മുസ്ലീം ലീഗ് വര്‍ഗീയപ്പാര്‍ട്ടിയോ? ഉരുണ്ടുകളിച്ച് കോടിയേരി

Saturday 8 April 2017 11:26 pm IST

കൊച്ചി: വര്‍ഗീയതയെക്കുറിച്ച് വാതോരാതെ സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുസ്ലീം ലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണോയെന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി. രാജ്യം മുഴുവന്‍ ഹിന്ദുത്വ വര്‍ഗീയതയാണെന്ന് ആരോപിച്ച കോടിയേരി മുസ്ലീം ലീഗിനെ സംബന്ധിച്ച ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഉരുണ്ടുകളിച്ചു. ഇന്നലെ എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടി 'ജനസഭ'യില്‍ കോടിയേരിയുടെ മറുപടി ഇങ്ങനെ. ''ഹിന്ദുത്വ വര്‍ഗീയതയാണ് പ്രധാന പ്രശ്‌നം. എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും വലിയ ആപത്ത് സൃഷ്ടിക്കുന്നു. ഇതാണ് ചര്‍ച്ച ചേയ്യേണ്ടത്''. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ലീഗുമായി ഒരു ബന്ധവുമില്ലെന്ന് മറുപടി. ലീഗ് വര്‍ഗീയപ്പാര്‍ട്ടിയല്ലെന്ന് പിണറായി പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോള്‍ 'പിണറായി പറഞ്ഞത് പിണറായി പറഞ്ഞു'വെന്ന എങ്ങും തൊടാത്ത മറുപടിയാണ് കോടിയേരി നല്‍കിയത്. വീണ്ടും ചോദ്യമുയര്‍ന്നപ്പോള്‍ 'നിങ്ങള്‍ക്കിപ്പോള്‍ എന്താ വേണ്ടത്, ഞങ്ങള്‍ ലീഗിനെ കൂടെക്കൂട്ടണോ'യെന്ന് അസഹിഷ്ണുത പ്രകടിപ്പിച്ച് കോടിയേരി ഒഴിഞ്ഞുമാറി. ഒരു മണിക്കൂര്‍ സംസാരത്തിനിടയില്‍ ഭരണകക്ഷിയായ മുസ്ലീം ലീഗിനെതിരെ ഒരു പരാമര്‍ശം പോലും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.