‍ത്ഥി പോലും ബിജെപിക്കെതിരെ രംഗത്തില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.