ജില്ലയ്ക്ക് വികസനക്കുതിപ്പേകി നരേന്ദ്രമോദി ഭരണം

Friday 16 October 2015 8:23 pm IST

ആലപ്പുഴ: ജില്ലയില്‍ നിന്നും നാല് മന്ത്രിമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരില്‍ ഭരണം നടത്തിയിട്ടും ആലപ്പുഴയ്ക്ക് അന്യമായ വികസനങ്ങള്‍ ചുരുങ്ങിയ 16 മാസക്കാലയളവില്‍ ആലപ്പുഴയ്ക്ക് സമ്മാനിച്ച് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍. ഇതില്‍ ഏറ്റവും പ്രധാനം ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം തുടങ്ങിയെന്നതു തന്നെയാണ്. 35 വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ആലപ്പുഴ ബൈപാസ് സമയ ബന്ധിതമായി തീര്‍ക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചതു കൂടാതെ ഫണ്ടും കൃത്യമായി അനുവദിച്ചു. അമൃത് നഗരം പദ്ധതിയില്‍ കേരളത്തില്‍ ആലപ്പുഴ, കായംകുളം ഉള്‍പ്പെടെ 17 അമൃത നഗരങ്ങളെ ഉള്‍പ്പെടുത്തി. നഗരങ്ങളുടെ വികസനം മുഖ്യ ലക്ഷ്യമായ പദ്ധതി പ്രകാരം വര്‍ഷം തോറും കോടികളുടെ ധന സഹായം ലഭിക്കും. എല്ലാവര്‍ക്കും വീട് പദ്ധതിയില്‍ ആലപ്പുഴയേയും ഉള്‍പ്പെടുത്തി, ദരിദ്ര വിഭാഗങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മിക്കാന്‍ സഹായം ലഭ്യമാകും. ആലപ്പുഴ മെഡിക്കല്‍കോളേജിനു 150 കോടി രൂപയുടെ സഹായം അനുവദിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി 43 കിലോമീറ്റര്‍ റോഡ് (300 കോടി) അടക്കം കേരളത്തിലെ റോഡ് വികസനത്തിന് 34,000 കോടി രൂപ അനുവദിച്ചു. സന്‍സദ് ആദര്‍ശ് ഗ്രാമ പദ്ധതിയില്‍പ്പെടുത്തി ജില്ലയില്‍ ആര്യാട്, തൈക്കാട്ടുശ്ശേരി, കടക്കരപ്പള്ളി, തകഴി അടക്കം നാലു ഗ്രാമ പഞ്ചായത്തുകള്‍ മാതൃകാ ഗ്രാമമാക്കി വികസിപ്പിക്കാന്‍ ഏറ്റെടുത്തു. മെഗാ ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ രണ്ടെണ്ണം കേരളത്തിനാണ് . ഇതില്‍ ഒന്ന് ജില്ലയിലെ പള്ളിപ്പുറത്താണ് സ്ഥാപിക്കുക. ഇഎസ്‌ഐ പദ്ധതിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍, അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ തുടങ്ങി അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉള്‍പ്പെടുത്തി. ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന: ഗ്രാമീണ ജനതയ്ക്ക് മുഴുവന്‍ സമയവും വൈദ്യുതി എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്ന ഊര്‍ജ്ജപദ്ധതിയും ജില്ലയ്ക്ക് നേട്ടമുണ്ടാക്കും. മുദ്രാ ബാങ്ക് പദ്ധതിയില്‍ ചെറുകിട സംരഭകര്‍ കുറവുള്ള ആലപ്പുഴയടക്കം ചെറുകിട സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ സാമ്പത്തിക സഹായം ലഭ്യമാക്കും. 50000 മുതല്‍ 1000000 വരെ പ്രത്യേക ജാമ്യമില്ലാതെ വായ്പ (തുടങ്ങുന്ന പദ്ധതി ജാമ്യം)ലഭിക്കും. കടംകേറി മുടിഞ്ഞ കേരളത്തെ സഹായിക്കാന്‍ 10,000 കോടിയുടെ അധിക സഹായമാണ് കേന്ദ്രം അനുവദിച്ചത്. അടല്‍ പെന്‍ഷന്‍ യോജന പദ്ധതി പ്രകാരം അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ വിഹിതത്തോടെ പെന്‍ഷന്‍ ലഭ്യമാകും. 12 രൂപ പ്രീമിയം അടച്ചാല്‍ 2 ലക്ഷം രൂപയ്ക്കുള്ള അപകട ഇന്‍ഷുറന്‍സാണ് മറ്റൊരു ശ്രദ്ധേയ പദ്ധതി. ജന്‍ധന്‍ യോജന പദ്ധതിയില്‍ എല്ലാ കുടുംബത്തിനും ബാങ്ക് അക്കൗണ്ട്. 5000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമുണ്ട്. ഇത് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഏറെപ്രയോജനകരമാണ്. സുകന്യ സമൃദ്ധി പ്രകാരം പെണ്‍കുട്ടികളുടെ വിവാഹ പഠന സഹായത്തിനായി പ്രതിമാസം ആയിരം രൂപാവീതം. നിക്ഷേപിച്ചാല്‍ 21 വര്‍ഷം കഴിഞ്ഞ് 6.07 ലക്ഷം രൂപ മടക്കി ലഭിക്കും. സമാനതകളില്ലാത്ത പദ്ധതിയാണിത്. സ്വച്ഛതാ അഭിയാന്‍ പദ്ധതി എല്ലാ വീടുകളിലും സ്‌കൂളുകളിലും ടോയ്‌ലെറ്റുകള്‍ ഉറപ്പാക്കുന്നു. ജന്‍ ഔഷധി ജീവന്‍ രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നു. മാനവവിഭവ വിദ്യാഭ്യാസ വകുപ്പ് ആലപ്പുഴയടക്കം 12 ലക്ഷം സ്‌കൂളുകളിലെ 11 കോടി കുട്ടികള്‍ക്ക് ഭക്ഷണത്തോടൊപ്പം ബട്ടര്‍ മില്‍ക്ക് പദ്ധതി നടപ്പാക്കി. തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ചു 229 രൂപ ആക്കി. അവശ്യ സാധനങ്ങളുടെ വിലകുറയ്ക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചതിന്റെ ഫലം സാധാരണക്കാര്‍ക്ക് ലഭിച്ചു തുടങ്ങി. പ്രവാസിക്ക് ക്ഷേമനിധിയും പെന്‍ഷനും. 330 രൂപയ്ക്കു ഉള്ള ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം എങ്ങനെ മരിച്ചാലും 2 ലക്ഷം രൂപയ്ക്കുള്ള ലൈഫ് ഇന്‍ഷുറന്‍സ്. പഞ്ചായത്തുകള്‍ക്ക് കേന്ദ്ര ഫണ്ട് മൂന്നു ഇരട്ടിയാക്കി. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികളാണ് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിലെ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കുന്നത്.