നികത്തിയ നിലം പൂര്‍വ്വസ്ഥിതിയില്‍ ആക്കാന്‍ ഹൈക്കോടതി ഉത്തരവ്

Friday 16 October 2015 9:52 pm IST

തിരുവല്ല: അനധികൃതമായി നികത്തിയ നിലം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെഭാഗമായി ഉടമകള്‍ക്ക് നല്‍കാനുള്ള ജില്ലാകളക്ടറുടെ നോട്ടീസ് പെരിങ്ങര വില്ലേജ് ആഫീസര്‍ക്ക് ലഭിച്ചു. നിലം ഉടമകളായ പെരിങ്ങര വില്ലേജില്‍ ചാത്തങ്കേരി മണക്ക് കണ്ണശ്ശേരില്‍ ജോസഫ് ജെ മണക്ക്, നെടുമ്പ്രം വില്ലേജില്‍ അമിച്ചകരി മണക്ക് വീട്ടില്‍ ഏബ്രഹാം മണക്ക് എന്നിവര്‍ക്ക് വില്ലേജ് ആഫീസര്‍ കളക്ടറുടെ ഉത്തരവ് കൈമാറും. നോട്ടീസ് കൈപ്പ്റ്റി പതിനഞ്ച് ദിവസത്തിനകം നിലം പൂര്‍വ്വസ്ഥിതിയിലാക്കാനാണ് ഉത്തരവ്. പെരിങ്ങര ചാത്തങ്കേരി കണ്ണന്‍കരി പുത്തന്‍പറമ്പില്‍ അഡ്വ. പി.ജി. വര്‍ഗീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഉത്തരവുണ്ടായത്. പെരിങ്ങര വില്ലേജ് ആഫീസര്‍, കൃഷി ആഫീസര്‍, ആര്‍ഡിഒ എന്നിവര്‍ കേസ്സ് സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവായത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് ബ്ലോക്ക് നമ്പര്‍ 6-ല്‍ റീസര്‍വ്വേ 490/1ല്‍ ഉള്‍പ്പെട്ട 38.50 ആര്‍ നിലം പൂര്‍വ്വസ്ഥിതിയില്‍ ആക്കാനും നിലം കുഴിച്ച് നിര്‍മ്മിച്ച കുളം നികത്താനുമാണ് ഉത്തരവ്. സ്വന്തം ചിലവില്‍ ഉടമകള്‍ വിധി നടപ്പിലാക്കാത്ത പക്ഷം നിലം പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്നതിന് ചിലവാകുന്ന തുക റവന്യൂറിക്കവറി നിയമപ്രകാരം ജപ്തി നടപടികളിലൂടെ ഈടാക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2005 വരെ കൃഷിഭൂമിയായിരുന്ന നിലത്ത് മീന്‍കുളം നിര്‍മ്മിച്ചിരുന്നു. ഇതിന്റെ മറവില്‍ വന്‍തോതില്‍ മണലൂറ്റ് നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. വില്ലേജാഫീസര്‍ നല്‍കിയ നിരോധന ഉത്തരവ് മറികടന്ന് ഉടമ നിലം നികത്തല്‍ ശക്തമാക്കി. ഇത് ചൂണ്ടിക്കാട്ടി വില്ലേജ് ആഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാര്‍ച്ച് 12ന് അഡ്വ. പി.ജി. വര്‍ഗീസ് ഹൈക്കോടതിയില്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയെ തുടന്നാണ് വിധിയുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.