ലൈറ്റ്ഹൗസുകള്‍ കടല്‍യാനങ്ങളുടെ നിരീക്ഷണ കേന്ദ്രങ്ങളാക്കണമെന്ന് ശുപാര്‍ശ

Friday 16 October 2015 8:32 pm IST

ആലപ്പുഴ: രാജ്യത്തെ ലൈറ്റ്ഹൗസുകള്‍ കടല്‍യാനങ്ങളുടെ നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് പാര്‍ലമെന്റിന്റെ ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം, സാംസ്‌കാരിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി വ്യക്തമാക്കി. മത്സ്യബന്ധനത്തിനിറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിവരം നല്‍കുന്നതിനും വള്ളങ്ങളും ബോട്ടുകളും അപകടത്തില്‍ പെടുമ്പോള്‍ ബന്ധപ്പെട്ട വകുപ്പധികൃതര്‍ക്ക് സന്ദേശം നല്‍കി മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കുന്നതിനും ലൈറ്റ് ഹൗസുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് സമിതി ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. കടലിലെ അനധികൃത യാനങ്ങളുടെ സാന്നിധ്യവും ഈ കേന്ദ്രങ്ങളിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കും. കേന്ദ്ര ലൈറ്റ് ഹൗസ് ഡയറക്ടറേറ്റ് ഇതിനാവശ്യമായ പ്രത്യേക ഉപകരണം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അതാത് സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാവുന്നതാണെന്നും വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴ ബീച്ചിലെ ലൈറ്റ്ഹൗസ് സന്ദര്‍ശിച്ച പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങള്‍ ലൈറ്റ്ഹൗസുമായി ബന്ധപ്പെടുത്തിയും ബീച്ചിന്റെയും വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് മനസ്സിലാക്കി. അതിനുശേഷം അവര്‍ ഹൗസ്‌ബോട്ടില്‍ കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച്, സമുദ്രനിരപ്പിന് താഴെയുള്ള കായല്‍ വിനോദസഞ്ചാര സാധ്യതകളും വിലയിരുത്തി. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അംഗങ്ങള്‍ പറഞ്ഞു. ലൈറ്റ് ഹൗസുകള്‍ ബന്ധപ്പെടുത്തിയിട്ടുള്ള സര്‍ക്യൂട്ട് ടൂറിസത്തിന് വന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഇത് വേണ്ടതുപോലെ ഉപയോഗപ്പെടുത്തുന്നില്ലെന്നും സംഘം വിലയിരുത്തി. ലൈറ്റ് ഹൗസുകള്‍ ബന്ധപ്പെടുത്തിയുള്ള സര്‍ക്ക്യൂട്ട് ടൂറിസം പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി രാജ്യത്തെ മുഴുവന്‍ ലൈറ്റ്ഹൗസുകളും സംഘം സന്ദര്‍ശിക്കുമെന്ന് വേണുഗോപാല്‍  അറിയിച്ചു. എംപിമാരായ ശത്രുഘ്‌നന്‍ സിന്‍ഹ, റിതാബത്ര ബാനര്‍ജി, രാംചിത്ര നിഷാദ്, അര്‍പ്പിത ഘോഷ്, രാഹുല്‍ കസ്വാന്‍ എന്നിവരാണ് കെ.സി. വേണുഗോപാലിനൊപ്പം സംഘത്തിലുണ്ടായിരുന്നത്.