കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ശരാശരിയേക്കാള്‍ താഴെ

Friday 16 October 2015 1:34 pm IST

സ്വന്തം ലേഖകന്‍ കോഴിക്കോട്: ഭരണ മികവിന്റെ പേരിലാണ് ഇടതു മുന്നണി കോഴിക്കോട് കോര്‍പ്പറേഷനില്‍ വീണ്ടും വോട്ടു തേടുന്നതെങ്കിലും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂമ്ടിക്കാണിക്കുന്നത് ഭരണവീഴ്ചയും ഗുരുതര ക്രമക്കേടും. എന്നാല്‍ വിരമിച്ച രണ്ട് കോളജ് പ്രൊഫസര്‍മാര്‍ മേയറും ഡപ്യൂട്ടി മേയറുമായി ഭരിച്ച നഗരത്തില്‍ നടന്നത് സാമ്പത്തിക ക്രമക്കേടുകള്‍ നിറഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണമാണെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ 2014 വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളത്. എന്നാല്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ പ്രതിപക്ഷം ഭരണപക്ഷവുമായി ഒത്തുകളിക്കുകയായിരുന്നു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള പ്രവര്‍ത്തനക്ഷമത ഓഡിറ്റ്, അനുവര്‍ത്തിത ഓഡിറ്റ് ഫലങ്ങളാണ് 124 പേജുള്ള റിപ്പോര്‍ട്ടില്‍ ഉള്ളത്. ആമുഖത്തില്‍ത്തന്നെ കോഴിക്കോട് കോര്‍പ്പറേഷന്റെ ക്രമക്കേടുകളെക്കുരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സാമൂഹ്യ സേവന മേഖലയില്‍ 51.53 ലക്ഷം ചെലവഴിച്ച് നിര്‍മ്മിച്ച ആസ്തികള്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജുവനൈല്‍ ഹോം പരിസരത്ത് ജലസേചന സംവിധാനം നിര്‍മ്മിക്കാന്‍ 15 ലക്ഷം രൂപ ചെലവഴിച്ച് ജലസംഭരണിയും പമ്പ് സ്ഥാപിക്കലും നടന്നു. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാത്തത് കാരണം 8.21 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് കണക്കാക്കുന്നു. കോര്‍പ്പറേഷനില്‍ നിര്‍മ്മാണമാരംഭിച്ച 13 അംഗനവാടി കെട്ടിടങ്ങള്‍ പണി പകുതിയാക്കി കരാറുകാരന്‍ ഉപേക്ഷിച്ചു. വനിതാ വിപണന കേന്ദ്രം, വനിതാ പരിശീലന കേന്ദ്രം എന്നിവയുടെ നിര്‍മ്മാണം, ഫുഡ് അനലറ്റിക്കല്‍ ലബോറട്ടറി എന്നിവയും പ്രവര്‍ത്തന ക്ഷമമായില്ല. 62.96 ലക്ഷം രൂപയാണ് ഇതിലൂടെ പാഴായത്. പാളയം ബസ് സ്റ്റാന്റ്, പുതിയ സ്റ്റാന്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ 3 ബയോഗ്യാസ് പ്ലാന്റുകള്‍ക്കായി 37.84 ലക്ഷം രൂപയാണ് പാഴായത്. 2005 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് തെരുവ് വിളക്കുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേകം രജിസ്റ്റര്‍ ഏര്‍പ്പെടുത്തണം. എന്നാല്‍ 2010 മുതല്‍ 2012 മാര്‍ച്ച് വരെ 7.83 കോടി രൂപ ചെലവഴിച്ചെങ്കിലും ഇതിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല. കേരള സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി 24.25 ലക്ഷം ചെലവാക്കി വാങ്ങിയ ജംഗമ ആസ്തികളായ ഡമ്മര്‍ കണ്ടെയ്‌നര്‍, പവര്‍ സ്‌പ്രെയര്‍, എന്നിവ കോഴിക്കോട് കോര്‍പ്പറേഷന് കൈമാറിയെങ്കിലും അവ കോര്‍പ്പറേഷന്റെ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് ചൂണ്ടിക്കാണിക്കുന്നു. സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും കോഴിക്കോട് നഗരസഭ മുന്‍ഗണന നല്‍കു ന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നഗരത്തിലെ 19 ആര്‍സിഎച്ച് കേന്ദ്രങ്ങളില്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയും മറ്റു 14 കെട്ടിടങ്ങളില്‍ കഴിഞ്ഞ 9 വര്‍ഷമായി ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2008 മുതല്‍ 13 വരെയുള്ള കാലയളവില്‍ ആസ്തി പരിപാലനത്തെ സംബന്ധിച്ച പ്രവര്‍ത്തനക്ഷമതാ ഓഡിറ്റിലും കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രവര്‍ത്തന വൈകല്യം മുഴച്ചു നില്‍ക്കുന്നു. ഓഡിറ്റ് കാലയളവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ആസ്തി നിര്‍മ്മാണത്തിനായി 481.27 കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍ 117.67 കോടി രൂപ മാത്രമാണ് ചെലവാക്കാന്‍ കഴിഞ്ഞത്. 24 ശതമാനം മാത്രം. എന്നാല്‍ ഏറ്റവും കുറഞ്ഞ ഫണ്ട് വിനിയോഗം നടത്തിയ തിരുവനന്തപുരം കോര്‍പ്പറേഷന്‍, ആലപ്പുഴ മുനിസിപ്പാലിറ്റി എന്നിവയുടെ നാലു ശതമാനത്തേക്കാള്‍ കോഴിക്കോട് മുന്നില്‍ നില്‍ക്കുന്നുവെന്ന് ഭരണാധികാരികള്‍ക്ക് ആശ്വസിക്കാം. ഗുരുതരമായ പിഴവുകളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.എന്നാല്‍ ഇതൊക്കെ മറച്ചുവെച്ചുകൊണ്ടാണ് എല്‍ഡിഎഫ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തരം വിഷയങ്ങളൊന്നും ചര്‍ച്ചയില്‍ വരാതിരിക്കാനാണ് എല്‍ഡിഎഫ് മറ്റു വിവാദങ്ങള്‍ ഉയര്‍ത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.