തെരഞ്ഞെടുപ്പിലും ഒത്തുതീര്‍പ്പ് രാഷ്ട്രീയം: ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി ചേരുന്നു

Friday 16 October 2015 9:50 pm IST

കാഞ്ഞങ്ങാട്:'ജില്ലയില്‍ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ പല പഞ്ചായത്തുകളിലും യുഡിഎഫില്‍ നിന്ന് ലീഗും കേരള കോണ്‍ഗ്രസും ബന്ധം ഉപേക്ഷിച്ച് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ചിത്രം വ്യക്തമാക്കി. തെരഞ്ഞെടുപ്പിലും ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിച്ച് സിപിഎമ്മിന് ജയമുണ്ടാക്കി ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നില്‍. പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയും പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായ കെ.കെ.വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ സിപിഎം-കോണ്‍ഗ്രസ് രഹസ്യധാരണ. ഓട്ടമല നാലാം വാര്‍ഡില്‍ സിപിഎം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പി.ജി.മോഹനനാണ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഉദ്ദേശിച്ചിരുന്നില്ല. സിപിഎമ്മിനോടുള്ള എതിര്‍പ്പ്മൂലം വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് പോകുമെന്ന ഭയത്താല്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സ്വതന്ത്രനായി മത്സരിപ്പിച്ച് തോല്‍പ്പിക്കാനാണ് രഹസ്യധാരണ. ചില സ്ഥലങ്ങളില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് റിബലായി നിന്നും വോട്ട് വിഭജനം നടത്തുന്നു. മലയോരത്ത് ലീഗ് മുന്നണി ബന്ധം വിട്ട് തനിച്ച് മത്സരിക്കുന്നു. ബിജെപിക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസ് സിപിഎമ്മുമായി ചേര്‍ന്ന് രഹസ്യധാരണയുണ്ട്.
 കാഞ്ഞങ്ങാട് നഗരസഭയിലെ പതനാലാം വാര്‍ഡില്‍ കോണ്‍ഗ്രസില ടി.വി.ശൈലജയ്ക്ക് റിബലായി കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി മത്സരിക്കുന്നു. കോണ്‍ഗ്രസിലെ തന്നെ വി.ഗോപി വിമതനായി വാര്‍ഡ് 19 ല്‍ പത്രിക നല്‍കിയിട്ടുണ്ട്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്നു ടി.കുഞ്ഞികൃഷ്ണനും കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ പത്രിക നല്‍കിയിട്ടുണ്ട്. ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് യുഡിഎഫില്‍ നിന്ന് മാറി സ്വതന്ത്രരായി മത്സരിക്കാനാണ് മലയോര പഞ്ചായത്തുകളിലെ ലീഗ് നേതൃത്വത്തിന്റെ തീരുമാനം. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ബളാല്‍ ഡിവിഷനില്‍ ലീഗ് നേതാവ് എ.സി.എ. ലത്തീഫ് മത്സരിക്കും. കോടോം ബേളൂര്‍, കള്ളാര്‍ പഞ്ചായത്തുകളില്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫുമായി ചേര്‍ന്ന് മത്സരിക്കാനുള്ള കേരള കോണ്‍ഗ്രസ് തീരുമാനം പഞ്ചായത്ത് ഭരണം നഷ്ടപ്പെടാനിടയാക്കും. കാഞ്ഞങ്ങാട് നഗരസഭയില്‍ യുഡിഎഫിലെ സീറ്റ് വിഭജനത്തില്‍ ലീഗില്‍ അമര്‍ഷമുണ്ട്. ഭിന്നാഭിപ്രായമുള്ള നേതാക്കള്‍ മുന്നണിയുടെ പത്രികാ സമര്‍പ്പണം പോലും നടത്തിയത് വ്യത്യസ്ത ദിവസങ്ങളില്‍. കോണ്‍ഗ്രസിലും ലീഗിലുമായ പത്ത് വാര്‍ഡുകളില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. ഇതില്‍ ആറ് വാര്‍ഡിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെയാണ് വിമതന്മാര്‍ മത്സരിക്കുന്നത്. പള്ളിക്കര പഞ്ചായത്തിലെ കഴിഞ്ഞ ഭരണത്തിലെ വികസനമില്ലായ്മ ലീഗീല്‍ തന്നെ അസ്വാരസ്യങ്ങളും ഭിന്നതയും ഉണ്ടാക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പാദൂര്‍ കുഞ്ഞാമുവിനെതിരെ യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കടാങ്കോട് മത്സരിക്കും. മുസ്ലിം ലീഗ് മത്സരിക്കുന്ന കാസര്‍കോട് ബ്ലോക്കിലെ ബെണ്ടിച്ചാല്‍ ഡിവിഷനില്‍ യൂത്ത് ലീഗ് നേതാവ് ടി.ഡി കബീറിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലിം ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. കിനാനൂര്‍ കരിന്തളത്ത് യുഡിഎഫില്‍ നിന്ന് വിട്ട് കേരള കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുന്നു. ആവശ്യപ്പെട്ട് 9,10 വാര്‍ഡുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തനിച്ച് മത്സരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. പതിനാലാം വാര്‍ഡായ പുലിയന്നൂര്‍ കേരള കോണ്‍ഗ്രസിന് അനുവദിച്ചിരുന്നെങ്കിലും മാണി വിഭാഗം അതിന് തയ്യാറായില്ല. യുഡിഎഫ് മുന്നണിയിലെ സീറ്റ് തര്‍ക്കം പലസ്ഥലത്തും കോണ്‍ഗ്രസിന്റെ പരാജയത്തിനിടയാക്കുമെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.