സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു: 2010 മുതല്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 80,000 കേസുകള്‍

Friday 16 October 2015 8:49 pm IST

കെ.എം.മഹേഷ് കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്നു. കേരളാ പോലീസിന്റെ കണക്കുകളാണ് ഈ വിവരം വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ തടയാന്‍ നിലവിലെ നിയമവ്യവസ്ഥകള്‍ക്ക് കഴിയുന്നില്ല എന്നുവേണം കരുതാന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2010 മുതല്‍ ഈ വര്‍ഷം വരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എണ്‍പതിനായിരത്തോളം കേസുകളാണ്. സ്ത്രീകള്‍ക്കെതിരെ നടന്നത് 70913 അതിക്രമകേസ്സുകളും, കുട്ടികള്‍ക്കെതിരെ നടന്നത് 8585 അതിക്രമകേസുകളുമാണ്. ഈ വര്‍ഷം മാത്രം ജൂണ്‍ വരെ 7283 കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇതിലും കൂടുതലാണ്. 2010ല്‍ കുട്ടികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളുടെ മൊത്തം കണക്കു പരിശോധിച്ചാല്‍ 596 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2011ല്‍ ഇത് 1452 ആയി. 2012ല്‍ 1324ഉം 2013ല്‍ 1877ഉം 2014ല്‍ 2286ഉം 2015 ജൂണ്‍ വരെയുള്ള കണക്കുപ്രകാരം 1050ഉം കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 2010ല്‍ 208ഉം 2011ല്‍ 423ഉം, 2012ല്‍ 455ഉം 2013ല്‍ 637ഉം 2014ല്‍ 709ഉം, 2015 ജൂണ്‍ വരെ 322ഉം എണ്ണം കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമ കേസുകളാണ്. 2010ല്‍ 111ഉം, 2011ല്‍ 129ഉം, 2012ല്‍ 147ഉം, 2013ല്‍ 136ഉം, 2014ല്‍ 116ഉം, 2015 ജൂണ്‍ വരെ 69 തട്ടിക്കൊണ്ടുപോകല്‍ കേസുകളും യഥാക്രമം 6, 9, 10, 15, 10, 2 വാണിഭ കേസ്സുകളും റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വിവാഹം കഴിച്ചയച്ചതുസംബന്ധിച്ച ആറു കേസുകള്‍ 2010ല്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ 2015ല്‍ ജൂണ്‍ മാസം ആയപ്പോഴേക്കും ആറു കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ്സുകള്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കഴിഞ്ഞ ജൂണ്‍മാസം വരെ 6233 എണ്ണമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവൂം കൂടുതല്‍ കേസുകള്‍. 747 എണ്ണം. കുറവ് പത്തനംതിട്ടയിലും(184). ജൂണ്‍മാസം വരെ റജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമണ കേസ്സുകള്‍ 564 ആണ്. ലൈംഗികാതിക്രമ കേസുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജില്ല തിരുവനന്തപുരമാണ്(85). കുറവ് ആലപ്പുഴയില്‍(18). 2014ല്‍ 13880 സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ റജിസ്്റ്റര്‍ ചെയ്തു. ഇതില്‍ 1283 ലൈംഗികാതിക്രമ കേസുകളാണ്. 2013ല്‍ 13738 കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ 1221 ലൈംഗികാതിക്രമ കേസ്സുകളാണ്. 2012ല്‍ 13002 കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ 1019ഉം, 2011ല്‍ 13279 കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ 1132ഉം, 2010ല്‍ 10781 കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ 617 ഉം ലൈംഗികാതിക്രമ കേസ്സുകളാണ്. 2010ല്‍ 175ഉം, 2011ല്‍ 221ഉം, 2012ല്‍ 214ഉം, 2013ല്‍ 185ഉം, 2014ല്‍ 145ഉം, 2015ല്‍ ജുണ്‍ വരെ 76ഉം സ്ത്രീകള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ടെന്നാണ് കേരളാപോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.