അഞ്ചു വര്‍ഷം മുന്‍പു കാണാതായ യുവാവിന്റെ മൃതദേഹം കക്കൂസ് ടാങ്കില്‍

Friday 16 October 2015 10:19 pm IST

തൃശൂര്‍: അഞ്ചുവര്‍ഷം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍  കിഴക്കേ കോട്ടയില്‍ വര്‍ക് ഷോപ്പ് കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കില്‍നിന്നും ക്രൈംബ്രാഞ്ച് പോലീസ് കണ്ടെടുത്തു. ഒല്ലൂക്കര സ്വദേശി കൊച്ചുവീട്ടില്‍ സജി ജോബി(44)ന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. ഇതോടൊപ്പം കണ്ടെത്തിയ കൊന്ത സജി ധരിച്ചിരുന്നതാണെന്ന് സഹോദരി ഡെയ്‌സി വര്‍ഗ്ഗീസ് തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന് കരുതുന്നു.വര്‍ക്ക് ഷോപ്പ് ഉടമയും സജിയുടെ സുഹൃത്തുമായ ദിലീപിനെയാണ് പ്രതിയെന്ന് സംശയിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ദിലീപ് ദുബായിലാണ്. പണം പലിശക്ക് കൊടുക്കലും സ്വര്‍ണ്ണ ബിസിനസ്സുമാണ് സജി നടത്തിയിരുന്നത്. വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്ന ദിലീപിന് സജി പണം കടംകൊടുത്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നുമാണ് പോലീസ് സംശയിക്കുന്നത്. 2010 സെപ്തംബര്‍ 29ന് സജിയെ കാണാതായി. സംഭവദിവസം ദിലീപ് വീട്ടിലെത്തി സജിയെ വിളിച്ചുകൊണ്ടുപോയെന്നാണ് വീട്ടുകാര്‍ക്കുള്ള വിവരം. സജിയെ കാണാതായ പരാതിയില്‍ മണ്ണുത്തി പോലീസ് അന്വേഷിച്ച കേസ് പോലീസ് തെളിവില്ലാതെ അവസാനിപ്പിച്ചതായിരുന്നു. ഭാര്യ പുഷ്പയുടെ പരാതിയനുസരിച്ച് സര്‍ക്കാര്‍ 2013ല്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു. തൃശൂര്‍ ക്രൈംബ്രാഞ്ചിലെ സി.ഐ വി.കെ.രാജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സജിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ച ക്രൈംബ്രാഞ്ച് സംഭവദിവസം 5.30ന് കിഴക്കേകോട്ടയിലായിരുന്നു അവസാന ലോക്കേഷന്‍ കണ്ടെത്തിയത്. 5.30ന് കിഴക്കേ കോട്ടയില്‍ അഞ്ചങ്ങാടി റോഡിലെ ദിലീപിന്റെ വര്‍ക് ഷോപ്പില്‍ കേന്ദ്രീകരിക്കാന്‍ കാരണം ഇതായിരുന്നു. ദിലീപിനെ ചോദ്യം ചെയ്തതില്‍ താന്‍ 5.30ന് വര്‍ക്ക്‌ഷോപ്പില്‍വെച്ച് സജിയുമായി സംസാരിച്ച് പിരിഞ്ഞതായാണ് മണ്ണുത്തി പോലീസിന് മൊഴി നല്‍കിയിരുന്നത്. അന്ന് ഞായറാഴ്ചയായതിനാല്‍  വര്‍ക്ക്‌ഷോപ്പ് മുടക്കമായിരുന്നു.മൊബൈല്‍ ഫോണിന്റെ അവസാനലൊക്കേഷന്‍ വര്‍ക്ക് ഷോപ്പ് ആയതിനാല്‍ സ്ഥലം കേന്ദ്രീകരിച്ച് വിശദ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങുകയായിരുന്നു. ചാലിശ്ശേരി പരേതനായ ദേവസ്സിയുടേതാണ് വര്‍ക്ക് ഷോപ്പ് ഇരിക്കുന്ന സ്ഥലം. ദിലീപ് ഒഴിഞ്ഞശേഷം മറ്റൊരാളാണ് വര്‍ക്‌ഷോപ്പ് ഏറ്റെടുത്തു നടത്തുന്നത്. വര്‍ക്ക് ഷോപ്പ് പറമ്പാകെ ജെസിബി ഉപയോഗിച്ച് ഇളക്കിമറിച്ച് പരിശോധിക്കാനായിരുന്നു ക്രൈംബ്രാഞ്ച് തീരുമാനം. രണ്ടാഴ്ചയായി സ്ഥലം കേന്ദ്രീകരിച്ചുള്ള ഒരുക്കത്തിലായിരുന്നു പോലീസ്. പറമ്പിലെ കാടാകെ കഴിഞ്ഞ ദിവസം വെട്ടിവെളിപ്പിച്ചിരുന്നു. ഇതിനിടയില്‍ സെപ്റ്റിക് ടാങ്ക് പരിശോധിക്കാന്‍ രഹസ്യവിവരം ലഭിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തൃശൂര്‍ തഹസില്‍ദാര്‍ ശ്രീനിവാസന്‍, മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദര്‍, പോലീസ് സൈന്റിഫിക് വിഭാഗം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളക്കി പരിശോധന നടത്തിയത്.വലിയൊരു സംഘം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ഏതാനും തൊഴിലാളികള്‍ ചേര്‍ന്ന് കുറെ മാലിന്യം പുറത്തെടുത്തിട്ടപ്പോഴാണ് എല്ലിന്‍കഷ്ണങ്ങള്‍ കണ്ടെത്തിയത്. തലയോട്ടിയും ശരീരത്തിലെ എല്ലാ പ്രധാന എല്ലുകളും കണ്ടെത്തി. രണ്ട് ചാക്കുകളും കണ്ടെത്തി. ചാക്കില്‍ കെട്ടിയാകും മൃതദേഹം ടാങ്കിലിട്ടതെന്നാണ് സംശയം. കൊന്തക്ക് പുറമെ സജിയുടെതെന്ന് സംശയിക്കുന്ന ഷര്‍ട്ടും കിട്ടിയിട്ടുണ്ട്. അസ്ഥികൂടം സജിയുടേതെന്ന് ബോധ്യമായിട്ടുണ്ടെങ്കിലും ശാസ്ത്രീയപരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് പോലീസ് പറഞ്ഞു. ഡി.എന്‍.എ പരിശോധനയും തലയോട്ടിയുടെ സൂപ്പര്‍ ഇമ്പോസിഷനും നടത്തുന്നതാണ്. മെഡിക്കല്‍  കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ബല്‍റാം, ഡോ.രോഹിത്, ഡോ.ഡിമി രാജ് എന്നിവരും തഹസില്‍ദാരുടെ സാന്നിദ്ധ്യത്തില്‍ സ്ഥലത്ത്തന്നെ പോസ്റ്റ്‌മോര്‍ട്ടനടപടികള്‍ സ്വീകരിച്ചു. നാലുവര്‍ഷമായി ദുബായിലുള്ള ദിലീപിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള നിയമനടപടികള്‍ ആരംഭിക്കുമെന്നും ക്രൈംബ്രാഞ്ച് പോലീസ് പറഞ്ഞു.ക്രൈംബ്രാഞ്ച് എസ്.പി പി.കെ.മധു, ഡി.വൈ.എസ്.പി സജീവന്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.