പോലീസ് സ്റ്റേഷനില്‍ യുവാവിന് കാമുകിയുടെ മര്‍ദനം

Friday 16 October 2015 10:03 pm IST

തൊടുപുഴ: കുടുംബപ്രശ്‌നം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി കാമുകനെ മര്‍ദിച്ചു.് സ്‌റ്റേഷനിലെത്തിയതോടെ പഴയ സ്‌നേഹം മറന്ന കാമുകനെയാണ് പോലീസുകാരുടെ മുന്നിലിട്ട് കാമുകി മര്‍ദിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമാണ് കാമുകി. ഇന്നലെ രാവിലെ തൊടുപുഴ സ്‌റ്റേഷനിലാണ് സംഭവം. ഇവരുടെ വീട്ടിലെ സന്ദര്‍ശകനായിരുന്ന കാമുകനെ കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ ഭാര്യയും മാതാവും ചേര്‍ന്ന് കൈയ്യോടെ പിടികൂടി വീട്ടിലെത്തിച്ചു. എന്നാല്‍ തന്റെ ഇളയ കുട്ടിയുടെ പിതാവാണ് ഇയാളെന്നും അതിനാല്‍ ഇയാളെ തനിക്ക് വിട്ടുകിട്ടണമെന്നുമാശ്യപ്പെട്ട് കാമുകി സ്‌റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ് ചര്‍ച്ച നടത്തുന്നതിനിടെ തനിക്ക് ഭാര്യയോടൊപ്പം ജീവിച്ചാല്‍ മതിയെന്ന് യുവാവ് വ്യക്തമാക്കി. ഇതില്‍ പ്രകോപിതയായ കാമുകി ഇയാളെ പോലീസുകാരുടെ മുന്നിലിട്ട് മര്‍ദിക്കുകയാരുന്നത്രേ. ഏറെ പണിപ്പെട്ടാണ് വനിതാപോലീസ് ഉള്‍പ്പെടെയുള്ളവര്‍ ഇവരെ പിടിച്ചുമാറ്റി പ്രശ്‌നം പരിഹരിച്ചത്. ഒടുവില്‍ കാര്യങ്ങള്‍ ഒരുവിധം പറഞ്ഞ് ബോധ്യപ്പെടുത്തി പോലീസ് ഇവരെ വീട്ടയച്ചു.