ഇടതുമുന്നണിയില്‍ റിബലുകളുടെ അങ്കം

Friday 16 October 2015 4:00 pm IST

ചാത്തന്നൂര്‍: ചാത്തന്നൂര്‍ പഞ്ചായത്തില്‍ ഇടതുമുന്നണിയില്‍ റിബലുകള്‍ മാത്രം. ചാത്തന്നൂര്‍ പഞ്ചായത്തില്‍ നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സിപിഎമ്മിലെ എ.സുരേഷ് മത്സരിക്കുന്ന ഞാവരൂര്‍ വാര്‍ഡില്‍ രണ്ട് റിബലുകളാണ് മത്സരരംഗത്ത്. അതില്‍ ഒരാള്‍ മുന്‍ എല്‍സി സെക്രട്ടറിയുടെ സഹോദരനും. സ്വന്തം വാര്‍ഡ് സംവരണവാര്‍ഡ് ആയതിനാല്‍ വാര്‍ഡ് മാറിയാണ് മത്സരിക്കുന്നത്. ഞാവരൂര്‍ വാര്‍ഡിലെ പാര്‍ട്ടി മെമ്പര്‍മാരില്‍ ഒരാളെയും പരിഗണിക്കാതെ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ ഒരുക്കമല്ല. ബിജെപി ശക്തികേന്ദ്രങ്ങളില്‍ ഇരു മുന്നണികളും സാമ്പാര്‍ മുന്നണിയായാണ് മത്സരിക്കുന്നത്. ബിജെപിയുടെ സീറ്റിംഗ് സീറ്റായ മീനാട് പടിഞ്ഞാറ് ഡിവൈഎഫ്‌ഐ നേതാവിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുന്നു. ഇവിടെ കോണ്‍ഗ്രസിന് മത്സരിക്കാന്‍ നേതാക്കള്‍ ഇല്ലാത്തത് മൂലം നാണക്കേട് ഒഴിവാക്കാന്‍ സീറ്റ് ആര്‍എസ്പിക്ക് കൈമാറിയതില്‍ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ പ്രതിഷേധത്തിലാണ്. ബിജെപിയുടെ മറ്റൊരു സീറ്റിംഗ് സീറ്റായ കോയിപ്പാട് മത്സരിക്കാന്‍ ആളില്ലാത്തത് മൂലം നാണക്കേട് ഒഴിവാക്കാന്‍ സിപിഎം നേതാവിന്റെ ബന്ധുവിനെ സ്ഥാനാര്‍ഥിയാക്കി തടിയൂരി. കല്ലുവെട്ടാന്‍കുഴി വാര്‍ഡില്‍ ജനറല്‍ സീറ്റില്‍ മുന്‍ വൈസ്പ്രസിഡന്റ് കൂടിയായ നിമ്മിയെ വീണ്ടും മത്സരിക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് തൊട്ടടുത്ത് കോട്ടവാതുക്കല്‍ വാര്‍ഡില്‍ സിപിഎമ്മുകാരി സ്വതന്ത്രയായി പത്രിക നല്‍കി. ഇതില്‍ പ്രതിഷേധിച്ച് സിപിഐ എല്‍.സി മെബര്‍ താഴം വാര്‍ഡില്‍ നിമ്മിക്ക് എതിരെ പത്രിക നല്‍കി. രണ്ടു വാര്‍ഡിലും സിപിഎം സിപി ഐ സ്ഥാനാര്‍ഥികള്‍ തമ്മില്‍ സൗഹൃദമത്സരം ഉണ്ടാവുമെന്ന കാര്യത്തില്‍ ഉറപ്പായി. സിപിഎം സ്ഥാനാര്‍ഥി മത്സരിക്കുന്ന താഴം വാര്‍ഡില്‍ സിപിഎമ്മിന് റിബല്‍ സ്ഥാനാര്‍ഥി ഉണ്ട്. സിപിഐക്കാരന്‍ മത്സരിക്കുന്ന ഏറം വാര്‍ഡില്‍ സിപിഎമ്മുകാരന്‍ റിബലായി പത്രിക നല്‍കി. പല വാര്‍ഡുകളിലും സിപിഎമ്മിനു വിമതഭീഷണി ഉയരുമ്പോള്‍ സിപിഐയില്‍ സ്ഥാനാര്‍ഥിനിര്‍ണയം പാര്‍ട്ടിനേതാക്കളുടെ കുടുംബകാര്യമാക്കിയതിന്റെ പ്രതിഷേധത്തിലാണ് പാര്‍ട്ടി അണികള്‍. സിപിഐയുടെ സീറ്റിംഗ് സീറ്റായ ഒന്നാം വാര്‍ഡില്‍ വനിതാ സംവരണം മാറി ജനറല്‍ ആയപ്പോള്‍ ഭാര്യയെ മാറ്റി ഭര്‍ത്താവ് എത്തി. ഏറം വാര്‍ഡില്‍ യാതൊരു പ്രവര്‍ത്തിപരിചയവും ഇല്ലാത്ത ബ്രാഞ്ച് സെക്രട്ടറിയുടെ മകനെ നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം ഇവിടെ റിബല്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി. സിപിഐയുടെ മറ്റൊരു വാര്‍ഡായ സിവില്‍സ്‌റ്റേഷന്‍ വാര്‍ഡില്‍ സിപിഎം നേതാവിന്റെ ഭാര്യയെ സിപിഐ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് റിബല്‍ സ്ഥാനാര്‍ഥി രംഗത്ത് എത്തി. സിപിഐയിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മത്സരിക്കുന്ന കാരംകോട് വാര്‍ഡിലും റിബല്‍ സ്ഥാനാര്‍ഥി രംഗത്തുണ്ട്. കോണ്‍ഗ്രസിന് പല സംവരണ വാര്‍ഡുകളിലും മത്സരിക്കാന്‍ സ്ഥാനാര്‍ഥികളുണ്ടായില്ല അവസാനനിമിഷം നെട്ടോട്ടമോടിയവര്‍ കിട്ടിയവരെ പിടിച്ചു സ്ഥാനാര്‍ഥികളാക്കുകയായിരുന്നു. നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ ആരും തന്നെ പ്രവര്‍ത്തിക്കാന്‍ ഒരുക്കവുമല്ല. കെട്ടിവയ്ക്കാന്‍ പോലും സ്വന്തം കീശയില്‍ നിന്നും കൊടുത്ത് നേതാക്കന്മാര്‍ പുലിവാല് പിടിക്കുന്നു. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ വയലിക്കട വാര്‍ഡില്‍ യുഡിഎഫിന് സ്ഥാനാര്‍ഥികള്‍ മൂന്ന് എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ ലീഗും പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ മൂന്നോളം വാര്‍ഡുകളില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ ആരെ പിന്‍വലിപ്പിക്കും എന്ന ധര്‍മ്മസങ്കടത്തിലാണ് യുഡിഎഫ് നേതൃത്വം.