ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കുറ്റവാളിയും അസ്‌ന കേസില്‍ ശിക്ഷിക്കപ്പെട്ട എ.അശോകന് സീറ്റു നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം

Friday 16 October 2015 8:53 pm IST

പാനൂര്‍: കുറ്റവാളി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക്. ചെറുവാഞ്ചേരി അസ്‌ന കേസില്‍ അഞ്ചുവര്‍ഷം ശിക്ഷിക്കപ്പെട്ട പുതുസഖാവ് എ.അശോകന് സീറ്റു നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം. കര്‍ഷകസംഘം ജില്ലാവൈസ് പ്രസിഡണ്ട് ഒകെ.വാസുവിനെ അപരനാക്കി നിറുത്തി അപമാനിച്ചതായും പരാതി. കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ മത്സരിപ്പിക്കുന്ന പാര്‍ട്ടി നിലപാടിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ തന്നെ പ്രമാദമായ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട എ.അശോകനെ കൂത്തുപറമ്പ് ബ്ലോക്കിലെ മാങ്ങാട്ടിടം ഡിവിഷനില്‍ നിന്നും മത്സരിപ്പിക്കാനും പ്രസിഡണ്ടാക്കാനുമാണ് സിപിഎം നീക്കം.ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുമെന്നും ശിക്ഷിക്കപ്പെട്ടവരെ ജനമധ്യത്തില്‍ ഉയര്‍ത്തി കാട്ടുന്നത് ശരിയായ നിലപാടെല്ലെന്നും ഒരു വിഭാഗം വാദിക്കുന്നു. കര്‍ഷകസംഘം നേതാവ് പാനോളി വത്സന്റെ നേതൃത്വത്തിലാണ് അശോകന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരസ്യമായി ഒരുവിഭാഗം രംഗത്തു വന്നത്. മത്സരിപ്പിക്കുന്നതിനു പുറമെ പ്രസിഡണ്ടു സ്ഥാനവും വാഗ്ദാനം ചെയ്തത് പഴയകാല നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഏരിയാകമ്മറ്റി അംഗത്തിന് നല്‍കാന്‍ തീരുമാനിച്ച പ്രസിഡണ്ടു പദവിയാണ് ബിജെപിയില്‍ നിന്നും അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ പാര്‍ട്ടി ചെവിക്കു പിടിച്ചു പുറത്താക്കി സിപിഎം പാളയത്തില്‍ ഈയിടെ ചേര്‍ന്ന എ.അശോകന് നല്‍കിയത്. ഇത് കൂത്തുപറമ്പ് ഏരിയാകമ്മറ്റിയിലെ ബ്രാഞ്ച്കമ്മറ്റി അംഗങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരിലും വിമര്‍ശന വിധേയമായിരിക്കുകയാണ്. മാങ്ങാട്ടിടം ഡിവിഷനിലെ സിറ്റിംഗ് സീറ്റ് നല്‍കിയതും പ്രതിഷേധത്തിന്റെ മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. 2000 ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയെന്നാവകാശപ്പെട്ട അശോകനൊപ്പം രണ്ടാളില്ലെന്ന വസ്തുതയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാസെക്രട്ടറി പി.ജയരാജന്‍ പാര്‍ട്ടിയിലെടുക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളുടെ ഭാഗമാണ് ഈ സ്ഥാനമാനങ്ങള്‍ എന്നാണ് സൂചന. ഇതിനിടെ അശോകനൊപ്പം പാര്‍ട്ടിയിലെത്തിയ ഒ.കെ.വാസുവിനെ അശോകന്റെ ഡമ്മിയാക്കി അപമാനിച്ചതും ശ്രദ്ധേയമാണ്. ജില്ലാ പഞ്ചായത്തിലേക്ക് സീറ്റുനല്‍കുമെന്നു പറഞ്ഞവര്‍ ഒ.കെ.വാസുവിനെ ഭംഗിയായി തഴഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദമെന്ന ആവശ്യത്തില്‍ ഒ.കെ.വാസു ഉറച്ചു നിന്നതാണ് സീറ്റ് നിഷേധിക്കാന്‍ കാരണമെന്ന് പാനൂര്‍ ഏരിയാ കമ്മറ്റി അംഗം ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ മാങ്ങാട്ടിടത്ത് ഡമ്മിസ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് അറിയില്ലെന്നും അത് ജില്ലാകമ്മറ്റി തീരുമാനിച്ചതാകാമെന്നും ഏരിയാകമ്മറ്റി അംഗം വെളിപ്പെടുത്തി. കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ പത്രിക തളളിയാല്‍ അവിടെ മത്സരിക്കാന്‍ മാങ്ങാട്ടിടത്തെ പ്രാദേശിക നേതാവ് രാജീവനും പത്രിക നല്‍കിയിരുന്നു. ഇതിനു പുറമെ ഒകെ.വാസുവിനെക്കൊണ്ട് നാമനിര്‍ദ്ദേശ പത്രിക കൊടുപ്പിച്ചത് അനൗചിത്യമായ നടപടിയായിപ്പോയെന്നാണ് വിമര്‍ശനം. ഇതില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും മാറി നില്‍ക്കാനാണ് ഒകെ.വാസുവിന്റെ തീരുമാനം. അതിനാല്‍ തന്നെ മാങ്ങാട്ടിടം സിപിഎമ്മില്‍ മറ്റൊരു പൊട്ടിത്തെറിക്കു വഴിമരുന്നിട്ടിരിക്കുകയാണ്. ഫസല്‍ കേസിലെ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും മത്സരിപ്പിച്ചതും കതിരൂര്‍ മനോജ് വധത്തിലെ പ്രതികളെ ആദ്യം മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനു ശേഷം ഒഴിവാക്കിയതും പാര്‍ട്ടിയില്‍ മുറുമുറുപ്പിന് കാരണമായിരുന്നു. ഇപ്പോള്‍ എ.അശോകന്റെ സ്ഥാനാര്‍ത്ഥിത്വവും ഡമ്മി വാസുവും പാര്‍ട്ടിയില്‍ വിവാദത്തിന് കാരണമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.