ആരും ഭേദിച്ചിട്ടില്ലാത്ത മുഴക്കുന്നിന്റെ ഇടത് കോട്ടയില്‍ കടുത്ത പോരാട്ടവുമായി ബിജെപി

Friday 16 October 2015 8:58 pm IST

ഇരിട്ടി: 1954ല്‍ മുഴക്കുന്ന് പഞ്ചായത്ത് രൂപീകരണ ശേഷം ജനാധിപത്യരീതില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കാലാകാലമായി ഇടതു പക്ഷത്തിനോടൊപ്പം നിന്ന ഗ്രാമ പഞ്ചായത്താണ് മുഴക്കുന്ന്. എന്നാല്‍ ഇതുവരെ ആര്‍ക്കും ഭേദിക്കാനാവാത്ത ഈ ഇടതു കോട്ടയില്‍ നേര്‍ക്കുനേര്‍ പോരാടുകയാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ഥികള്‍. 15വാര്‍ഡുകള്‍ ആണ് ഇന്ന് മുഴക്കുന്ന് ഗ്രാമ പഞ്ചായത്തില്‍ ഉള്ളത്. ചരിത്രത്തില്‍ ആദ്യമായി ഈ 15വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിക്കൊണ്ടാണ് ബിജെപി മത്സരം കടുപ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്നുമുതല്‍ എട്ട് വരെയുള്ള 6 വാര്‍ഡുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത് എന്നാണറിയുന്നത്. ഇതില്‍ എട്ടാം വാര്‍ഡായ വട്ടപ്പൊയിലില്‍ മത്സരിക്കുന്ന വി.മുരളീധരന്‍ ബിജെപിയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൂടിയാണ്. വികസന പ്രശ്‌നങ്ങളാണ് ബിജെപി തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉയര്‍ത്തുന്നത്. കാലാകാലമായി ഭരിച്ച ഇടതു പക്ഷം ജനങ്ങളില്‍ നിന്നും നികുതിപ്പണം പിരിക്കുന്നതല്ലാതെ നാടിന്റെ വികസനത്തിന് വേണ്ടിയും തങ്ങളെ ജയിപ്പിച്ചയക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയും ഒന്നും ചെയ്യുന്നില്ല എന്ന സത്യം മനസ്സിലാക്കി തുടങ്ങിയ ജനങ്ങള്‍ ബിജെപിയുടെ വാദങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ഇരിട്ടി പേരാവൂര്‍ റോഡ് ഈ പഞ്ചായത്തില്‍ കൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ഈ ഒരു റോഡ് അല്ലാതെ ഈ പഞ്ചായത്തിലെ മറ്റു റോഡുകളെല്ലാം ഗതാഗത യോഗ്യമല്ലാത്ത വിധം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. എടുത്തു പറയാന്‍ പറ്റുന്ന ഒരു പട്ടണം കാക്കയങ്ങാട് മാത്രമാണ്. മാലിന്യം അടിഞ്ഞുകൂടി വികൃതമായിരുന്ന കാക്കയങ്ങാടിനെ അടുത്ത കാലത്താണ് ഇവിടെ പ്രവര്‍ത്തിക്കുന്ന സംഘ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിവേകാനന്ദ സാംസ്‌കാരിക നിലയം പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ അല്‍പ്പമെങ്കിലും ശുചീകരിച്ചത്. കുടിവെള്ള പദ്ധതികളുടെ കാര്യത്തിലും മുഴക്കുന്നു പഞ്ചായത്ത് ഏറെ പുറകിലാണ്. എടുത്തു പറയാന്‍ പറ്റുന്ന ഒരു പദ്ധതിയും ഇവിടെ ഇന്ന് വരെ ഉണ്ടായിട്ടില്ല. വിവിധപദ്ധതികള്‍ പ്രഖ്യാപിക്കുകയും എന്നാല്‍ എന്തെങ്കിലും ചെയ്‌തെന്നു വരുത്തി പണം തട്ടുകയുമാണ് ഇവിടുത്തെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും അടങ്ങുന്ന ഉപജാപക സംഘങ്ങള്‍ ചെയ്യുന്നതെന്ന് പറക്കേ ജനങ്ങള്‍ക്കിടയില്‍ ആക്ഷേപമുണ്ട്. അതിന് പ്രത്യക്ഷ ഉദാഹരണമാണ് അങ്ങാടിച്ചാല്‍ കോളനിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. വെള്ളം കിട്ടാതെ വര്‍ഷങ്ങളായി കുഴങ്ങിയ പതിനഞ്ചോളം ആദിവാസി കുടുംബങ്ങള്‍ക്കായി 15ലക്ഷം രൂപ മുടക്കി പണിത കുടിവെള്ള പദ്ധതിയാണ് ഇപ്പോള്‍ വിവാദത്തിലായത്. