മഹാനടന്റെ വിയോഗത്തിന് 29 വര്‍ഷം പൂര്‍ത്തിയാകുന്നു

Friday 16 October 2015 4:18 pm IST

കൊട്ടാരക്കര: ഭാവാഭിനയത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ തുറന്ന് ശക്തവും ചടുലവുമായ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജന്മം നല്‍കി കൊട്ടാരക്കരയുടെ പെരുമ ഭാരതത്തിന്റെ അതിര്‍ത്തികടന്നും വ്യാപിപിച്ച കൊട്ടാരക്കര ശ്രീധരന്‍നായര്‍ എന്ന മഹാനടന്‍ ഓര്‍മ്മയായിട്ട് 19ന് 29 വര്‍ഷം. 1922 സെപ്തംബര്‍ 11ന് ജനിച്ച് 1986 ഒക്‌ടോബര്‍ 19നാണ് ശ്രീധരന്‍നായര്‍ ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നത്. ചെമ്മീനിലെ ചെമ്പന്‍കുഞ്ഞും, അരനാഴികനേരത്തിലെ കുഞ്ഞോനച്ചനും വേലുത്തമ്പിയും കുഞ്ഞാലിമരക്കാരും പഴശിരാജയും എല്ലാം ഈ മഹാനടനിലൂടെ വീണ്ടും പുനര്‍ജനിക്കുകയായിരുന്നു. ഇവരൊക്കെയും കേവലം കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല ശ്രീധരന്‍നായര്‍ക്ക് എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്തിനേക്കാളുമേറെ കലയെ സ്‌നേഹിച്ച് പ്രസന്നയില്‍ തുടങ്ങി മിഴിനീര്‍പൂവുകളില്‍ വരെ വില്ലനായും നായകനായും പ്രേക്ഷകമനസ്സിനെ കീഴടക്കിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. 1970ല്‍ അരനാഴിക നേരത്തിലെ അഭിനയത്തിന് കേരളസര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡും 1969ല്‍ രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും കൊട്ടാരക്കരയെ തേടിയെത്തി. ചെമ്മീനിലെ അഭിനയത്തിന് രാഷ്ട്രപതിയുടേ സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കി. കാന്‍, ചിക്കാഗോ ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. അരനാഴികനേരത്തിന്റെ സെറ്റില്‍ നിന്നും വേഷമഴിക്കാതെ വീട്ടിലെത്തിയ ശ്രീധരന്‍നായരെ കണ്ട് മക്കള്‍ പോലും ഒരപ്പൂപ്പന്‍ വീട്ടിലെത്തി എന്ന് പറഞ്ഞത് വേഷത്തോടുള്ള അദ്ദേഹത്തിന്റെ സത്യസന്ധതക്ക് ദൃഷ്ടാന്തമാണ്. 160 ലധികം ചിത്രങ്ങളില്‍ കഥാപാത്രത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി സ്വന്തം അഭിനയ മികവ് അദ്ദേഹം തെളിയിച്ചു. മൈഡിയര്‍ കുട്ടിച്ചാത്തനിലെ മന്ത്രവാദിയെ കുട്ടികള്‍ ഇന്നും ഓര്‍ക്കുന്നത് അതുകൊണ്ടാണ്. ചരിത്ര കഥാപാത്രങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് സിനിമ സാങ്കേതികസംവിധാനങ്ങള്‍ ഏറെ വളര്‍ന്നിട്ട് പുറത്തിറങ്ങിയ പഴശിരാജയെക്കാള്‍ ശ്രീധരന്‍നായരുടെ പഴശിരാജ ആളുകള്‍ ഇന്നും ചര്‍ച്ച ചെയ്യുന്നത്.