600 കോടിയുടെ കള്ളപ്പണ ഇടപാട് പിടിച്ചു; വൻ റാക്കറ്റ് പൊളിച്ചു

Friday 16 October 2015 7:22 pm IST

ന്യൂദൽഹി: 600 കോടി രൂപയുടെ അവിഹിത സാമ്പത്തിക ഇടപാട് കണ്ടെത്തിയ എൻഫോഴ്‌സ്‌മെന്റ് അധികൃതർ മറ്റൊരു വമ്പൻ റാക്കറ്റ് പൊളിച്ചു. എട്ടു വർഷം കൊണ്ട് ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ ഘാസിയാബാദ് ബ്രാഞ്ച് വഴി 600 കോടി രൂപയുടെ അവിഹിത ഇടപാടുകൾ നടത്തിയതാണ് കണ്ടെത്തിയത്. ഈ ബാങ്കു വഴി ഹോങ്ങ്കോങ്ങിലേക്കാണ് പണം കടത്തിവന്നിരുന്നത്. ഇത്തരം ഇടപാടുകൾ നടത്തിവന്നിരുന്നെന്നു കരുതുന്ന എട്ടു ബാങ്കുകൾക്ക് എതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്ക്, ഐഎൻജി വൈശ്യാ ബാങ്ക്, ഐസിഐസി ബാങ്ക്, കോടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, യെസ് ബാങ്ക്, ഡിസിബി ബാങ്ക് എന്നിവയ്ക്ക് എതിരെയാണ് അന്വേഷണം. ഇറക്കുമതിയുടെ മറവിൽ പതിനൊന്ന് വ്യാജ സ്ഥാപനങ്ങളുടെ പേരിൽ 557 കോടിയുടെ വിദേശനാണയമാണ് ഹോങ്ങ്‌കോങ്ങിലേക്ക് കടത്തിയത്. ദക്ഷ് ഇംപക്സ്,പസഫിക് എക്‌സിം, അലാസ്‌ക്ക ട്രേഡിംഗ്, ആദിനാഥ് എക്‌സിം, ആപ്പിൾ കമ്പ്യൂട്ടേഴ്‌സ്, സായി ഇൻറർനാഷണൽ, ജെയ്ഭാരത് ഇംപക്‌സ് തുടങ്ങിയ വ്യാജസ്ഥാപനങ്ങളുടെ പേരിലാണ് പണം വിദേശത്തേക്ക് കടത്തിയത്. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടർ കർണൽ സിംഗ് പറഞ്ഞു. മനീഷ് ജെയ്ൻ, സഞ്ജയ് അഗർവാൾ എന്നിവരാണ് അറസ്റ്റിലായത്. മനീഷ് ജെയിനിന് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിൽ 66 അക്കൗണ്ടുകളാണ് ഉള്ളത്. ഇവ വഴി 505 കോടി രൂപയാണ് ജെയ്ൻ 2006 മുതൽ 2010 വരെ വിദേശത്തേക്ക് അയച്ചത്. ജെയ്ൻ നിയമവിരുദ്ധമായി പണം ഹോങ്ങ്‌കോങ്ങിലേക്ക് മാറ്റുകയായിരുന്നു. ഇയാൾക്ക് അവിടെ രണ്ടു സ്ഥാപനമുണ്ട്, താൻവീ എന്റർപ്രൈസസ്, പസഫിക് എകസിം. ഇവയിലേക്കാണ് ഇയാൾ ഫണ്ടുകൾ മാറ്റിയത്. അവിടെ എച്ച്എസ്ബിസി ബാങ്കിലാണ് ഇയാൾക്ക് അക്കൗണ്ടുള്ളത്. ഹോങ്ങ്‌കോങ്ങിൽ നിന്ന് പണം ചൈനയിലേക്ക് അയച്ചു. കഴിഞ്ഞാഴ്ചയാണ് ബാങ്ക് ഓഫ് ബറോഡ വഴി വിദേശത്തേ് അയച്ച 6000 കോടി രൂപയുടെ ഇടപാട് എൻഫോഴ്‌സ്‌മെന്റ് അധികൃതർ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിലായിരുന്നു. മോദി സർക്കാർ വന്നശേഷം ഇത്തരം നിരവധി കള്ളപ്പണ ഇടപാടുകളാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. എൻഫോഴ്‌സ്‌മെന്റ്, സിബിഐ എന്നിവയ്ക്ക് സ്വാതന്ത്രം നൽകിയതാണ് ഇതിനു മുഖ്യകാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.