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിനു തലേ ദിവസം ഇതിന്റെ ഉദ്ഘാടനം തീരുമാനിച്ചു നോട്ടീസ് ഇറക്കിയെങ്കിലും വെള്ളം കോളനിയില്‍ എത്താതായത്തോടെ ഉദ്ഘാടനം മാറ്റി വെക്കേണ്ടി വന്നു. ഉദ്ഘാടനത്തിന് മുന്നേ ഗുണനിലവാരം കുറഞ്ഞ പിവിസി പൈപ്പുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പൈപ്പ് ലൈനുകള്‍ പലയിടത്തും പൊട്ടി. ഇതിനായി സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്ത് കുഴിച്ച കിണറില്‍ ശുദ്ധജലത്തിന് പകരം ചെളി വെള്ളമാണ് ഉണ്ടായിരുന്നത്. ഇതിനെതിരേ അഴിമതി ആരോപണങ്ങളുമായി ബിജെപി രംഗത്ത് വന്നിരുന്നു. ഇത്തരം പ്രശ്‌നങ്ങളെല്ലാം ജനങ്ങള്‍ക്കിടയില്‍ വന്‍ ചര്‍ച്ചാവിഷയമാക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ വോട്ടു തേടുന്നത്. കാലാകാലമായി സിപിഎമ്മിനും ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്കും വോട്ടു ചെയ്ത ഇവിടുത്തെ ജനത മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയാണ് ഇവിടുത്തെ എല്ലാ വാര്‍ഡുകളിലും ബിജെപിക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനായത്. വൈദേശികാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തി വീരമൃത്യു വരിച്ച വീര കേരള വര്‍മ്മ പഴശ്ശി രാജാവിന്റെ ആരാധ്യ ദേവതയും ഏറെ ചരിത്ര സത്യങ്ങള്‍ക്കുംകോട്ടയം രാജ വംശത്തിന്റെ പേരില്‍ അറിയപ്പെടുന്ന കഥകളിയുടെ പദ വര്‍ണ്ണനയില്‍ ആദ്യ പ്രതിപാദ്യ ദേവതയായ ശ്രീപോര്‍ക്കലി മൃദംഗശൈലേശ്വരിയുടെയും പരിപാവനമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലാണ്. ലോക പ്രശസ്തമാകേണ്ട ഈ ക്ഷേത്രവും പഴശ്ശിയുമായി ബന്ധപ്പെട്ട ചരിത്ര പ്രാധാന്യം വിളിച്ചോതുന്ന പ്രകൃതി സുന്ദരമായ പുരളി മലയും, ഹരിസ്ചന്ദ്ര ക്കോട്ടയും ഈ പഞ്ചായത്തിന്റെ ഭാഗമാണ്. പക്ഷേ ചരിത്ര വസ്തുതകളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കാത്ത ഒരു വിഭാഗം എന്നും ഇവിടുത്തെ ഭരണം കയ്യാളിയതാണ് ഇവിടുത്തെ ഇത്തരം ദുര്‍ഗ്ഗതിക്ക് കാരണമായത് എന്ന് ഇവിടുത്തെ ജനത തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് ബിജെപിയുടെ വിജയകാരണമാവും എന്നാണു വിശ്വസിക്കുന്നത്. അതിന്റെ ലക്ഷണങ്ങളാണ് ഈ പഞ്ചായത്തില്‍ പരക്കേ കാണാനാവുന്നത്. മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥികള്‍ ഇവരാണ്. 1 ഉവ്വാപ്പള്ളി-കാവളാന്‍ സുരേന്ദ്രന്‍, 2 അയ്യപ്പന്‍ കാവ്-കെ.സി. സജിത്ത്, 3 വിളക്കോട്-കാഞ്ചന, 4 പുല്ലാഞ്ഞോട്-കെ..കെ. ഉമേശന്‍, 5 പാല-എം.വിനീത, 6 പെരുമ്പുന്ന-കെ.കെ.പ്രതീപന്‍, 7 കാക്കയങ്ങാട്-സീമ രാജഗോപാല്‍, 8 വട്ടപ്പോയില്‍-വി. മുരളീധരന്‍, 9 ഗ്രാമം-പ്രിയ, 10 മുടക്കോഴി-എന്‍.രജീഷ്, 11 കടുക്കാപ്പാലം-എന്‍.ജയന്‍, 12 മുഴക്കുന്ന്-ഷീജ, 13 നല്ലൂര്‍-രമ്യ, 14 പാറക്കണ്ടം-ഇ.ടി.രമ്യ, 15 കുന്നത്തൂര്‍-വി.കെ.സുജ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.