ചീയമ്പം എഴുപത്തിമൂന്ന് കോളനിയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു

Friday 16 October 2015 8:37 pm IST

പുല്പള്ളി: ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലെ ആദിവാസി വീടുകളിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി. അധികൃതര്‍ പുനസ്ഥാപിച്ചു. വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ വി.കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്. വൈദ്യുതി ബില്ല് കുടിശികയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി കോളനിയിലെ 83 വീടുകളിലെ കണക്ഷന്‍ കെ.എസ്.ഇ.ബി അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ബി.ജെ.പിയുടെ നേതൃത്വത്തില്‍ കോളനിവാസികള്‍ കെ.എസ്.ഇ.ബി പുല്പള്ളി സെക്ഷന്‍ ഓഫീസ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഇലക്ട്രിക്കല്‍ സബ് ഡിവിഷനല്‍ എഞ്ചിനീയര്‍ രമേഷ് ബാബു, സെക്ഷന്‍ അസി. എഞ്ചിനീയര്‍ സുരേഷ് ബാബു, െ്രെടബല്‍ ഓഫീസര്‍ എ.ജി.ഉണ്ണി എന്നിവരുമായി ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. മുധുവിന്റെ നേതൃത്വത്തിലുള്ള നേതാക്കളും, ഊരുമൂപ്പന്‍ ബി.വി ബോളനും ചര്‍ച്ച നടത്തി. ഇതിന് ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പധികാരികളുമായി നടത്തിയ ചര്‍ച്ചയിലാണ് കോളനിയിലെ വീടുകളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നല്‍കുന്നതിന് തീരുമാനമായത്. കോളനിയില്‍ രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്നുവെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇവിടേക്ക് ഒരു മാസത്തേക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നല്‍കാന്‍ കെ.എസ്.ഇ.ബി അധികൃതരോടും, തുടര്‍ന്നും കോളനിവാസികള്‍ക്ക് വൈദ്യതി ലഭിക്കുന്നതിനായി ട്രൈബല്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.